പെട്രോള്‍ വില എട്ടു രൂപയോളം കൂട്ടണമെന്ന് കമ്പനികള്‍
- Last Updated on 14 April 2012
ന്യൂഡല്‍ഹി: പെട്രോള്‍ വില കൂട്ടാന്‍കേന്ദ്രസര്‍ക്കാറില്‍ പൊതുമേഖല എണ്ണക്കമ്പനികള്‍ വീണ്ടും സമ്മര്‍ദം ചെലുത്തുന്നു. ഓരോ ദിവസവും 50 കോടി രൂപയോളം നഷ്ടം സഹിച്ചാണ് പെട്രോള്‍ വില്‍ക്കുന്നതെന്നാ ണ് കമ്പനികള്‍ ഇതിന് പറയുന്ന ന്യായം. ലിറ്ററിന് എട്ടു രൂപയോളം വില കൂട്ടാനാണ് കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഓയില്‍ കോര്‍റേഷന്‍ (ഐ.ഒ.സി) ആവശ്യപ്പെടുന്നത്. ഏപ്രില്‍ ആദ്യവാരം പെട്രോള്‍ വില
കൂട്ടുമെന്ന് കഴിഞ്ഞ മാസം ഐ.ഒ.സി. ചെയര്‍മാന്‍ ആര്‍.എസ്. ഭൂട്ടോല പറഞ്ഞിരുന്നു. പെട്രോളിന് 6.43 രൂപയെങ്കിലും വര്‍ധിപ്പിച്ചാലേ പിടിച്ചു നില്‍ക്കാന്‍ കഴിയൂ എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്.
കഴിഞ്ഞ ഡിസംബറിലാണ് പെട്രോള്‍വില കൂട്ടിയത്. പിന്നീടും അന്തരാഷ്ട്രവിപണിയില്‍ അസംസ്‌കൃത എണ്ണവിലയുടെ ചാഞ്ചാട്ടത്തിന് അനുസരിച്ച് എണ്ണ വിലകൂട്ടാന്‍ കമ്പനികള്‍ ശ്രമിച്ചിരുന്നെങ്കിലും സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വിസമ്മതിക്കുകയായിരുന്നു.
എണ്ണവിലയുടെ നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും നിര്‍ണായക സാഹചര്യങ്ങളില്‍ സര്‍ക്കാറിന്റെ അനുവാദമില്ലാതെ എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിക്കാറില്ല. നിയന്ത്രണം പിന്‍വലിച്ചശേഷം സര്‍ക്കാറിന്റെ മൗന സമ്മതത്തോടെ രണ്ട് വര്‍ഷത്തിനുള്ളില്‍ 50 ശതമാനത്തോളം എണ്ണവില കൂട്ടി. ഈ മാര്‍ച്ചില്‍ വീണ്ടും വില കൂട്ടണമെന്ന് കമ്പനികള്‍ സമ്മര്‍ദം ചെലുത്തുകയാണ്. എട്ടു രൂപയോളം നഷ്ടമുണ്ട് എന്ന് പറയുന്നുണ്ടെങ്കിലും മൂന്ന് രൂപ മുതല്‍ അഞ്ചുരൂപ വരെ പെട്രോള്‍ വില വര്‍ധിപ്പിച്ചാല്‍ കമ്പനികള്‍ക്ക് തത്കാലം സമാധാനമാകും.
ബജറ്റ് സമ്മേളനം അവസാനിക്കാത്തതാണ് സര്‍ക്കാറിന്റെ പ്രതിസന്ധി. പാര്‍ലമെന്‍റില്‍ ധനകാര്യ ബില്ല് പാസാകുന്നതിന് വ്യാപകമായ പിന്തുണ ആവശ്യമാണ്. യു.പി.എ ഘടകകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് പെട്രോള്‍ വില വര്‍ധനയ്‌ക്കെതിരെ ശക്തമായ താക്കീത് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ്സുമായി പല പ്രശ്‌നത്തിലും ഇടഞ്ഞു നില്‍ക്കുന്ന തൃണമൂല്‍ പെട്രോള്‍ വില വര്‍ധനയ്‌ക്കെതിരെ നിലപാടെടുത്ത് മമതബാനര്‍ജിയുടെ പ്രതിച്ഛായ കൂട്ടാന്‍ ശ്രമിക്കും. സര്‍ക്കാറിനെ പിന്തുണയ്ക്കുന്ന എസ്.പി, ബി.എസ്.പി കക്ഷികളും വിലവര്‍ധനയെ എതിര്‍ക്കും. തൃണമൂല്‍ പിന്തുണച്ചാല്‍ പോലും ഈ രണ്ടു കക്ഷികളുടെ പിന്തുണയില്ലാതെ രാജ്യസഭയില്‍ സര്‍ക്കാറിന് ബില്ല് പാസാക്കാനാവില്ല.
നിര്‍ണായകമായ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് ഞായറാഴ്ചയാണ്. വിലക്കയറ്റമടക്കമുള്ള പ്രശ്‌നങ്ങളാണ് നിലവില്‍ ഭരണകക്ഷിയായ ബി.ജെ.പി. ഭരണം തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ്സിനെതിരെ ഉന്നയിക്കുന്നത്. അതുകൊണ്ട് വില വര്‍ധനയ്ക്ക് കേന്ദ്രം തത്കാലം മടിക്കുകയാണ്. എന്നാല്‍ ഈ ബജറ്റ് സമ്മേളനം അവസാനിക്കുന്ന മുറയ്ക്ക് പെട്രോള്‍ വില വര്‍ധന ഉറപ്പാണെന്നതാണ് ഇപ്പോഴുള്ള സൂചന.