അനര്‍ഹര്‍ക്ക് മണ്ണെണ്ണ നല്‍കില്ല; മന്ത്രി കേന്ദ്രത്തിന് കത്തെഴുതി
- Last Updated on 14 April 2012
- Hits: 10
തിരുവനന്തപുരം: റേഷന്‍ കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണം പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി അനൂപ് ജേക്കബ് കേന്ദ്രത്തിന് കത്തെഴുതി. അതേസമയം, അനര്‍ഹര്‍ക്ക് അധികം മണ്ണെണ്ണ നല്‍കുന്നത് നിര്‍ത്താന്‍ നടപടി തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. മണ്ണെണ്ണ വിതരണം നിലച്ചതില്‍ പ്രതിഷേധിച്ച് റേഷന്‍ ഡീലര്‍മാര്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
കേന്ദ്രവിഹിതം വെട്ടിക്കുറച്ചതിനെത്തുടര്‍ന്ന് കേരളത്തില്‍ ഗ്യാസ് കണക്ഷനുള്ള കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ നല്‍കുന്നില്ലെന്ന് കഴിഞ്ഞദിവസം 'മാതൃഭൂമി' റിപ്പോര്‍ട്ട് ചെയ്തിരുന്നു. വൈദ്യുതി കണക്ഷനുള്ള കാര്‍ഡുടമകളുടെ മണ്ണെണ്ണ വിഹിതം രണ്ട് ലിറ്ററില്‍ നിന്ന് ഒരു ലിറ്ററായി കുറച്ചിട്ടുണ്ട്.
ഇതിനു പുറമെയാണ്, ഗ്യാസ് കണക്ഷനുള്ളവര്‍ക്ക് മണ്ണെണ്ണ നല്‍കേണ്ടതില്ലെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഉത്തരവിറക്കിയത്. കേരളത്തില്‍ രൂക്ഷമായ പാചകവാതകക്ഷാമം നേരിടുമ്പോഴാണിത്. പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് മന്ത്രി അനൂപ് ജേക്കബ് കേന്ദ്രത്തിന് കത്തെഴുതിയത്. ''സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് അടിയന്തരമായി മണ്ണെണ്ണ വിതരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രിയ്ക്ക് കത്തെഴുതിയിട്ടുണ്ട്''-അനൂപ് ജേക്കബ് പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് അനര്‍ഹരായ നിരവധിപേര്‍ക്ക് അധികം മണ്ണെണ്ണ ലഭിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ''വൈദ്യുതി കണക്ഷനില്ലാത്ത കാര്‍ഡുകാര്‍ക്ക് കണക്ഷന്‍ കിട്ടിയാലും പഴയ നിലയില്‍ അഞ്ചുലിറ്റര്‍ മണ്ണെണ്ണ വിതരണം ചെയ്യുകയാണ്. ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇക്കാര്യം പുനഃപരിശോധിക്കും. ഇവരുടെ മണ്ണെണ്ണ കുറവുചെയ്ത് അര്‍ഹര്‍ക്ക് നല്‍കും''-അനൂപ് പറഞ്ഞു.
പത്തുമാസത്തിനിടെ രണ്ടാംതവണയാണ് കേരളത്തിന്റെ മണ്ണെണ്ണ വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കുന്നത്. 15960 കിലോ ലിറ്ററില്‍ നിന്ന് 10016 കിലോലിറ്ററായാണ് ഇപ്പോള്‍ കുറവ് വരുത്തിയിട്ടുള്ളത്. 2007-ല്‍ റേഷന്‍ കാര്‍ഡുകളുടെ എണ്ണം 67 ലക്ഷമായിരുന്നപ്പോള്‍ കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് 23146 കിലോലിറ്റര്‍ മണ്ണെണ്ണ കിട്ടിയിരുന്നു. നിലവില്‍ 32 ശതമാനമാണ് കേന്ദ്രത്തില്‍ നിന്ന് കുറവ് വരുത്തിയിട്ടുള്ളത്.
കേന്ദ്രവിഹിതം വെട്ടിക്കുറച്ച് റേഷന്‍ നിര്‍ത്തലാക്കിയതില്‍ പ്രതിഷേധിച്ച് ആള്‍ ഇന്ത്യാ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഏപ്രില്‍ 30 ന് റേഷന്‍ കടകള്‍ അടച്ചിടുമെന്ന് ദേശീയ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ അറിയിച്ചു. ഏപ്രില്‍ 16 ന് കടകള്‍ അടച്ചിടുമെന്ന് കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീകാര്യം നടേശന്‍ അറിയിച്ചു.