11May2012

You are here: Home Business രൂപയ്ക്ക് കനത്ത മൂല്യത്തകര്‍ച്ച; നാലുമാസത്തെ താഴ്ന്ന നിലയില്‍

രൂപയ്ക്ക് കനത്ത മൂല്യത്തകര്‍ച്ച; നാലുമാസത്തെ താഴ്ന്ന നിലയില്‍

മുംബൈ: വിലയിടിവ് തുടരുന്ന രൂപയുടെ മൂല്യം ബുധനാഴ്ച നാലുമാസത്തെ താഴ്ന്ന തലത്തിലെത്തി. ബുധനാഴ്ച രാവിലെ കനത്ത മൂല്യത്തകര്‍ച്ച നേരിട്ട രൂപ ഡോളറുമായുള്ള വിനിമയത്തില്‍ 53 രൂപയിലും താഴേക്ക് കൂപ്പുകുത്തി. എന്നാല്‍ പെട്ടെന്ന് തന്നെ 53-ന് മുകളിലേക്ക് മൂല്യം ഉയര്‍ന്നു. റിസര്‍വ് ബാങ്കിന്റെ അടിയന്തര ഇടപെടലായിരുന്നു രൂപയുടെ വില പിടിച്ചുനിര്‍ത്തിയതെന്നാണ്

കരുതുന്നത്.

ഡോളറുമായി 53 നിലവാരത്തില്‍ രൂപയുടെ മൂല്യത്തിന് കാര്യമായ സപ്പോര്‍ട്ട് കാണുന്നുണ്ടെങ്കിലും വീണ്ടും തകര്‍ച്ചയുണ്ടാകുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഒരു ഡോളറിന് 55 രൂപ എന്ന നിരക്കിലേക്ക് വിലയിടിഞ്ഞേക്കുമെന്നാണ് വ്യാപാരികള്‍ കരുതുന്നത്. 2011 ഡിസംബര്‍ 14ന് രേഖപ്പെടുത്തിയ ഒരു ഡോളറിന് 53.75 രൂപ എന്നുള്ളതാണ് രൂപയുടെ എക്കാലത്തേയും ഏറ്റവും കുറഞ്ഞ മൂല്യം. 

ബുധനാഴ്ച രാവിലെ ഡോളറുമായുള്ള രൂപയുടെ മൂല്യം 53.02 നിരക്കിലേക്കാണ് ഇടിഞ്ഞത്. ജനവരി നാലിനുശേഷം ഇതാദ്യമായാണ് ഈ നിലയിലേക്ക് രൂപ വീഴുന്നത്. എന്നാല്‍ പെട്ടെന്നുതന്നെ 52.96 നിലവാരത്തിലേക്ക് ഉയര്‍ന്നു. 

തിങ്കളാഴ്ച ഒരു ഡോളറിന് 52.73 രൂപ എന്ന നിലയിലായിരുന്നു വ്യാപാരം അവസാനിച്ചിരുന്നത്. രൂപയുടെ മൂല്യം 53-ലും താഴേക്ക് പോയതോടെ പൊതുമേഖലാ ബാങ്കുകള്‍ ഡോളര്‍ വിറ്റഴിച്ചുവെന്നും അതിലൂടെയാണ് തകര്‍ച്ച പിടിച്ചുനിര്‍ത്തിയതെന്നും ഈ മേഖലയിലെ പ്രമുഖ ഡീലര്‍മാര്‍ പറഞ്ഞു. റിസര്‍വ് ബാങ്കിന് വേണ്ടിയാകാം മറ്റു ബാങ്കുകള്‍ ഡോളര്‍ വിറ്റതെന്നും അവര്‍ അറിയിച്ചു. 

ഇന്ത്യയിലേക്കുവരുന്ന വിദേശ നിക്ഷേപം കുറയുന്നതാണ് ഡോളറിന് ഇത്രയും വിലയുയരാന്‍ പ്രധാന കാരണം. ഈ നില തുടര്‍ന്നാല്‍ കറണ്ട് അക്കൗണ്ട് കമ്മിയും ധനക്കമ്മിയും ഉയരുമെന്ന ഭയത്തില്‍ പലരും ഡോളര്‍ വാങ്ങിക്കൂട്ടുന്നതും രൂപയുടെ തകര്‍ച്ചയ്ക്കിടയാക്കുന്നു. പെട്രോളിയം ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള വില ഡോളറിലാണ് നല്‍കേണ്ടത്. രാജ്യത്തേക്കുള്ള വിദേശനാണ്യ ഒഴുക്ക് കുറയുന്നതോടെ നമ്മുടെ വിദേശ നാണ്യശേഖരം പെട്ടെന്ന് ശോഷിക്കുമെന്ന ഭീതിയും നിലനില്‍ക്കുന്നുണ്ട്. സാമ്പത്തിക പരിഷ്‌കരണ നടപടികളും വളര്‍ച്ചാനിരക്കുമൊന്നും പ്രതീക്ഷിക്കുന്ന വേഗത്തില്‍ നടക്കാത്തതാണ് വിദേശ നിക്ഷേപകരേയും നിക്ഷേപക സ്ഥാപനങ്ങളേയും ഇന്ത്യയില്‍ നിന്ന് അകറ്റിനിര്‍ത്തുന്നത്. 

രൂപയുടെ വിലയിടിവ് ഇനിയും തുടര്‍ന്നാല്‍, ഇടപെട്ട് അതിന് തടയിടാനുള്ള ശക്തി റിസര്‍വ് ബാങ്കിന് വളരെ പരിമിതമാണെന്നും ഡീലര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ഡോളര്‍ വില്പന തുടര്‍ന്നാല്‍ അത് രാജ്യത്തെ ബാങ്കിങ് വ്യവസ്ഥയില്‍ തന്നെ കടുത്ത പണലഭ്യതക്കുറവിന് ഇടയാക്കുമെന്ന് അവര്‍ പറഞ്ഞു.

Newsletter