വലയില്‍ 'കടല്‍ സ്വര്‍ണം'; ഹസ്സന്‍ ഭായയും കോടീശ്വരനായി
- Last Updated on 29 April 2012
- Hits: 18
രാജ്‌കോട്ട്: ഹസ്സന്‍ ഇഷ ഭായ എന്ന മീന്‍പിടിത്തക്കാരന്‍ വാര്‍ത്തകളില്‍ നിറഞ്ഞത് പെട്ടെന്നാണ്. കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ വലയില്‍ കുടങ്ങിയത് കടല്‍സ്വര്‍ണം എന്ന് വിശേഷണമുള്ള ഘോല്‍ മത്സ്യങ്ങള്‍. വിപണിയില്‍ ഒരു കോടിരൂപ വിലയുള്ള ഏതാണ്ട് 350 ഘോല്‍മത്സ്യങ്ങളായിരുന്നു വലയില്‍.
15 മീന്‍പിടിത്തക്കാരുമായി കച്ച് ജില്ലയിലെ ജഖാവില്‍ നിന്ന് ഏപ്രില്‍ 24-നാണ് തന്റെ കൊച്ചുബോട്ടില്‍ ഹസ്സന്‍ പുറപ്പെട്ടത്. സാധാരണ 8-10 ദിവസത്തിനുശേഷമാണ് മടക്കം. എന്നാല്‍ മൂന്നാംദിവസം അപൂര്‍വമത്സ്യങ്ങള്‍ വലയിലായി. പിന്നെ കരയിലേക്ക് മടങ്ങാന്‍ അമാന്തിച്ചില്ല.
സിംഗപ്പൂരിലും മലേഷ്യയിലുമൊക്കെ ഏറെ പ്രിയമുള്ള ഘോല്‍ ഏറ്റവും വിലയേറിയ കടല്‍മത്സ്യങ്ങളില്‍ ഒന്നാണ്. ബ്ലാക്ക് സ്‌പോട്ടഡ് ക്രാക്കേര്‍സ് എന്ന് ഇംഗ്ലീഷില്‍ പറയുന്ന മീനിന്റെ ശാസ്ത്രീയനാമം പ്രോട്ടോണിബിയ ഡയാകാന്തസ് എന്നാണ്. ഔഷധപ്രാധാന്യമാണ് ഘോലിനെ വിലപിടിപ്പുള്ളതാക്കുന്നത്. ഇതിന്റെ ചിറകുകള്‍ ശരീരത്തില്‍ അലിഞ്ഞുചേരുന്ന തുന്നിക്കെട്ടിനുള്ള സാമഗ്രികള്‍ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. ചിലതരം വീഞ്ഞുകള്‍ ശുദ്ധീകരിക്കാനും ഇതിന്റെ ഘടകങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. മൂന്നുമുതല്‍ നാലടി വരെ നീളവും 20 കി.ഗ്രാം വരെ തൂക്കവും ഉണ്ടാകാറുണ്ട് ഇവയ്ക്ക്.
ഘോല്‍മത്സ്യം അപൂര്‍വമല്ലെങ്കിലും മീന്‍പിടിത്തക്കാര്‍ക്ക് കിട്ടുന്നത് അപൂര്‍വമാണെന്ന് ഫിഷറീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഭാഗ്യവാന്മാര്‍ക്ക് ഏറിവന്നാല്‍ പത്തെണ്ണം. പക്ഷെ ഇത്തവണ കടലമ്മ ഹസ്സനെ തുണച്ചു. ''അല്ലാഹു തുണച്ചാല്‍ ബാപ്പയ്‌ക്കൊപ്പം ഹജ്ജിന് പോകണം. പിന്നെ ഒരു ബോട്ടുകൂടി വാങ്ങണം. അതിന് ഘോല്‍ എന്ന് പേരിടണം'' -ഹസ്സന് അതിമോഹങ്ങള്‍ ഒന്നുമില്ല.