ശമ്പളത്തില്‍ 24 കോടി വേണ്ടെന്ന് മുകേഷ് അംബാനി
- Last Updated on 10 May 2012
- Hits: 3
ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവിയെന്ന നിലയില്‍ ലഭിക്കേണ്ട വാര്‍ഷിക ശമ്പളത്തില്‍ 24 കോടിയോളം രൂപ ശതകോടീശ്വരന്‍ മുകേഷ് അംബാനി വേണ്ടെന്നുവെച്ചു. തുടര്‍ച്ചയായി നാലാംവര്‍ഷമാണ് മുകേഷ് ഇങ്ങനെ തന്റെ ശമ്പളം സ്വയം വെട്ടിക്കുറയ്ക്കുന്നത്.
കഴിഞ്ഞ സാമ്പത്തികവര്‍ഷം അംബാനി കൈപ്പറ്റിയ ശമ്പളം 15 കോടി രൂപയാണ്. 38.82 കോടി രൂപ പറ്റാന്‍ അര്‍ഹതയുള്ളപ്പോഴാണിത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 2011-12ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്.
2008-'09 മുതലാണ് മുകേഷ് അംബാനി തന്റെ വാര്‍ഷികശമ്പളം 15 കോടി രൂപയായി നിജപ്പെടുത്തിയത്. കമ്പനി മേധാവികള്‍ വന്‍തോതില്‍ ശമ്പളം വാങ്ങുന്ന പ്രവണതയ്‌ക്കെതിരെ സ്വയം മാതൃക സൃഷ്ടിക്കാനായിരുന്നു ഈ തീരുമാനം. 2007-'08ല്‍ മുകേഷിന്റെ വാര്‍ഷിക ശമ്പളം 44 കോടി രൂപയിലധികമായിരുന്നു.
അതേസമയം, ഉന്നത മാനേജ്‌മെന്‍റ് തലത്തിലുള്ളവര്‍ക്ക് കഴിഞ്ഞ സാമ്പത്തികവര്‍ഷം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ശമ്പളയിനത്തില്‍ നല്‍കിയ തുക മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കൂടിയിട്ടുണ്ട്. 41 കോടി രൂപയില്‍നിന്ന് 44 കോടിയിലധികമായാണ് വര്‍ധന.