അടിസ്ഥാന സൗകര്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപമുണ്ടാവണം
- Last Updated on 06 May 2012
- Hits: 4
മനില: അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയുടെ നിക്ഷേപം ഉയര്‍ത്തേണ്ടതുണ്ടെന്ന് ഏഷ്യന്‍ വികസന ബാങ്ക് (എഡിബി). 2017-ഓടെ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) പത്തു ശതമാനം തുക ഇതിനായി നീക്കിവെയ്‌ക്കേണ്ടതുണ്ടെന്ന് എഡിബി വാര്‍ഷിക യോഗത്തില്‍ ഐഡിഎഫ്‌സി പ്രോജക്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ പ്രദീപ്
സിങ് അവതരിപ്പിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യ ലക്ഷ്യമിടുന്ന ഒന്‍പതു ശതമാനം വളര്‍ച്ചാ നിരക്ക് സ്വന്തമാക്കാന്‍ ഇത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അടിസ്ഥാന സൗകര്യ വികസനത്തില്‍ ഇന്ത്യ ഏറെ പിന്നിലാണ്. ഇനിയും ബഹുദൂരം മുന്നേറേണ്ടതുണ്ട്. നിലവില്‍ ജിഡിപിയുടെ എട്ടു ശതമാനമാണ് ഇന്ത്യ അടിസ്ഥാന സൗകര്യ മേഖലയ്ക്കായി നീക്കിവെച്ചിട്ടുള്ളത്. ചൈനയില്‍ ഇത് ഒന്‍പതു ശതമാനമാണ്. 2011 മാര്‍ച്ചില്‍ 1.4 ലക്ഷം കോടി ഡോളറായിരുന്നു ഇന്ത്യയുടെ ജിഡിപി.
പന്ത്രണ്ടാം പദ്ധതിക്കാലത്ത് (2012-17) ഒരു ലക്ഷം കോടി ഡോളര്‍ ഈ മേഖലയില്‍ നിക്ഷേപിക്കേണ്ടതുണ്ട്. ആഭ്യന്തരമായുള്ള ധന സ്രോതസ്സുകള്‍ ഈ ലക്ഷ്യം കൈവരിക്കാന്‍ പര്യാപ്തമല്ല. ഇതില്‍ 50,000 കോടി ഡോളര്‍ സ്വകാര്യ മേഖലയില്‍ നിന്നായിരിക്കും. 35,000 കോടി ഡോളര്‍ കടപ്പത്രത്തിലൂടെയും 15,000 കോടി ഓഹരി നിക്ഷേപത്തിലൂടെയും കണ്ടെത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പതിനൊന്നാം പദ്ധതിക്കാലത്ത് അടിസ്ഥാന സൗകര്യ മേഖലയിലെ നിക്ഷേപം ലക്ഷ്യമിട്ടതിലും 50, 000 കോടി ഡോളര്‍ വരെ കുറവാണ്. 42,500 കോടി ഡോളര്‍ മാത്രമാണ് ഉണ്ടായത്. മികച്ച വളര്‍ച്ച കൈവരിക്കാനായെങ്കിലും ആഗോളാടിസ്ഥാനത്തില്‍ ഇന്ത്യയിലെ അടിസ്ഥാന സൗകര്യ മേഖല 86-ാം സ്ഥാനത്താണുള്ളതെന്നും അദ്ദേഹം പറയുന്നു.