കൊപ്രസംഭരണം പരാജയം; സംഭരിച്ചത് 160 ടണ്‍ മാത്രം
- Last Updated on 07 May 2012
- Hits: 1
പാലക്കാട്: കേരഫെഡ്, മാര്‍ക്കറ്റ് ഫെഡ് ഏജന്‍സികള്‍മുഖേന സംസ്ഥാനത്ത് തുടങ്ങിയ കൊപ്രസംഭരണം പരാജയത്തിലേക്ക്. സഹകരണസംഘങ്ങള്‍ സംഭരണത്തില്‍ സഹകരിക്കാത്തതാണ് പ്രശ്‌നം. സംഭരണംതുടങ്ങിയിട്ട് രണ്ടുമാസമാവാറായെങ്കിലും ഇതുവരെ 160ടണ്‍ മാത്രമാണ് കേരഫെഡ് സംഭരിച്ചത്. ഏറ്റവുംകൂടുതല്‍
കൊപ്രയുള്ള കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഒറ്റസംഘംപോലും സംഭരണത്തിനിറങ്ങിയിട്ടില്ല.
കൊപ്ര ക്വിന്‍റലിന് 5,100 രൂപയാണ് നാഫെഡ് പ്രഖ്യാപിച്ച താങ്ങുവില. തേങ്ങയാണെങ്കില്‍ വെള്ളത്തോടെ കിലോയ്ക്ക് 14 രൂപയും. കേരകര്‍ഷകരെ രക്ഷിക്കാന്‍ ഉയര്‍ന്നതാങ്ങുവില പ്രഖ്യാപിച്ചെങ്കിലും ഇതിന്റെ പ്രയോജനം കര്‍ഷകര്‍ക്ക് കിട്ടുന്നില്ല. പാലക്കാട്മുതല്‍ കാസര്‍കോട്‌വരെയുള്ള ജില്ലകളില്‍ കേരഫെഡിനും മറ്റുജില്ലകളില്‍ മാര്‍ക്കറ്റ് ഫെഡിനുമാണ് സംഭരണച്ചുമതല. മുന്‍വര്‍ഷങ്ങളില്‍ കൊപ്രസംഭരണത്തില്‍ ഏറ്റവുംനന്നായി പ്രവര്‍ത്തിച്ചത് കേരഫെഡ് ആയിരുന്നു.
ഇത്തവണ പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലായി 181 സഹകരണസംഘങ്ങള്‍ കേരഫെഡില്‍ രജിസ്റ്റര്‍ചെയ്തിരുന്നു. എന്നാല്‍, സംഭരണംതുടങ്ങിയത് 24 സംഘങ്ങള്‍ മാത്രം. ഇതില്‍ 12ഉം കാസര്‍കോട്ടായിരുന്നു. സംഭരണത്തിന് സംഘങ്ങള്‍ രംഗത്തുവരാത്തതാണ് പ്രധാനപ്രശ്‌നമെന്ന് കേരഫെഡ് ഉദ്യോഗസ്ഥര്‍തന്നെ സമ്മതിക്കുന്നു. നിരവധിതവണ ചര്‍ച്ചകള്‍ നടത്തിയിട്ടും ഫലമുണ്ടായില്ല. തേങ്ങ കിലോയ്ക്ക് 10 രൂപയും കൊപ്ര ക്വിന്‍റലിന് 4,160 രൂപയുമാണ് വിപണിവില. ഈ ചുരുങ്ങിയവിലയ്ക്ക് തേങ്ങ വില്‍ക്കുന്നത് വന്‍ നഷ്ടമാണെന്ന് കര്‍ഷകര്‍. പലരും തേങ്ങവില്‍ക്കാതെ കൂട്ടിയിട്ടിരിക്കയാണ്.
സംസ്ഥാനത്ത് ഏറ്റവുമധികം കൊപ്രയുണ്ടാക്കുന്ന കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സംഭരണം തുടങ്ങാനാവാത്തത് കേരഫെഡിന്റെകൂടി വീഴ്ചയാണ്. മലപ്പുറത്ത് 23ഉം കോഴിക്കോട്ട് 41ഉം സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ സംഘങ്ങള്‍ താങ്ങുവിലയ്ക്ക് കൊപ്രയെടുക്കാന്‍ തയ്യാറാവുന്നില്ല. നിലവിലുള്ള മാനദണ്ഡങ്ങളനുസരിച്ച് കൈകാര്യച്ചെലവ്, സംഭരണച്ചെലവ്, കൊപ്രയാക്കാനുള്ള ചെലവ് എന്നിവ കണക്കാക്കിയാല്‍ കൊപ്രസംഭരണം നഷ്ടമാണെന്ന നിലപാടിലാണ് സംഘങ്ങള്‍.