കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നു; വില കൂടിയേക്കും
- Last Updated on 29 April 2012
- Hits: 6
ലണ്ടന്‍: ലോകത്തിലെ പ്രമുഖ സെന്‍ട്രല്‍ (കേന്ദ്ര) ബാങ്കുകള്‍ 2011ല്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടി. അന്താരാഷ്ട്ര നാണ്യനിധിയുടെ കണക്കനുസരിച്ച് വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ ചേര്‍ന്ന് 439.7 ടണ്‍ സ്വര്‍ണമാണ് കഴിഞ്ഞ വര്‍ഷം തങ്ങളുടെ കരുതല്‍ ശേഖരത്തിലേക്ക് വാങ്ങിക്കൂട്ടിയത്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ, ഇത്രയധികം സ്വര്‍ണം ഒരു
വര്‍ഷംകൊണ്ട് കേന്ദ്രബാങ്കുകള്‍ വാങ്ങുന്നത് ഇതാദ്യമാണ്.
മെക്‌സികോ 16.8 ടണ്ണും റഷ്യ 16.5 ടണ്ണും ടര്‍ക്കി 11.5 ടണ്ണും വാങ്ങി. ഖസാക്കിസ്താന്‍, ഉക്രെയിന്‍, തജിക്കിസ്താന്‍ എന്നീ രാജ്യങ്ങളും ഔദ്യോഗിക സ്വര്‍ണശേഖരം വര്‍ധിപ്പിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മാത്രം മെക്‌സികോ, റഷ്യ, ടര്‍ക്കി എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് 44.8 ടണ്‍ സ്വര്‍ണമാണ് വാങ്ങിക്കൂട്ടിയത്. ഇതിന്റെ മൂല്യം ഏതാണ്ട് 240 കോടി ഡോളര്‍ വരും. അതായത്, 12,000 കോടി രൂപ.
കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണത്തിന്റെ കാര്യത്തില്‍ ബുള്ളിഷ് ആയതോടെ വരും ആഴ്ചകളില്‍ സ്വര്‍ണവില വന്‍തോതില്‍ ഉയരുമെന്ന് സൂചനയുണ്ട്. ബ്ലൂംബെര്‍ഗിന്റെ സര്‍വേയില്‍ 28ല്‍ 14 പേരും അടുത്തയാഴ്ച സ്വര്‍ണവില കൂടുമെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്.