കൂടുതല്‍ ബാങ്കുകള്‍ പലിശ കുറച്ചു
- Last Updated on 01 May 2012
- Hits: 2
കൊച്ചി: റിസര്‍വ് ബാങ്ക് വായ്പാനിരക്കുകള്‍ കുറച്ചിട്ടും പലിശനിരക്ക് കുറയ്ക്കാന്‍ മടി കാണിച്ചു നില്‍ക്കുകയായിരുന്ന ബാങ്കുകള്‍ വൈകിയാണെങ്കിലും പലിശ കുറയ്ക്കാന്‍ തുടങ്ങി. കനറാ ബാങ്ക്, ആന്ധ്രാ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് എന്നിവയാണ് പുതുതായി പലിശ നിരക്ക് കുറച്ചത്.
കനറാ ബാങ്ക് അടിസ്ഥാന പലിശ നിരക്ക് കാല്‍ ശതമാനം കുറച്ചു. ഇതോടെ ബേസ് റേറ്റ് 10.50 ശതമാനമായി താഴ്ന്നു. മെയ് ഒന്ന് മുതല്‍ കാര്‍ഷിക വായ്പകള്‍ക്ക് കാല്‍ ശതമാനം അധിക ഇളവ് നല്‍കാനും കനറാ ബാങ്ക് തീരുമാനിച്ചു. ഇതോടെ കാര്‍ഷിക വായ്പകള്‍ക്ക് ഫലത്തില്‍ അര ശതമാനത്തിന്റെ കുറവുണ്ടാകും. നിക്ഷേപങ്ങളുടെ പലിശ നിരക്കും 0.10 ശതമാനം മുതല്‍ 0.50 ശതമാനം വരെ കുറച്ചിട്ടുണ്ട്.
ആന്ധ്രാ ബാങ്ക് ബേസ് റേറ്റും ബെഞ്ച്മാര്‍ക്ക് പ്രൈം ലെന്‍ഡിങ് റേറ്റും കാല്‍ ശതമാനം വീതമാണ് താഴ്ത്തിയത്. ഇതോടെ അടിസ്ഥാന നിരക്കായ ബേസ് റേറ്റ് 10.5 ശതമാനമാകും.
ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സും അടിസ്ഥാന നിരക്ക് കാല്‍ ശതമാനം കുറച്ച് 10.5 ശതമാനമായി പുതുക്കി നിശ്ചയിച്ചു. നിക്ഷേപ പലിശ 0.10 ശതമാനം മുതല്‍ 0.50 ശതമാനം വരെ കുറച്ചു.
ഇന്ത്യന്‍ ബാങ്ക് വായ്പ, നിക്ഷേപ പലിശ നിരക്കുകള്‍ കാല്‍ ശതമാനം വീതം കുറച്ചു. നിലവിലെ 15 ശതമാനത്തില്‍ നിന്ന് 14.75 ശതമാനമായാണ് നിരക്ക് കുറച്ചത്. നിക്ഷേപങ്ങളുടെ പലിശ 10.75 ശതമാനത്തില്‍ നിന്ന് 10.50 ശതമാനമായാണ് കുറഞ്ഞത്. പുതിയ നിരക്കുകള്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തിലാകും. വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപോ നിരക്ക് റിസര്‍വ് ബാങ്ക് ഏപ്രില്‍ 17ന് അര ശതമാനം കുറച്ചിരുന്നു. ഭൂരിഭാഗം ബാങ്കുകളും ഇതിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ മടി കാണിച്ചുനില്‍ക്കുകയായിരുന്നു.
എന്നാല്‍, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിബിഐ ബാങ്ക് എന്നിങ്ങനെ ചുരുക്കം ചില ബാങ്കുകള്‍ മാത്രമാണ് ആദ്യം തന്നെ പലിശ നിരക്കുകള്‍ കുറച്ചത്.