സോഷ്യല്‍ മീഡിയയും സെലിബ്രിറ്റികള്‍ക്ക് വരുമാന മാര്‍ഗം
- Last Updated on 30 April 2012
- Hits: 3
പ്രിയങ്കാ ചോപ്രയ്ക്കെന്താ സോഷ്യല്‍ മീഡിയയില്‍ കാര്യം? ആരാധകരോട് പറയാനുള്ളത് പറയാനൊരിടം എന്നായിരിക്കും ഉത്തരമെന്ന് കരുതിയാല്‍ തെറ്റി; സിനിമയ്ക്കും പരസ്യങ്ങള്‍ക്കും പുറമെ നല്ലൊരു വരുമാന മാര്‍ഗമായതു കൊണ്ട് തന്നെയാണ് പ്രിയങ്ക സോഷ്യല്‍ മീഡിയയില്‍ നിത്യവും ലോഗിന്‍ ചെയ്യുന്നത്.
സോഷ്യല്‍ മീഡിയയിലൂടെയുള്ള പരസ്യങ്ങള്‍ക്ക് കമ്പനികള്‍ വമ്പിച്ച പ്രാധാന്യം നല്കാന് തുടങ്ങിയതാണ് പ്രിയങ്കയെപ്പോലുള്ള താരങ്ങള്‍ക്ക് ഇവിടെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നത്. സെലിബ്രിറ്റികള്‍ പ്രൊഫൈലില്‍ ഒരു കമ്പനിയെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയാല്‍ അതെക്കുറിച്ച് വായിക്കാന്‍ ഒരുപാട് പേരുണ്ടാവുമെന്നത് വലിയൊരു വിപണന സാധ്യത തന്നെയാണ്. ട്വിറ്ററില്‍ ജാപ്പനീസ്് കാര്‍ നിര്‍മാണക്കമ്പനിയായ ടൊയോട്ടയെ കുറിച്ച് 20 തവണ ട്വീറ്റ് ചെയ്തതിലൂടെ പ്രിയങ്കയ്ക്ക് കിട്ടിയത് 28 ലക്ഷം രൂപയുടെ ഒരു കാര്‍.
സോഷ്യല്‍ മീഡിയയില്‍ സാന്നിധ്യമുള്ള ഇന്ത്യയിലെ ജനപ്രിയ താരങ്ങളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനമാണ് ഡിജിറ്റല്‍ ബ്രാന്‍ഡിങ് കമ്പനിയായ പിന്സ്റ്റോം പ്രിയങ്കയ്ക്ക് നല്‍കുന്നത്. മിക്ക താരങ്ങളും തങ്ങളുടെ സിനിമകളുടെ പ്രൊമോഷന് പരിപാടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് സാധാരണമായിരുന്നു. എന്നാലിന്ന്, മിക്ക താരങ്ങളും സോഷ്യല്‍ മീഡിയയുടെ വിപണന സാധ്യതകള്‍ വരുമാനമാക്കി മാറ്റാനുള്ള തിടുക്കത്തിലാണ്. പ്രൊഫൈലുകള്‍ മാനേജ് ചെയ്യാന്‍ വേണ്ടി മാത്രമായി പ്രൊഫഷണലുകളെ ഇവര്‍ കടമെടുക്കുന്നതും ഇതുകൊണ്ട് തന്നെ.
പ്രിയങ്കയെ കൂടാതെ അമിതാഭ് ബച്ചന്, അര്‍ഷദ് വാഴ്സി, ലാറ ദത്ത, നീതു ചന്ദ്ര, വി.ജെ രണ് വിജയ്, സോനു നിഗം എന്നിവരെല്ലാമാണ് സോഷ്യല്‍ സൈറ്റുകളിലെ ജനപ്രിയ താരങ്ങള്‍. തങ്ങളുടെ ശബ്ത്തില്‍ തന്നെ ആരാധകരുമായി സംവദിക്കുന്നതിനായി ഇവരെല്ലാം വോയ്സ് ബ്ലോഗുകളും തുടങ്ങിക്കഴിഞ്ഞു. പുതിയ മേഖലയുടെ സാധ്യത മനസ്സിലാക്കി യു.ടി.വിയുള്പ്പടെയുള്ള എന്ര്ടെയ്ന്മെന്റ് കമ്പനികളും രംഗത്തുണ്ട്. സെലിബ്രിറ്റികളുടെ വോയ്സ് ബ്ലോഗുകള്‍ ആരാധകരിലെത്തിക്കുന്നതിനായാണ് ഇവര്‍ മത്സരിക്കുന്നത്. 3-4 കോടി രൂപയുടെ വ്യവസായ മേഖലയായി ഇത് വളര്‍ന്നു കഴിഞ്ഞു.
ഇതിനെല്ലാം പുറമെ സോഷ്യല്‍ മീഡിയയിലൂടെയുള്ള കാമ്പയിനിങ്ങും ശക്തിയാര്‍ജ്ജിച്ചിട്ടുണ്ട്. ഓരോ ക്ലിക്കിനും കാശ് കിട്ടുന്ന രീതിയിലോ ഓരോ ട്വീറ്റിനും കാശ് കിട്ടുന്ന രീതിയിലോ ആണ് കാമ്പയിന് പരിപാടികള്‍. ടെന്നീസ് താരം മഹേഷ് ഭൂപതിയുടെ ട്വീറ്റൊന്നു നോക്കാം. വണ്‍സ്റ്റോപ് ഷോപ്പ് ഫോര്‍ ഓള് മൈ ബില്‍ പേയ്മെന്റ്സ് - എന്റെ എല്ലാ ബില്‍ ഇടപാടുകള്‍ക്കും ഒരു സ്ഥലം- എന്നാണ് സാമ്പത്തിക സേവനക്കമ്പനിയായ വിസയെക്കുറിച്ച് മഹേഷ് ട്വീറ്റ് ചെയ്തത്. വിസ അവതരിപ്പിച്ച വിസ ബില്‍പേ കാമ്പയിനിന്റെ ഭാഗമായിരുന്നു ഇത്. വിസയെക്കൂടാതെ എയര്‍ടെല്‍, ഷോപ്പേഴ്സ് സ്റ്റോപ്പ്, സെന്റര്‍ ഫ്രൂട്ട് എന്നീ കമ്പനികളും പരസ്യ കാമ്പയിനുകളുമായി രംഗത്തുണ്ട്.