14March2012

You are here: Home World വിദേശ ശത്രുവേട്ടയ്ക്ക് യു.എസ്സില്‍ നിയമപരിരക്ഷ വരുന്നു

വിദേശ ശത്രുവേട്ടയ്ക്ക് യു.എസ്സില്‍ നിയമപരിരക്ഷ വരുന്നു

വാഷിങ്ടണ്‍: രാജ്യത്തിനെതിരായി യുദ്ധംചെയ്യുന്ന യു.എസ്. പൗരനെ വിദേശത്തുവെച്ചും കൊല്ലാന്‍ അധികാരം നല്‍കുന്ന നിയമം കൊണ്ടുവരാന്‍ അമേരിക്ക ആലോചിക്കുന്നു. അടുത്തിടെ അമേരിക്കയെ ആക്രമിക്കാന്‍ യെമനില്‍ ഗൂഢാലോചന നടത്തുകയായിരുന്ന അമേരിക്കക്കാരനായ മുസ്‌ലിം പുരോഹിതനെ വിദൂരനിയന്ത്രിതവിമാനം ഉപയോഗിച്ച് സൈന്യം വധിച്ചിരുന്നു. ഇത്തരം

ആക്രമണങ്ങള്‍ക്ക് നിയമപരിരക്ഷ നല്‍കുകയാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.

കൃത്യമായ ലക്ഷ്യംവെച്ചുള്ള ആക്രമണങ്ങളിലൂടെയുള്ള ഇത്തരം കൊലപാതകങ്ങള്‍ക്കെതിരെ രാജ്യത്തെ മനുഷ്യാവകാശസംഘടനകള്‍ രംഗത്തുവന്നിരുന്നു. ഏത് നിയമപ്രകാരമാണ് കൊലപാതകം എന്ന് വിശദീകരിക്കാന്‍ ഭരണകൂടത്തോട് സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതാണ് പുതിയ നിയമത്തെക്കുറിച്ച് ആലോചിക്കാന്‍ ഒബാമഭരണകൂടത്തെ പ്രേരിപ്പിച്ചത്.

അറ്റോര്‍ണി ജനറല്‍ എറിക് ഹോള്‍ഡര്‍ നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് ലോയില്‍ നടത്തുന്ന പ്രഭാഷണത്തില്‍ ഇതുസംബന്ധിച്ച് സൂചിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

വിദൂരനിയന്ത്രിത ആളില്ലാവിമാനങ്ങളും റോക്കറ്റുകളും അമേരിക്ക ഭീകരവിരുദ്ധ പോരാട്ടത്തില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അമേരിക്കക്കാരനായ അന്‍വര്‍ അല്‍ അവ്‌ലാകി എന്ന മുസ്‌ലിംപുരോഹിതനെ യെമനിലെ ഒളിത്താവളത്തില്‍ വധിച്ചത് ഇങ്ങനെയാണ്. ഇത് സാധാരണ കൊലപാതകമല്ലെന്നും നിയമവിധേയമായ സൈനികനടപടിയാണെന്നുമായിരുന്നു ഇതുവരെ സര്‍ക്കാര്‍നിലപാട്. രാജ്യത്തിന്റെ ശത്രുവായി പ്രസിഡന്‍റ് പ്രഖ്യാപിക്കുന്ന ആരെയും വധിക്കാന്‍ സൈന്യത്തിന് നിയമപരിരക്ഷയുണ്ടെന്നും സര്‍ക്കാര്‍ വാദിക്കുന്നു.

ഇതിനെതിരെ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ നല്‍കിയ ഹര്‍ജി ഫെഡറല്‍ കോടതിയുടെ പരിഗണനയിലാണ്.

Newsletter