ഇറാനെ ആക്രമിക്കുന്നത് ദുരന്തമാവും-ഇന്ത്യ
- Last Updated on 08 March 2012
- Hits: 12
വാഷിങ്ടണ്‍: ഇറാനുനേരേയുള്ള സൈനിക നടപടി മേഖലയ്ക്കാകെ ദുരന്തമാവുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കി. ഇറാനില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് യു.എസ്. മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമാണെന്നും വാഷിങ്ടണിലെ ഇന്ത്യന്‍ എംബസി വക്താവ് വിരേന്ദര്‍ പോള്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
അമേരിക്കന്‍ മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകളെക്കുറിച്ച് ഇന്ത്യന്‍ എംബസി പ്രതികരിക്കുന്നത് അപൂര്‍വമാണ്.
ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി തുടരാനുള്ള ഇന്ത്യന്‍ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള മാധ്യമ റിപ്പോര്‍ട്ടുകളോടാണ് എംബസി പ്രതികരിച്ചത്. ഇറാന്‍ എണ്ണ ഇന്ത്യയ്ക്ക് എത്രമാത്രം അനിവാര്യമാണെന്ന വസ്തുത അവഗണിച്ചുകൊണ്ടാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ പടച്ചുവിടുന്നതെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.
ഇന്ത്യ ഇറക്കുമതി ചെയ്യുന്ന മൊത്തം എണ്ണയുടെ 12 ശതമാനവും ഇറാനില്‍ നിന്നാണ്. ഇറാനെതിരായ അന്താരാഷ്ട്ര ഉപരോധത്തിന്റെ ഭാഗമായി അവിടെനിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തണമെന്ന് യു.എസ്. ഭരണകൂടം ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്തിവരികയാണ്.