പൊങ്കാലയിട്ടവര്‍ക്കെതിരെ കേസെടുത്തു; പിന്‍വലിച്ചു
- Last Updated on 13 March 2012
- Hits: 4
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയിട്ട ഭക്തജനങ്ങള്‍ക്കെതിരെ പോലീസ് സ്വമേധയാ കേസെടുത്തു. സംഭവം വിവാദമായതിനെത്തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം സര്‍ക്കാര്‍ ഇടപെട്ട് കേസ് പിന്‍വലിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണര്‍ വി.സി. മോഹനനെ സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്. മാര്‍ച്ച് ഏഴിനു നടന്ന പൊങ്കാലയില്‍ ഗതാഗത തടസ്സമുണ്ടാക്കിയതിന്റെ പേരിലാണ് കണ്ടാലറിയാവുന്ന 11, 000 സ്ത്രീകളെ പ്രതികളാക്കി ഫോര്‍ട്ട്, തമ്പാനൂര്‍ സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഗതാഗത തടസ്സമുണ്ടാക്കിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 283-ാം വകുപ്പും ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് 188-ാം വകുപ്പും പ്രകാരം കുറ്റം ചുമത്തി. ഇരു കേസുകളിലെയും പ്രഥമ വിവര റിപ്പോര്‍ട്ട് തിങ്കളാഴ്ച ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതികളില്‍ സമര്‍പ്പിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
തമ്പാനൂര്‍, അരിസ്റ്റോ ജങ്ഷന്‍, ഓവര്‍ബ്രിഡ്ജ് എന്നിവടങ്ങളില്‍ മാര്‍ച്ച് ഏഴിന് രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് രണ്ടര വരെ റോഡിലും നടപ്പാതയിലും ചുടുകല്ലുകള്‍ കൊണ്ട് അടുപ്പ് കൂട്ടി അതിന് മുകളില്‍ പൊങ്കാല കലങ്ങള്‍ വെച്ച് മാര്‍ഗതടസ്സം സൃഷ്ടിച്ചെന്നാരോപിച്ച് 10,000 സ്ത്രീകള്‍ക്കെതിരെ തമ്പാനൂര്‍ എസ്. ഐ ആര്‍. ശിവകുമാര്‍ കേസെടുത്തു. മണക്കാട് മുതല്‍ പഴവങ്ങാടി വരെയുളള പൊതുവഴിക്ക് ഇരുവശങ്ങളിലായി ചുടുകല്ലുകള്‍ കൊണ്ട് അടുപ്പ് കൂട്ടി അതിനു മുകളില്‍ പൊങ്കാല കലങ്ങള്‍ വെച്ച് കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും മാര്‍ഗതടസ്സം സൃഷ്ടിച്ച് കോടതിയുത്തരവ് ലംഘിച്ചുവെന്നാരോപിച്ച് 1, 000 സ്ത്രീകള്‍ക്കെതിരെ ഫോര്‍ട്ട് എസ്. ഐ. എ.കെ. ഷെറിയും കേസെടുത്തു.
ആറ്റുകാല്‍ പൊങ്കാല സുഗമമായി നടത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചിരുന്നു. പാതയോരത്തെ പൊതുയോഗ നിരോധനം സംബന്ധിച്ചുള്ള ഹൈക്കോടതി വിധി ആറ്റുകാല്‍ പൊങ്കാലയ്ക്ക് ബാധകമാകില്ലെന്ന് അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. പൊങ്കാല സംഘം ചേരലും മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കലുമല്ല എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതെല്ലാം അവഗണിച്ചാണ് പാതയോര പൊതുയോഗം നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തത്.
സംഭവത്തെക്കുറിച്ച് വാര്‍ത്ത വന്നതോടെ സര്‍ക്കാര്‍ അമ്പരന്നു. സര്‍ക്കാരിന്റെ അറിവോടെയല്ല കേസെടുത്തതെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡി. ജി. പി. ജേക്കബ്ബ് പുന്നൂസിനോട് വിശദീകരണം തേടി. ഈ സമയം തലസ്ഥാന നഗരത്തില്‍ പല വിധത്തിലുള്ള പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. കാര്യങ്ങള്‍ പരിശോധിച്ച ഡി. ജി. പി. മണിക്കൂറുകള്‍ക്കകം റിപ്പോര്‍ട്ട് നല്‍കി. കേസെടുക്കാനുള്ള സാഹചര്യം ഡി. ജി. പിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. എസ്. ഐമാര്‍ക്കെതിരെ നടപടിയെടുക്കേണ്ടതില്ലെന്നും ഡി. സി. പിയുടെ നിര്‍ദേശപ്രകാരം അവര്‍ പ്രവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്നും ഡി. ജി. പി. വ്യക്തമാക്കി. മേലുദ്യോഗസ്ഥരുമായി വേണ്ടത്ര ആലോചനയില്ലാതെയാണ് ഡി. സി. പി. നടപടികള്‍ സ്വീകരിച്ചതെന്നും ജേക്കബ്ബ് പുന്നൂസ് റിപ്പോര്‍ട്ട് നല്‍കി. ഇതിനു പിന്നാലെയാണ് ഡി. സി. പിയെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള തീരുമാനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. കേസ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ഹൈക്കോടതി ഉത്തരവ് പാലിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്‌കേസെടുത്തതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. ഗതാഗത തടസ്സമുണ്ടാക്കുന്ന എന്തു സംഭവമുണ്ടായാലും പോലീസ് കേസെടുക്കുകയും ബന്ധപ്പെട്ട കോടതിയില്‍ എഫ്. ഐ. ആറിന്റെ പകര്‍പ്പ് നല്‍കുകയും ചെയ്യാറുണ്ട്. ഹൈക്കോടതിയില്‍ ഇതു സംബന്ധിച്ച് എന്തെങ്കിലും പരാതിയുണ്ടായാല്‍ പോലീസിനെതിരെ പരാമര്‍ശമുണ്ടാവുന്നത് തടയാനാണ് ഈ നടപടി. പൊങ്കാലയുടെ കാര്യത്തിലും ഇതേ നടപടി തന്നെ പോലീസ് സ്വീകരിച്ചു. എന്നാല്‍, ജനലക്ഷങ്ങള്‍ ഒത്തുചേരുന്ന പൊങ്കാലയെ മതപരമായ അനുഷ്ഠാനമെന്ന നിലയില്‍ വേര്‍തിരിച്ചു കാണുന്നതില്‍ അവര്‍ പരാജയപ്പെട്ടു.