സന്നദ്ധ സംഘടനകള്‍ക്ക് 10,000 കോടി
- Last Updated on 12 March 2012
- Hits: 1
ന്യൂഡല്‍ഹി: രാജ്യത്തെ 22,000 സന്നദ്ധസംഘടനകള്‍ 10,000 കോടി രൂപ വിദേശ ഫണ്ട് വാങ്ങിയതായി കേന്ദ്ര സര്‍ക്കാര്‍. 2009-2010 കാലത്തെ വിദേശ ധനസഹായം സംബന്ധിച്ച രേഖകളാണ് ഈ കണക്കിന് ആധാരം. കൂടംകുളം ആണവപദ്ധതിക്കെതിരായ സമരത്തിന് വിദേശ സഹായം ലഭിക്കുന്നുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയം പുതിയ കണക്കുകള്‍
പുറത്തുവിട്ടിരിക്കുന്നത്.
രേഖകളില്‍ ഉള്‍പ്പെട്ടവയില്‍ 3,218 സംഘടനകള്‍ തമിഴ് നാട്ടിലുള്ളവയാണ്. 1,663.31 കോടി രൂപയാണ് ഈ സംഘടനകള്‍ കൈപ്പറ്റിയത്. അമേരിക്ക, ബ്രിട്ടന്‍, ജര്‍മനി, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍നിന്നാണ് മുഖ്യമായും പണമൊഴുകിയിരിക്കുന്നത്. ഫണ്ട് ദുരുപയോഗം ചെയ്യുന്ന 12 സന്നദ്ധസംഘടനകളെ ആഭ്യന്തരമന്ത്രാലയം നിരീക്ഷിച്ചുവരുന്നുണ്ട്.
ഏറ്റവും കൂടുതല്‍ വിദേശഫണ്ട് എത്തിയ സംസ്ഥാനം ഡല്‍ഹിയാണ്-1815.91 കോടി രൂപ. ആന്ധ്രയില്‍1324.87 കോടിയാണ് സംഘടനകള്‍ വാങ്ങുന്നത്. തമിഴ്‌നാട്ടിലെ 'വേള്‍ഡ് വിഷന്‍' എന്ന സംഘടനയാണ് കൂടുതല്‍ ഫണ്ട് കൈപ്പറ്റിയിരിക്കുന്നത്-208.94 കോടി. ആന്ധ്രയിലെ റൂറല്‍ ഡവലപ്‌മെന്‍റ് ട്രസ്റ്റ് (151.31 കോടി), തമിഴ്‌നാട്ടിലെ ശ്രീ സേവാ സുബ്രഹ്മണ്യനാടാര്‍ എഡ്യുക്കേഷണല്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ്(94.28 കോടി) എന്നിവ തൊട്ടുപിറകിലുണ്ട്.
മിക്ക സംഘടനകളും കണക്കുകള്‍ നല്‍കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള കണക്കുതരാത്തവ ഏറെയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളെക്കുറിച്ച് പൂര്‍ണമായ കണക്ക് ലഭ്യമല്ല. എന്നാല്‍ അനൗദ്യോഗിക കണക്കു പ്രകാരം 20 ലക്ഷം സന്നദ്ധ സംഘടനകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് വിവരം.