രാജിക്കുമുമ്പ് സെല്‍വരാജും ജോര്‍ജും ഫോണില്‍ പലതവണ ബന്ധപ്പെട്ടു
- Last Updated on 13 March 2012
- Hits: 2
തിരു: എംഎല്‍എസ്ഥാനം രാജിവയ്ക്കുംമുമ്പ് ആര്‍ സെല്‍വരാജും പി സി ജോര്‍ജും പലതവണ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടു. സര്‍ക്കാരിന്റെ ഭൂരിപക്ഷം ഉറപ്പാക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്ന കുതിരക്കച്ചവടത്തിന്റെ കൂടുതല്‍ തെളിവുകള്‍ ഇതോടെ പുറത്തുവന്നു. രാജിയില്‍ തനിക്ക് പങ്കില്ലെന്ന ജോര്‍ജിന്റെ അവകാശവാദങ്ങളുടെ മുനയൊടിച്ചാണ് രാജിക്കു തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ഇരുവരും ഫോണില്‍ ബന്ധപ്പെട്ട വിവരം പുറത്തുവന്നത്. സെല്‍വരാജിന്റെ പിഎ രഘുവിന്റെ പേരിലുള്ള 9447226531 മൊബൈല്‍ നമ്പരിലേക്കും ജോര്‍ജ് വിളിച്ചിട്ടുണ്ട്. ഈ നമ്പരും സെല്‍വരാജാണ് ഉപയോഗിക്കുന്നത്. മാര്‍ച്ച് നാലിന് ഉച്ചയ്ക്കും വൈകിട്ടും സെല്‍വരാജ് ജോര്‍ജിനെ വിളിച്ചു. സെല്‍വരാജിന്റെ 9447047362 എന്ന നമ്പരില്‍നിന്നാണ് ജോര്‍ജിന്റെ 9447043027 എന്ന നമ്പരിലേക്കു വിളിച്ചത്. കൂടിക്കാഴ്ചയുടെ കാര്യം തീരുമാനിക്കാനായിരുന്നു ഇതെന്നാണ് സൂചന. നാലു മുതല്‍ ജോര്‍ജ് തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ രണ്ട് സ്യൂട്ട് ബുക്ക് ചെയ്തിരുന്നു. മാര്‍ച്ച് ആറിന് ഉച്ചയ്ക്കും വൈകിട്ടും ജോര്‍ജ് സെല്‍വരാജിന്റെ പിഎയുടെ ഫോണിലേക്കാണ് വിളിച്ചത്. ആറിനും സെല്‍വരാജും ജോര്‍ജും ഗസ്റ്റ്ഹൗസില്‍ ഒത്തുകൂടിയതായാണ് വിവരം. ഏഴിന് പൊങ്കാലയായതിനാല്‍ എട്ടിന് സെല്‍വരാജ് രാജി പ്രഖ്യാപിക്കണമെന്നായിരുന്നു ധാരണ. പിന്നീട് ഇത് ഒമ്പതിലേക്കു മാറ്റി. രാജിയില്‍ പങ്കില്ലെന്നും സെല്‍വരാജുമായി മുഖ്യമന്ത്രിയെ കാണാന്‍ പോയിട്ടില്ലെന്നുമാണ് ജോര്‍ജ് അവകാശപ്പെട്ടിരുന്നത്. പുലര്‍ച്ചെ മുഖ്യമന്ത്രിയെ വീട്ടിലെത്തി കണ്ടശേഷമാണ് സെല്‍വരാജ് സ്പീക്കര്‍ക്ക് രാജി സമര്‍പ്പിച്ചത്. ജോര്‍ജിനൊപ്പമായിരുന്നു കൂടിക്കാഴ്ച. പാര്‍ടിവിരുദ്ധപ്രവര്‍ത്തനം നടത്തിയതിന് സിപിഐ എം പുറത്താക്കിയ എസ് സുശീലനെ ആറിന് വൈകിട്ട് പി സി ജോര്‍ജ് വിളിച്ചിരുന്നു. ഫോണ്‍ സംഭാഷണവിവരം പുറത്തായതോടെ ജോര്‍ജ് ക്രുദ്ധനായാണ് മാധ്യമങ്ങളോട് സംസാരിച്ചത്. തനിക്ക് സൗകര്യമുണ്ടായിട്ടാണ് സെല്‍വരാജുമായും പിഎയുമായും മൊബൈലില്‍ ബന്ധപ്പെട്ടതെന്നും ഇനിയും വിളിക്കുമെന്നുമായിരുന്നു ജോര്‍ജിന്റെ പ്രതികരണം.