15March2012

മൂന്നാംമുന്നണി നല്ല ആശയമെന്ന് അഖിലേഷ് യാദവ്‌

ന്യൂഡല്‍ഹി: പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്മയില്‍ മൂന്നാം മുന്നണിയെക്കുറിച്ചുള്ള ചിന്തകള്‍ വീണ്ടും ഉയരുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ മൂന്നാംമുന്നണി നല്ല ആശയമെന്ന പ്രതികരണവുമായി നിയുക്ത യു.പി. മുഖ്യമന്ത്രി അഖിലേഷ് യാദവ് രംഗത്ത്. മൂന്നാംമുന്നണിയെക്കുറിച്ച് ഇപ്പോള്‍ കൂടുതലൊന്നും ആലോചിച്ചിട്ടില്ലെങ്കിലും അതൊരു നല്ല ആശയമാണെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്ന് അഖിലേഷ് ഡല്‍ഹിയില്‍

മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

വ്യാഴാഴ്ച്ചയാണ് അഖിലേഷ് സത്യപ്രതിജ്ഞ ചെയ്യുക. പഞ്ചാബിലെയും യു.പിയിലേയും മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ച തൃണമൂല്‍ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി കോണ്‍ഗ്രസ്സിന്റെ കടുത്ത നിലപാടിനെത്തുടര്‍ന്ന് ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അവസാനനിമിഷം തീരുമാനിച്ചെങ്കിലും മൂന്നാംമുന്നണി നീക്കങ്ങള്‍ അണിയറയില്‍ പുരോഗമിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇടതുനേതാക്കളായ പ്രകാശ് കാരാട്ട്, എ.ബി.ബര്‍ദന്‍ എന്നിവര്‍ അഖിലേഷിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തുമെന്നാണ് സമാജ് വാദി പാര്‍ട്ടി നേതൃത്വം പറയുന്നത്. അതേസമയം ഒരു ഇടക്കാല തിരഞ്ഞെടുപ്പിലേക്ക് രാജ്യത്തെ തള്ളിവിടാന്‍ താല്‍പര്യമില്ലെന്ന് സി.പി.എം. നേതാവ് സീതാറാം യെച്ചൂരി വ്യക്തമാക്കി.

Newsletter