അന്നന്റെ സന്ദര്‍ശനത്തിനിടെ അക്രമം: സിറിയയില്‍ 62 മരണം
- Last Updated on 11 March 2012
- Hits: 1
ദമാസ്‌കസ്: യു.എന്‍ അറബ് ലീഗ് പ്രതിനിധി കോഫി അന്നന്‍ സിറിയയില്‍ എത്തിയതിന് പിന്നാലെ രാജ്യത്ത് സൈന്യവും പ്രക്ഷോഭകാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 62 പേര്‍ മരിച്ചു. പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായാണ് അന്നന്‍ സിറിയയിലെത്തിയത്. പ്രസിഡന്റ് ബാഷര്‍ അല്‍ അസദുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. തൊട്ടുപിന്നാലെയാണ് പടിഞ്ഞാറന്‍ നഗരമായ
ഇദ്‌ലിസില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്.
സൈനികരും പ്രക്ഷോഭകാരികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 150 ഓളം പ്രക്ഷോഭകാരികളെ സൈന്യം അറസ്റ്റു ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമുതലാണ് ഇദ്‌ലിസില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
അതിനിടെ സിറിയയില്‍ എത്തിയ കോഫി അന്നന്‍ ബാഷറിനു പുറമെ വിദേശകാര്യ മന്ത്രി വാലിദ് അല്‍ മൊവാലം, ഉപ വിദേശകാര്യ മന്ത്രി ഫൈസല്‍ മേക്കദാദ് എന്നിവരെയും കണ്ടു. പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ബാഷറുമായി ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്ന യു.എന്നിന്റെ അഭ്യര്‍ഥന പ്രതിപക്ഷം ഇതുവരെ സ്വീകരിച്ചിട്ടില്ല.