18June2012

You are here: Home Technology പുതുമകളുമായി ഉബുണ്ടുവിന്റെ പുതിയ പതിപ്പ്‌

പുതുമകളുമായി ഉബുണ്ടുവിന്റെ പുതിയ പതിപ്പ്‌

പതിവ് തെറ്റിക്കാതെ ആറുമാസത്തിലൊരിക്കല്‍ കനോനിക്കല്‍ കമ്പനി പ്രശസ്ത ലിനക്‌സ് ഒഎസ് ആയ ഉബുണ്ടുവിന്റെ പുതിയ പതിപ്പ് ഇറക്കാറുണ്ട്. ഉബുണ്ടുവിന്റെ പുതിയ പതിപ്പായ (പതിനഞ്ചാമത്തെ പതിപ്പ്) ഉബുണ്ടു 11.10 Oneiric Ocelot എന്ന കോഡ്‌നാമത്തിലാണ് അറിയപ്പെടുന്നത്. ഇപ്പോള്‍ ആ പതിപ്പ് സൗജന്യമായി ഡൗണ്‍ലോഡ്

ചെയ്യാവുന്നതാണ്.

സ്വതന്ത്ര വിഭാഗത്തില്‍പ്പെടുന്നതും സൗജന്യവുമായ ഉബുണ്ടു ഇപ്പോള്‍ ലോകത്താകെ 20 മില്യണ്‍ ആളുകള്‍ ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. വിന്‍ഡോസുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ചെറിയ സംഖ്യയാണെങ്കിലും, അടുത്തകാലത്തായി ഉബുണ്ടുവിന്റെ വളര്‍ച്ചാ നിരക്ക് വര്‍ധിച്ചിരിക്കുകയാണ്. 

സ്വതന്ത്ര ഒഎസ് ആയതിനാല്‍ ഇതിന്റെ ആവശ്യക്കാര്‍ക്കനുസരിച്ച് കസ്റ്റമൈസ് ചെയ്ത് ഉപയോഗിക്കാമെന്നതാണ് ഉബുണ്ടുവിന്റെ സവിശേഷത. കേരളത്തില്‍ ഐ.ടി. അറ്റ് സ്‌കൂളിന്റെ ഭാഗമായി നേരത്തെ തന്നെ ഉബുണ്ടുവിനെ കസ്റ്റമൈസ് ചെയ്ത് ഉപയോഗിക്കുന്നു. ഇപ്പോള്‍ ഇന്ത്യയിലെ കോടതികള്‍ മുഴുവനും ഉബുണ്ടു കസ്റ്റമൈസ് ചെയ്തുപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.

ഉബുണ്ടുവിന്റെ മുന്‍പതിപ്പായ 11.04 ന്റെ കെട്ടുറപ്പില്‍ ഊന്നിത്തന്നെയാണ് പുതിയ പതിപ്പും പുറത്തിറക്കിയത്. ആയതിനാല്‍ സമൂലമായ അഴിച്ചുപണി ഈ പതിപ്പില്‍ കാണുന്നില്ല. എങ്കിലും ഒരു പുതിയ പതിപ്പിന് ആവശ്യമായ കുറെയേറെ പരിഷ്‌ക്കാരങ്ങള്‍ ഇതില്‍ കാണാവുന്നതാണ്. 

നിലവിലുള്ള പതിപ്പായ 11.04 ന്റെ പ്രധാന സവിഷേത തന്നെ അതിന്റെ യൂണിറ്റി ഡസ്‌ക്‌ടോപ്പ് ആയിരുന്നു. സ്മാര്‍ട്ട്‌ഫോണുകളുടെയും ടാബ്‌ലറ്റുകളുടെയും ഡസ്‌ക്‌ടോപ്പില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു നിര്‍മ്മിച്ച യൂണിറ്റി ഡെസ്‌ക്‌ടോപ്പിനെ നിലനിര്‍ത്തിക്കൊണ്ട് അതില്‍ ഒട്ടേറെ പരിഷ്‌ക്കരണങ്ങള്‍ വരുത്തിയാണ് പുതിയ പതിപ്പ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. GNOME 3.0 ഗ്രാഫിക്കല്‍ ഇന്റര്‍ഫേസും ലിനക്‌സ് കേണല്‍ 3.0.0-12.20 ഉമാണ് പുതിയ പതിപ്പിന്റെ കരുത്ത്.

ലോഗിന്‍ വിന്‍ഡോയില്‍ തുടങ്ങുന്നു മാറ്റം. യൂണിറ്റി ഡെസ്‌ക്‌ടോപ്പിന് അനുസൃതമായ രീതിയില്‍തന്നെ LightDM എന്ന പേരില്‍ വളരെ ചെറുതും ആകര്‍ഷകവുമായ പുതിയ ലോഗിന്‍ വിന്‍ഡോ സൃഷ്ടിച്ചിരിക്കുന്നു. 

ഡാഷ് ബട്ടനെ (വിന്‍ഡോസിലെ സ്റ്റാര്‍ട്ട്ബട്ടണ്‍) വലത്തുനിന്ന് കൂടുതല്‍ സൗകര്യപ്രദമായ ഇടത്തോട്ട് മാറ്റി ലോഞ്ച് ബാറിന്റെ കൂടെ ചേര്‍ത്തിരിക്കുന്നു. ഗ്ലാസ് ഇഫക്ടുകളും മനോഹരമായ ഐക്കണും നല്‍കി ഇതിനെ മിഴിവാക്കിയിരിക്കുന്നു. ഡാഷ് ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന സെര്‍ച്ച് ബോക്‌സ് വഴി പ്രോഗ്രാമുകള്‍ ആവശ്യത്തിനനുസരിച്ച് തിരഞ്ഞെടുക്കാം. സിസ്റ്റം ഷട്ട്ഡൗണ്‍ ചെയ്യാനും മറ്റുമുള്ള പവര്‍ബട്ടണ്‍ പഴയ സ്ഥലത്തുതന്നെ നിലനിര്‍ത്തിയിരിക്കുന്നു.

മികച്ച ക്ലാരിറ്റിയിലുള്ള വാള്‍പേപ്പറുകളും ത്രീഡി ഇഫക്ടുകളും ഡസ്‌കടോപ്പിനെ മികച്ചതാക്കുന്നു. മാക്‌സിമൈസ് വിന്‍ഡോയില്‍ വിന്‍ഡോ കണ്‍ട്രോളുകള്‍ ഓട്ടോ ഹൈഡ് ആവുന്നതും കുറഞ്ഞ ഹാര്‍ഡ്‌വെയര്‍ കോണ്‍ഫിഗറേഷനുള്ളവര്‍ക്ക് യൂണിറ്റിയുടെ ത്രീഡി വേര്‍ഷനിലേക്ക് മാറാനുള്ള സൗകര്യവും പുതുമയുള്ള ഫീച്ചറുകളാണ്. ആപ്ലിക്കേഷനുകള്‍ സ്വിച്ച് ചെയ്യാവുന്ന ALT+Tab സൗകര്യവും കൊണ്ടുവന്നിരിക്കുന്നു.

ആപ്ലിക്കേഷനുകള്‍

ഫയര്‍ഫോക്‌സ് 7 : ഫയര്‍ഫോക്‌സിന്റെ ഏറ്റവും പുതിയ പതിപ്പായ ഫയര്‍ഫോക്‌സ് 7 ആണ്് ബ്രൗസറായി ഉപയോഗിച്ചിരിക്കുന്നത്. അതേസമയം ഓഫീസ് ആപ്ലിക്കേഷനായി ലിബ്ര ഓഫീസി (3.4) നെത്തന്നെ നിലനിര്‍ത്തിയിട്ടുമുണ്ട്. മോസില്ല തണ്ടര്‍ബേര്‍ഡ് ഡീഫാള്‍ട്ട് ഇമെയില്‍ ആപ്ലിക്കേഷനായി മോസില്ല തണ്ടര്‍ബേര്‍ഡും ഫോട്ടോ എഡിറ്റിങ്ങിനായി ഷോട്‌വെല്‍ ഫോട്ടോ മാനേജര്‍ എന്ന ആപ്ലിക്കേഷനും ഉപയോഗിക്കാം. കൂടാതെ പതിവുള്ള മറ്റു ആപ്ലിക്കേഷനുകളും ഗെയിമുകളും ലഭ്യം.

സോഫ്റ്റ്‌െവയര്‍ സെന്റര്‍ : നിരവധി ഉപയോഗപ്രദമായ ആപ്ലിക്കേഷനുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഉബുണ്ടു തങ്ങളുടെ സോഫ്ട്‌വേര്‍ സെന്റര്‍ (5.00) പരിഷ്‌കരിച്ചിരിക്കുന്നു. ഐക്കണുകളെ വലുതാക്കി ലേഔട്ടിലും മറ്റുമായി കാര്യമായി അഴിച്ചുപണി നടത്തിയിരിക്കുന്നു. സോഫ്ട്‌വേറുകള്‍ കണ്ടെത്തുന്നതും ഇന്‍സ്റ്റാള്‍ ചെയ്യുന്നതും ഇനിമുതല്‍ കൂടുതല്‍ വേഗത്തില്‍ സാധ്യമാകും.

 

ദേജാ ഡപ് ബാക്കപ്പ് സംവിധാനം : ഫയലുകള്‍ മറ്റു ഡ്രൈവുകളിലോ ഓണ്‍ലൈന്‍ ആയോ ബാക്ക് അപ്പ് ചെയ്യാനുള്ള 'Deja Dup' ആപ്ലിക്കേഷന്‍. 

ഉബുണ്ടു ക്ലൗഡ് : ഉബുണ്ടു ക്ലൗഡ് എന്ന സംവിധാനവും പുതിയപതിപ്പ് വഴി ഒരുക്കിയിട്ടുണ്ട്. 5 ജിബി സ്ഥലം സൗജന്യമായി ലഭിക്കും. ഫയലുകള്‍ ബാക്കപ്പ് ചെയ്യാനും മറ്റും ഈ സൗകര്യം ഉപയോഗിക്കാവുന്നതാണ്. 64 ബിറ്റ് ഉബുണ്ടു ഉപയോക്താക്കള്‍ക്കും 32 ബിറ്റ് ഉബുണ്ടു ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സഹായിക്കുന്ന സംവിധാനമായ മള്‍ട്ടിആര്‍ക് തുടങ്ങിയവയെല്ലാം പുതിയ പതിപ്പിന്റെ പ്രത്യേകതകളാണ്.

സിസ്റ്റം കോണ്‍ഫിഗറേഷന്‍ : മിനിമം 1 ജിബി റാമും 1 ജിഗാഹെര്‍ട്‌സ് പ്രൊസസ്സര്‍ സ്്പീഡും 15 ജിബിയെങ്കിലും ഹാര്‍ഡ് ഡിസ്‌കില്‍ സ്ഥലവും ഉള്ളവരേ പുതിയ പതിപ്പിനായി ശ്രമിക്കേണ്ടതുള്ളൂ. 

അടുത്ത പതിപ്പിന്റെ പേരും റിലീസിങ് തിയ്യതിയും ഇപ്പോള്‍തന്നെ ഉബുണ്ടു പ്രഖ്യാപിച്ചുകഴിഞ്ഞു. Precise Pangolin എന്ന കോഡുനാമത്തില്‍ അറിയപ്പെടുന്ന ഉബുണ്ടു 12.04, 2012 ഏപ്രിലില്‍ പുറത്തിറങ്ങും. മാത്രമല്ല പതിവില്‍ ിന്ന് വിത്യസ്തമായി ഇത് മൂന്നുവര്‍ഷത്തേക്കുള്ളത് (Long Term Support (LTS) release) ആയിരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Newsletter