'പ്രോജക്ട് ഗ്ലാസി'ന് ഗൂഗിള്‍ പേറ്റന്റ് നേടി
- Last Updated on 17 May 2012
- Hits: 7
പ്രോജക്‌സ് ഗ്ലാസ്' എന്ന നൂതനപദ്ധതിയ്ക്ക് പിന്നിലെ സങ്കേതത്തിന് സെര്‍ച്ച് ഭീമന്‍ ഗൂഗിള്‍ പേറ്റന്റ് നേടി. കണ്ണടപോലെ ധരിക്കാവുന്ന ഒരു ഉപകരണം വഴി ശബ്ദനിര്‍ദേശങ്ങള്‍ വഴി സൈബര്‍ലോകത്തേക്ക് കടക്കാന്‍ സഹായിക്കുന്ന പദ്ധതിയാണ് 'പ്രോജക്ട് ഗ്ലാസ്'.
ഓഗ്‌മെന്റഡ് റിയാലിറ്റി ഗ്ലാസിന്റെ സഹായത്തോടെ, പരമ്പഗാത പ്രതീതിയാഥാര്‍ഥ്യ (virtual reality)ത്തിന് പകരം 'സമീപയാഥാര്‍ഥ്യം' സാധ്യമാക്കുന്ന സങ്കേതമാണ് പ്രോജക്ട് ഗ്ലാസിലേത്. അതിന്റെ വിവരങ്ങള്‍ കഴിഞ്ഞ മാസമാണ് ഗൂഗിള്‍ ആദ്യമായി പുറത്തുവിട്ടത്.
കണ്ണടപോലെ ധരിക്കാവുന്ന ഉപകരണത്തിന് മൂന്ന് പേറ്റന്റുകളാണ് ഗൂഗിള്‍ സ്വന്തമാക്കിയത്. ഉപകരണം ധരിക്കുന്നയാളുടെ മുന്നില്‍ ഡേറ്റ ഡിസ്‌പ്ലെ ചെയ്യുന്ന രീതിയും പേറ്റന്റ് റഫറന്‍സില്‍ വരുന്നു.
ഭാവിയിലെ സ്വപ്നപദ്ധതികള്‍ ആവിഷ്‌ക്കരിക്കാനായി രൂപംനല്‍കിയ ഗൂഗിള്‍ എക്‌സ് (Google X) എന്ന രഹസ്യലാബിലാണ് പ്രോജക്ട് ഗ്ലാസ് പദ്ധതി ഗൂഗിള്‍ വികസിപ്പിക്കുന്നത്. ഗൂഗിളിന്റെ സഹസ്ഥാപകനായ സെര്‍ജി ബ്രിന്‍ ആണ് ലാബിന്റെ മേല്‍നോട്ടം വഹിക്കുന്നത്.
ഗൂഗിള്‍ എക്‌സില്‍നിന്ന് പുറത്തുവരുന്ന രണ്ടാമത്തെ പദ്ധതിയാണ് പ്രോജക്ട് ഗ്ലാസ്. ഡ്രൈവറില്ലാതെ കാറോടിക്കാനുള്ള സങ്കേതമാണ് ആദ്യത്തേത്. ആ സങ്കേതം പരീക്ഷിക്കാന്‍ അടുത്തയിടെയാണ് നിവേഡ സംസ്ഥാനം ഗൂഗിളിന് ലൈസന്‍സ് നല്‍കിയത്.
പ്രോജക്ട് ഗ്ലാസ് പദ്ധതിയെക്കുറിച്ചുള്ള അറിയിപ്പ് പ്രസിദ്ധീകരിച്ചത് ഗൂഗിള്‍ പ്ലസിലാണ്. പ്രോജക്ട് ഗ്ലാസ് പദ്ധതിയെ നയിക്കുന്ന സങ്കല്‍പ്പം എന്താണെന്ന് വ്യക്തമാക്കാന്‍, ഒരു വീഡിയോയും ഗൂഗിള്‍ പുറത്തു വിടുകയുണ്ടായി. കണ്ണട പോലെ തലയില്‍ ധരിക്കാവുന്ന ലളിതമായ ഒരുപകരണം. അതിലൂടെ ഒരാളുടെ ഒരാളുടെ ഒരു ദിവസം എങ്ങനെയാകുമെന്നാണ് വീഡിയോ കാട്ടിത്തരുന്നത്.