05July2012

You are here: Home Technology ഇന്റല്‍ ഇന്‍സൈഡ് ഫോണുമായി ഓറഞ്ച്‌

ഇന്റല്‍ ഇന്‍സൈഡ് ഫോണുമായി ഓറഞ്ച്‌

'ഇന്റല്‍ ഇന്‍സൈഡ്'. നമ്മുടെ നാട്ടിലെ മിക്ക കമ്പ്യൂട്ടറുകളിലും ഇത്തരമൊരു ചെറുസ്റ്റിക്കര്‍ കാണാം. ആ കമ്പ്യൂട്ടറില്‍ ഇന്റലിന്റെ പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത് എന്നതിന്റെ തെളിവാണിത്. ലോകത്തിലെ ഏറ്റവും വലിയ സെമികണ്ടക്ടര്‍ ചിപ്പ് നിര്‍മാതാക്കള്‍ എന്ന ബഹുമതി വര്‍ഷങ്ങളായി കൈയടക്കിവച്ചിരിക്കുകയാണ് ഇന്റല്‍ എന്ന അമേരിക്കന്‍ കമ്പനി. എ.എം.ഡി.

പോലുള്ള വിലകുറഞ്ഞ പ്രൊസസറുകള്‍ കച്ചവടത്തില്‍ കാര്യമായ കുറവുവരുത്തിയെങ്കിലും കഴിഞ്ഞവര്‍ഷവും ഇന്റല്‍ 1200 കോടി ഡോളര്‍ ലാഭമുണ്ടാക്കി. പ്രൊസസറിന്റെ വേഗത്തിലും കാര്യക്ഷമതയുടെയും കാര്യത്തില്‍ ഇന്റലിനെ വെല്ലാന്‍ മറ്റൊരു കമ്പനിയില്ലെന്ന് ലോകം ഉറച്ചുവിശ്വസിക്കുന്നു എന്നതിന്റെ തെളിവാണ് ഈ ലാഭക്കണക്ക്.

പേഴ്‌സണല്‍ കമ്പ്യൂട്ടറുകളെ ഉപേക്ഷിച്ച് ലോകം സ്മാര്‍ട്‌ഫോണുകളുടെ പുറകെ പോകുകയാണെന്ന് കണ്ടതോടെ ഇന്റല്‍ ഇപ്പോള്‍ മൊബൈലുകള്‍ക്ക് വേണ്ട പ്രൊസസറും നിര്‍മിച്ചുതുടങ്ങിയിരിക്കുന്നു. ഇന്റല്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ സ്മാര്‍ട്‌ഫോണ്‍ ഈ മാസം യൂറോപ്യന്‍ വിപണിയിലെത്തും. ഫ്രഞ്ച് ടെലികോം കമ്പനിയായ ഓറഞ്ച്, ബ്രിട്ടനിലെ മൊബൈല്‍ കമ്പനിയായ എവരിതിങ്, എവരിവേര്‍ (ഇ.ഇ.) എന്നിവയുമായി സഹകരിച്ചുകൊണ്ട് പുറത്തിറങ്ങുന്ന ഇന്റല്‍ സ്മാര്‍ട്‌ഫോണിന്റെ പേര് സാന്‍ഡിയാഗോ. ജൂണ്‍ ആറു മുതല്‍ സാന്‍ഡിയാഗോ ബ്രിട്ടനില്‍ ലഭിച്ചുതുടങ്ങും. ഏതാനും ആ്െചകള്‍ക്കുള്ളില്‍ കക്ഷി ഫ്രാന്‍സിലുമെത്തും. ചൈനീസ് കമ്പനിയായ ഗിഗാബൈറ്റ് ആണ് ഓറഞ്ചിനുവേണ്ടി ഈ ഫോണ്‍ നിര്‍മിച്ചുനല്‍കുന്നത്.

ഇന്റല്‍ പ്രൊസസറുപയോഗിച്ച് ഓറഞ്ച് സ്മാര്‍ട്‌ഫോണ്‍ ഇറക്കുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് ഇതില്‍ അഭിമാനിക്കാന്‍ കാരണമുണ്ട്. ലോകത്തിലെ ആദ്യ ഇന്റല്‍ഫോണ്‍ അവതരിപ്പിച്ചത് ഒരു ഇന്ത്യന്‍ കമ്പനിയാണ് എന്നതുതന്നെ കാരണം. നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലാവ മൊബൈല്‍ ആണ് 

സോളോ എക്‌സ് 900 എന്ന പേരില്‍ ഇന്റല്‍ ഫോണ്‍ അവതരിപ്പിച്ചത്. ചൈനീസ് കമ്പനിയായ ലെനോവോ ലെഫോണ്‍ കെ800 എന്ന പേരില്‍ കഴിഞ്ഞയാഴ്ച ഇന്റല്‍ഫോണ്‍ പുറത്തിറക്കിയിരുന്നു. ഇന്റല്‍ പ്രൊസറുപയോഗിക്കുന്ന മുന്നാമത്തെ ഫോണായി മാറുകയാണ് ഓറഞ്ചിന്റെ സാന്‍ഡിയാഗോ.

ഇന്റലിന്റെ ആറ്റം സെഡ് 2460 എന്ന സിംഗിള്‍കോര്‍ പ്രൊസസറാണ് സാന്‍ഡിയാഗോവിലുണ്ടാകുക. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഉപയോഗിക്കാനായി ഇന്റല്‍ രൂപകല്‍പന ചെയ്ത പ്രൊസസറാണിത്. 

ബ്രിട്ടീഷ് കമ്പനിയായ എ.ആര്‍.എമ്മിന്റെ പ്രൊസസറുകളാണ് നിലവിലെ മിക്ക സ്മാര്‍ട്‌ഫോണുകള്‍ക്കും കരുത്തുപകരുന്നത്. അതുകൊണ്ടുതന്നെ എ.ആര്‍.എമ്മിന്റെ പ്രൊസസര്‍ വേഗത്തിനനുസരിച്ചാണ് ഇപ്പോള്‍ ആപ്ലിക്കേഷനുകള്‍ നിര്‍മിക്കപ്പെടുന്നത്. അത്തരം ആപ്‌സുകള്‍ തങ്ങളുടെ പ്രൊസസറുകളിലും കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാനുള്ള നടപടിക്രമങ്ങള്‍ ഇന്റല്‍ തുടങ്ങിവച്ചുകഴിഞ്ഞു.

ഇന്റല്‍ പ്രൊസസറുണ്ടെങ്കിലും കിടിലന്‍ സ്്മാര്‍ട്‌ഫോണൊന്നുമല്ല സാന്‍ഡിയാഗോ. 17,000 രൂപയാണ് ഇതിനുവില. നാലിഞ്ച് വിസ്താരമുള്ള സ്‌ക്രീനോടുകൂടിയ എന്‍ട്രിലെവല്‍ സ്മാര്‍ട്‌ഫോണ്‍ മാത്രമാണിത്. ഉപയോഗിച്ചിരിക്കുന്നതോ സിംഗിള്‍കോര്‍ പ്രൊസസറും. എച്ച്.ടി.സി.യും സാംസങും ഹ്വാവേയുമൊക്കെ ഡ്യുവല്‍കോറും ക്വാഡ്‌കോറുമൊക്കെയുള്ള പ്രൊസസറുകളുള്ള ഫോണുകള്‍ ഇറക്കുമ്പോള്‍ ഇന്റലിന്റെ സിംഗിള്‍കോര്‍ പ്രൊസസര്‍ ഫോണ്‍ എത്രപേര്‍ വാങ്ങും എന്നറിയില്ല. വിപണിയുടെ പ്രതികരണമറിഞ്ഞശേഷം കൂടുതല്‍ കരുത്തുള്ള മൊബൈല്‍ഫോണ്‍ പ്രൊസസര്‍ അവതരിപ്പിക്കാം എന്നാകും ഇന്റലിന്റെ ഉള്ളിലിരിപ്പ്.

Newsletter