06June2012

You are here: Home Technology വീഡിയോ ഷെയറിങിലെ 'ഇന്‍സ്റ്റഗ്രാം' ഏതാകും?

വീഡിയോ ഷെയറിങിലെ 'ഇന്‍സ്റ്റഗ്രാം' ഏതാകും?

വെറുമൊരു മൊബൈല്‍ ഫോട്ടോഷെയറിങ് ആപ്ലിക്കേഷന്‍ മാത്രമായിരുന്ന 'ഇന്‍സ്റ്റഗ്രാമി'ന്റെ അവസ്ഥ മാറിയത് നൂറുകോടി ഡോളറിന് ഇന്‍സ്റ്റഗ്രാം കമ്പനിയെ ഏറ്റെടുക്കാന്‍ കഴിഞ്ഞ മാസം ഫെയ്‌സ്ബുക്ക് തീരുമാനിച്ചതോടെയാണ്.

രംഗത്തെത്തി രണ്ടുവര്‍ഷം തികയുംമുമ്പ് ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് കമ്പനി പൊന്നുംവില നല്‍കി ഏറ്റെടുക്കുന്നതിന് പിന്നില്‍, ഇന്‍സ്റ്റഗ്രാമിന്റെ അസാധാരണമായ വിജയഗാഥ തന്നെയാണ്.

ഇന്‍സ്റ്റഗ്രാം ചരിത്രം രചിച്ചതോടെ മറ്റൊരു ചോദ്യം ഉയരുന്നു. മൊബൈല്‍ ആപ് (mobile app) രംഗത്ത് അടുത്ത 'ഇന്‍സ്റ്റഗ്രാം' ഏതായിരിക്കും. ഫോട്ടോഷെയറിങ് രംഗത്താണ് ഇന്‍സ്റ്റഗ്രാം സൂപ്പര്‍ഹിറ്റായതെങ്കില്‍, ഇനി അത്തരമൊരു സംഗതി ആവര്‍ത്തിക്കാന്‍ സാധ്യത വീഡിയോഷെയറിങ് രംഗത്താണ്.

സ്മാര്‍ട്ട്‌ഫോണുകളുടെ പ്രചാരം ഫോട്ടോയെടുക്കല്‍ മാത്രമല്ല അനായാസമാക്കിയത്, വീഡിയോ പിടിത്തവും എളുപ്പമാക്കി. സ്വാഭാവികമായും മൊബൈലുകളില്‍ ഫോട്ടോയെടുത്ത് സോഷ്യല്‍നെറ്റ്‌വര്‍ക്കുകളില്‍ പങ്കിടുന്ന അതേ രീതിയില്‍ വീഡിയോയും മൊബൈലുപയോഗിച്ചു പിടിച്ച് ഫെയ്‌സ്ബുക്കിലും ഗൂഗിള്‍ പ്ലസിലും ട്വിറ്ററിലുമൊക്കെ പങ്കുവെയ്ക്കാം.

ഫോട്ടോഷെയറിങിന്റെ രംഗത്ത് ഇന്‍സ്റ്റഗ്രാം എന്നതുപോലെ, വീഡിയോഷെയറിങ് രംഗത്ത് 'വിഡി', 'സോഷ്യല്‍കാം' തുടങ്ങിയ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ജനപ്രീതി നേടുകയാണ്. ബ്രിട്‌നി സ്പിയേഴ്‌സ് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ഇത്തരം മൊബൈല്‍ ആപുകള്‍ക്കുള്ളിലും, മറ്റ് സോഷ്യല്‍ പ്ലാറ്റ്‌ഫോമുകളിലും ആരാധകര്‍ക്കായി വീഡിയോ പങ്കിടുന്നു.

പ്രത്യേക ഫില്‍ട്ടറുകളുപയോഗിച്ച് ഫോട്ടോകളുടെ കളര്‍ബാലന്‍സും മിഴിവും വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് ഇന്‍സ്റ്റഗ്രാമിന്റെ ഏറ്റവും വലിയ സവിശേഷത. അതേപാത പിന്തുടരുന്നവയാണ് മേല്‍പ്പറഞ്ഞ വീഡിയോ ആപുകളും. നിങ്ങളെടുക്കുന്ന വീഡിയോദൃശ്യങ്ങള്‍ ഫില്‍ട്ടറുകളുപയോഗിച്ച് മെച്ചപ്പെടുത്താനും ബാക്ക്ഗ്രൗണ്ട് മ്യൂസിക് നല്‍കാനുമൊക്കെ അതുപയോഗിച്ച് സാധിക്കും.

മറ്റൊരു സോഷ്യല്‍ വീഡിയോ സര്‍വീസ് അണിയറയില്‍ ഒരുങ്ങുകയാണ് - എയര്‍ടൈം (Airtime). 'നാപ്സ്റ്ററി'ന്റെ സഹസ്ഥാപകരായ ഷോണ്‍ ഫാനിങ്, സീന്‍ പാര്‍ക്കര്‍ എന്നിവരാണ് എയര്‍ടൈമിന് പിന്നില്‍. തീര്‍ച്ചയായും വീഡിയോഷെയറിങ് രംഗം മുന്നേറുക തന്നെയാണ്.

നിലവിലുള്ള ചില പ്രമുഖ വീഡിയോ ഷെയറിങ് ആപ്ലിക്കേഷനുകളെ പരിചയപ്പെടാം-

സോഷ്യല്‍കാം (Socialcam)
ഈ ആപ് ആന്‍ഡ്രോയിഡിലും ഐഫോണിലും ലഭ്യമാണ്. ചെറിയ തരത്തിലൊരു വീഡിയോ ഷെയറിങ് സ്റ്റുഡിയോ പോക്കറ്റിലുള്ളതിന് സമാനമാണ് സോഷ്യല്‍കാം. ഫില്‍ട്ടറുകളുടെ സഹായത്തോടെ എടുക്കുന്ന വീഡിയോകളുടെ സ്വഭാവം നിശ്ചയിക്കാനും, മുന്‍കൂര്‍ റെക്കോര്‍ഡ് ചെയ്തിട്ടുള്ള ശബ്ദവീചികള്‍ വീഡിയോയില്‍ സന്നിവേശിപ്പിക്കാനും ഈ ആപ് ഉപയോഗിച്ച് സാധിക്കും.

ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവയില്‍ മാത്രമല്ല, യുട്യൂബ്, ടംബ്‌ളര്‍, പോസ്റ്റിരസ്, ഡ്രോപ്പ്‌ബോക്‌സ് തുടങ്ങി ഒട്ടേറെ സോഷ്യല്‍ സൈറ്റുകളില്‍ വീഡിയോ പങ്കിടാനും സോഷ്യല്‍കാം വഴി എളുപ്പത്തില്‍ കഴിയും. മാത്രമല്ല, ഈമെയില്‍, എസ്എംഎസ് എന്നിവ വഴി മറ്റുള്ളവരിലേക്ക് വീഡിയോ എത്തിക്കാനും സാധിക്കും. പേര് സൂചിപ്പിക്കുംപോലെ തികച്ചും സോഷ്യലാണ് ഈ ആപ് എന്നുസാരം.

വിഡി (Viddy)
ഈ ആപ്ലിക്കേഷന്‍ ഐഫോണില്‍ മാത്രമേ ഇപ്പോള്‍ ലഭ്യമായിട്ടുള്ളൂ. ചെറിയ വീഡിയോക്ലിപ്പിങുകളാണ് വിഡി ഉപയോഗിച്ച് പങ്കിടാന്‍ കഴിയുക. പരമാവധി 15 സെക്കന്‍ഡ് ആണ് വിഡി വഴി പങ്കിടാന്‍ പറ്റുന്ന വീഡിയോക്ലിപ്പിങുകളുടെ പരമാവധി ദൈര്‍ഘ്യം.

സോഷ്യല്‍കാം പോലെ വിഡിയും വിവിധ ഫീച്ചറുകളുള്ള ആപ്ലിക്കേഷനാണ്. വൈറ്റ് ബാലന്‍സ്, ഫോക്കസ് തുടങ്ങിയവ നിശ്ചയിച്ച് അത് നിലനിര്‍ത്തിക്കൊണ്ട് വീഡിയോ പിടിക്കാന്‍ വിഡി സഹായിക്കും. വിഡി ആപ്ലിക്കേഷനിലെ ഓരോ ഫില്‍ട്ടറുകളിലെയും സൗണ്ട്ട്രാക്ക് വേണമെങ്കില്‍ ഓണ്‍ ചെയ്യുകയോ ഓഫ് ചെയ്യുകയോ ആവാം.

ഒട്ടേറെ മാര്‍ഗങ്ങളിലൂടെ സുഹൃത്തുക്കളുമായി വീഡിയോ പങ്കിടാന്‍ വിഡി അവസരമൊരുക്കുന്നു. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, യുട്യൂബ്, ടംബഌ തുടങ്ങിയവയില്‍ പോസ്റ്റു ചെയ്യാം. യൂസര്‍മാര്‍, സ്ഥലങ്ങള്‍, വസ്തുവകകള്‍ മുതലായവ ടാഗ് ചെയ്യാനും വിഡി സഹായിക്കും. ഈമെയില്‍, എസ്എംഎസ് വഴി സുഹൃത്തുക്കള്‍ക്ക് വീഡിയോ അയയ്ക്കുകയുമാവാം.

സിനിമാഗ്രാം (Cinemagram)
സിനിമാഗ്രാമും ഐഫോണില്‍ മാത്രമേ ഇപ്പോള്‍ ലഭ്യമായിട്ടുള്ളൂ. ചെറു വീഡിയോക്ലിപ്പുകളെ ആനിമേറ്റഡ് GIF ഫയലുകളായിക്കി പരിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് സിനിമാഗ്രാം.

ഒരു ചെറുവീഡിയോ പിടിക്കുക. അതില്‍ ഏതാനും സെക്കന്‍ഡുകള്‍ സെലക്ട് ചെയ്യുക. സിനിമാഗ്രാം ആ വീഡിയോക്ലിപ്പിന്റെ ആദ്യ ഫ്രെയിം ഒരു നിശ്ചലചിത്രമായി കാണിക്കും. ആ ചിത്രത്തിലെ ഏതുഭാഗം വേണമെങ്കിലും വിരലുപയോഗിച്ച് ആനിമേറ്റഡ് രൂപത്തിലേക്ക് മാറ്റാം.

അല്‍പ്പം സര്‍ഗാത്മകമായി കാര്യങ്ങളെ സമീപിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍, സിനിമാഗ്രാം ഉപയോഗിച്ച് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകും. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ടംബഌ എന്നിവയില്‍ അത്തരം ആനിമേറ്റഡ് ഫയലുകള്‍ പങ്കിടുക മാത്രമല്ല, സുഹൃത്തുക്കള്‍ക്ക് അത് ഈമെയില്‍ ചെയ്യുകയുമാകാം.

ടൗട്ട് (Tout)
ആന്‍ഡ്രോയിഡിലും ഐഫോണിലും ഈ ആപ്ലിക്കേഷന്‍ ലഭ്യമാണ്. വിഡി പോലെ 15 സെക്കന്‍ഡ് വീഡിയോകളാണ് ടൗട്ട് ഉപയോഗിച്ച് ഷൂട്ടുചെയ്ത് പങ്കിടാന്‍ കഴിയുക. എന്നാല്‍, വളരെ വേഗത്തില്‍ സുഹൃത്തുക്കളുമായി വീഡിയോ പങ്കിടാന്‍ ഈ ആപ് സഹായിക്കുന്നു.

പക്ഷേ, ഫില്‍ട്ടറുകളുടെ അഭാവമാണ് ഇതിന്റെ പോരായ്മ. മാത്രമല്ല, ഐഫോണിലെ ഡിജിറ്റല്‍ സൂം ഉപയോഗിക്കാനും കഴിയില്ല. വീഡിയോ വെറുതെ പിടിക്കുക, 15 സെക്കന്‍ഡാകുമ്പോള്‍ അത് അവസാനിക്കും. റിക്കോര്‍ഡ് ചെയ്തു കഴിഞ്ഞാല്‍ അതിന്റെ വിവരണം ചേര്‍ക്കാം, ഏത് സോഷ്യല്‍ നെറ്റ്‌വര്‍ക്കിലാണ് പങ്കിടണ്ടേതെന്ന് തീരുമാനിക്കാം.

ടൗട്ട് ആപ് ഉപയോഗിച്ച് മറ്റ് യൂസര്‍മാര്‍ പൊതുവായി പോസ്റ്റുചെയ്ത വീഡിയോകള്‍ പരിശോധിക്കാനാകും. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ എന്നിവയില്‍ പങ്കിടുക മാത്രമല്ല, ഈമെയില്‍, എസ്എംഎസ് എന്നിവ വഴി വീഡിയോകള്‍ സുഹൃത്തുക്കള്‍ക്ക് അയയ്ക്കുകയുമാകാം.
(കടപ്പാട്: ടെക്‌നോളജി റിവ്യൂ)

Newsletter