അമേരിക്കയുടേതിലും കൂടുതല്‍ കാശ് ആപ്പിളിന്റെ കൈയില്‍!
- Last Updated on 26 May 2012
- Hits: 11
ആരും നടുങ്ങരുത്, കണക്കുകള്‍ കള്ളം പറയില്ല. അമേരിക്കന്‍ സര്‍ക്കാരിന്റെ പക്കലുള്ളതിലും കൂടുതല്‍ കാശ് ഇപ്പോള്‍ ആപ്പിള്‍ കമ്പനിയുടെ കൈയിലുണ്ട് !
യു.എസ്.ട്രഷറി വകുപ്പ് പുറത്തുവിട്ട ഏറ്റവും ഒടുവിലത്തെ കണക്കു പ്രകാരം രാജ്യത്തിന്റെ പക്കലുള്ള നീക്കിയിരുപ്പ് 73.7 ബില്യണ്‍ ഡോളറാണ്.
അതേസമയം, ഏറ്റവുമൊടുവിലത്തെ സാമ്പത്തിക റിപ്പോര്‍ട്ട് അനുസരിച്ച് ആപ്പിളിന്റെ കാര്യത്തില്‍ ഇത് 76.4 ബില്യണ്‍ ഡോളറാണ്.
കൂടുതല്‍ കടംവാങ്ങാന്‍ ഒബാമ ഭരണകൂടത്തിന് അനുവാദം നല്‍കാനുള്ള ബില്ല് യു.എസ്.പ്രതിനിധിസഭയില്‍ വോട്ടെടുപ്പിന് വരാനിരിക്കുകയാണ്.
നിലവില്‍ രാജ്യത്തിന്റെ കടബാധ്യതാപരിധി 14.3 ട്രില്യണ്‍ ഡോളറാണ്. ഈ പരിധി ഉയര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതാണ് ബില്ല്. ബില്ല് പാസായില്ലെങ്കില്‍ ഒബാമ ഭരണകൂടം ദൈനംദിന കാര്യങ്ങള്‍ക്ക് തന്നെ ഞെരുക്കത്തിലാകും.
യു.എസ്.ഭരണകൂടത്തിന്റെ പ്രതിമാസ ചെലവ് ഇപ്പോള്‍ 2000 ബില്യണ്‍ ഡോളറാണ്, വരുമാനത്തിലും അധികം.
അതേസമയം ആപ്പിളിന്റെ കാര്യത്തില്‍ വരുമാനം ഓരോ വര്‍ഷവും വര്‍ധിക്കുകയാണ്. ജൂണ്‍ 25 ന് അവസാനിച്ച മൂന്നുമാസ കാലയളവില്‍, ഒരുവര്‍ഷം മുമ്പത്തെ അപേക്ഷിച്ച് ആപ്പിളിന്റെ വരുമാനം 125 ശതമാനമാണ് വര്‍ധിച്ചത്.
നിലവില്‍ ആപ്പിളിന്റെ കൈയിലുള്ള 76.4 ബില്യണ്‍ ഡോളര്‍ നീക്കിയിരുപ്പ് എന്തിനുപയോഗിക്കും എന്നതിനെക്കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.
കൂടുതല്‍ സ്ഥാപനങ്ങളെ ഏറ്റെടുത്തുകൊണ്ട് തങ്ങളുടെ സമ്രാജ്യം വികസിപ്പിക്കാനാകും ആപ്പിള്‍ ശ്രമിക്കുക എന്ന് ചില നിരീക്ഷകര്‍ കരുതുന്നു.
'ബാണ്‍സ് ആന്‍ഡ് നോബിള്‍' (Barnes and Noble) എന്ന പുസ്തവില്‍പ്പനശാല, മൂവി സൈറ്റായ 'നെറ്റ്ഫ്ലാക്‌സ്' (Netflix) എന്നവ ആപ്പിള്‍ സ്വന്തമാക്കാന്‍ ഉദ്ദേശിക്കുന്നതായി സൂചനയുണ്ട്.
കൂടുതല്‍ പേറ്റന്റുകള്‍ വാങ്ങി സ്വന്തമാക്കാനും ആപ്പിള്‍ ശ്രമിക്കുമെന്ന് കരുതുന്നുവരുണ്ട്. ആപ്പിള്‍ അടുത്തയിടെ മൈക്രോസോഫ്ട് ഉള്‍പ്പടെയുള്ള കമ്പനികളുമായി ചേര്‍ന്ന് കനേഡിയന്‍ കമ്പനിയായ 'നോര്‍ട്ടലി'ന്റെ (Nortel) പക്കല്‍നിന്ന് 4.5 ബില്യണ്‍ ഡോളറിന് ആറായിരം പേറ്റന്റ് വാങ്ങിയിരുന്നു.