31May2012

You are here: Home Technology നോളജ് ഗ്രാഫ് എത്തുന്നു : ഗൂഗിള്‍ സെര്‍ച്ച് സ്മാര്‍ട്ടാകും

നോളജ് ഗ്രാഫ് എത്തുന്നു : ഗൂഗിള്‍ സെര്‍ച്ച് സ്മാര്‍ട്ടാകും

അരപതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പരിഷ്‌ക്കരണത്തിന് ഗൂഗിള്‍ സെര്‍ച്ച് വിധേയമാകുന്നു. 'നോളജ് ഗ്രാഫ്' എന്ന് പേരിട്ട പുതിയ സംവിധാനം വഴി സെര്‍ച്ചിനെ സ്മാര്‍ട്ടാക്കാനാണ് ഗൂഗിളിന്റെ നീക്കം. 

സെര്‍ച്ചിന്റെ ഭാവിമുഖമെന്ന് വിലയിരുത്തപ്പെടുന്ന ഈ മാറ്റം വഴി, ഗൂഗിള്‍ സെര്‍ച്ച്

ആയിരം മടങ്ങ് സ്മാര്‍ട്ടാകുമെന്ന് 'മാഷബിള്‍' വിലയിരുത്തുന്നു. ഇപ്പോള്‍ അമേരിക്കന്‍ ഉപയോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങിയ പുതിയ സംവിധാനം, അധികം വൈകാതെ ലോകമാകെ ലഭ്യമാകും.

വെബ്ബ്‌പേജുകളുടെ സെര്‍ച്ച് ലിങ്കുകള്‍ക്കൊപ്പം വീഡിയോ, ഷോപ്പിങ്, ഇമേജ് റിസള്‍ട്ടുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിക്കൊണ്ട് ഗൂഗിള്‍ അതിന്റെ 'യൂണിവേഴ്‌സല്‍ സെര്‍ച്ച്' (Universal Search) അവതരിപ്പിച്ചത് 2007 ലാണ്. അതിന് ശേഷം, സെര്‍ച്ച് രംഗത്ത് ഗൂഗിള്‍ വരുത്തുന്ന ഏറ്റവും പ്രധാനപ്പെട്ട മാറ്റമാണ് ഇപ്പോഴത്തേത്.

ഇത്രകാലവും ഗൂഗിള്‍ സെര്‍ച്ച് 'കീ വേഡ്' (key word) അധിഷ്ഠിതമായിരുന്നെങ്കില്‍, നോളജ് ഗ്രാഫി (Knowledge Graph)ന്റെ വരവോടെ അത് അടിമുടി മാറും. സെര്‍ച്ച് നിര്‍ദേശത്തെ ഇനിമുതല്‍ അതിന്റെ സമഗ്രതയിലാകും ഗൂഗിള്‍ സെര്‍ച്ച് കൈകാര്യം ചെയ്യുക. 

ഉദാഹരണത്തിന്, 'ബാംഗ്ലൂര്‍' എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ അത് വെറുമൊരു പേര് എന്ന നിലയ്ക്കാവില്ല ഗൂഗിള്‍ ഇനി മനസിലാക്കുക. അതൊരു നഗരമാണ്, കര്‍ണാടകത്തിന്റെ തലസ്ഥാനമാണ്, ആ നഗരം ദക്ഷിണേന്ത്യയിലാണ്, ദക്ഷിണേന്ത്യയില്‍ വെറെയും നഗരങ്ങളുണ്ട്....ഇങ്ങനെ സെര്‍ച്ച് നിര്‍ദേശത്തിന്റെ വ്യത്യസ്ത മാനങ്ങളും ബന്ധങ്ങളും മനസിലാക്കിയാകും സെര്‍ച്ച് ഫലം നല്‍കുക. 

2010 ല്‍ ഗൂഗിള്‍ സ്വന്തമാക്കിയ 'ഫ്രീബേസ്' (Freebase)വിക്കിപീഡിയ, ഗൂഗിള്‍ ലോക്കല്‍, ഗൂഗിള്‍ മാപ്‌സ്, ഗൂഗിള്‍ ഷോപ്പിങ് എന്നിങ്ങനെ വ്യത്യസ്തങ്ങളായ നോളജ് ഡേറ്റാബേസുകളുടെ സാധ്യതകള്‍ ചൂഷണം ചെയ്താണ് ഗൂഗിള്‍ നോളജ് ഗ്രാഫ് പ്രവര്‍ത്തിക്കുക. 

വ്യക്തികള്‍, സ്ഥലങ്ങള്‍, സാധനങ്ങള്‍ എന്നിവ ഉള്‍പ്പെടെ 500 മില്യണ്‍ സംഗതികളും, 350 കോടി വിവരങ്ങളും നോളജ് ഗ്രാഫില്‍ ഉള്‍പ്പെടുത്താന്‍ ഇതിനകം കഴിഞ്ഞിട്ടുള്ളതായിഗൂഗിളിന്റെ സെര്‍ച്ച് ബ്ലോഗില്‍ അമിത് സിംഹാള്‍ പറഞ്ഞു

സെര്‍ച്ച് ചെയ്യുമ്പോള്‍ സെര്‍ച്ച് ഫലമായി കുറെ വെബ്ബ്‌പേജുകളും, വീഡിയോ, ന്യൂസ് ലിങ്കുകള്‍ മാത്രമല്ല ഇനി ലഭിക്കുക. ഉദാഹരണത്തിന് എല്ലിന്‍ ഒച്ചൊവ എന്ന അമേരിക്കന്‍ ബഹിരാകാശ യാത്രികയെക്കുറിച്ച് സെര്‍ച്ച് ചെയ്യുന്നു എന്നിരിക്കട്ടെ. അവരെക്കുറിച്ച് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഒരു പ്രത്യേക ബോക്‌സ് സെര്‍ച്ച് ഫലത്തിനൊപ്പം പ്രത്യക്ഷപ്പെടും. സ്‌ക്രീനിന്റെ വലതുഭാഗത്താണ് ഈ വിവരങ്ങള്‍ പ്രത്യക്ഷപ്പെടുക.

ഒരു വ്യക്തിയുടെയോ സ്ഥലത്തിന്റെയോ കൃത്യമായ വിവരങ്ങള്‍ നോളജ് ഗ്രാഫില്‍ പ്രത്യക്ഷപ്പെടുന്നതിനൊപ്പം, കൂടുതല്‍ ആഴത്തില്‍ നമുക്ക് അറിയേണ്ട കാര്യങ്ങള്‍ അന്വേഷിക്കാനും അത് അവസരമൊരുക്കുന്നു. കൂടുതല്‍ 'കണ്ടെത്തലുകള്‍'ക്ക് നോളജ് ഗ്രാഫ് അവസരമൊരുക്കുമെന്ന് ഗൂഗിള്‍ ഉറപ്പു നല്‍കുന്നു. 

വിവിധ ഡേറ്റാബേസുകള്‍ നോളജ് ഗ്രാഫിനായി ഉപയോഗിക്കുന്ന കാര്യം പറഞ്ഞല്ലോ. അതില്‍ തെറ്റുണ്ടെങ്കിലോ. ഉദാഹരണത്തിന്, ഓണ്‍ലൈന്‍ സ്വതന്ത്രവിജ്ഞനകോശമായ വിക്കിപീഡിയയുടെ കാര്യമെടുക്കുക. ആര്‍ക്കും തിരുത്താവുന്ന ഒന്നാണത്. തെറ്റ് സംഭവിക്കാം. ഗൂഗിളിന്റെ നോളജ് ഗ്രാഫില്‍ ഒരു എറര്‍ റിപ്പോര്‍ട്ടിങ് സംവിധാനമുണ്ട്. തെറ്റായ വിവരം യൂസര്‍ക്ക് ലഭിച്ചാല്‍, ഗൂഗിള്‍ അക്കാര്യം വിവരസ്രോതസ്സിനെ അറിയിക്കുകയും, നോളജ് ഗ്രാഫ് മെച്ചപ്പെടുകയും ചെയ്യും. 

മൈക്രോസോഫ്റ്റിന്റെ ബിംഗ് (Bing) സെര്‍ച്ച് എഞ്ചിന്‍ അടുത്തയിടെയാണ് പരിഷ്‌ക്കരിച്ചത്. പരമ്പരാഗ സെര്‍ച്ച്ഫലത്തിന് അപ്പുറത്തേക്ക് ഉപയോക്താക്കളെ എത്തിക്കാനുള്ള സംഗതികള്‍ ബിംഗ് ഉള്‍പ്പെടുത്തുകയുണ്ടായി. 

Newsletter