സെര്‍ച്ചും മാപ്പും; ഗൂഗിളുമായി നേരിട്ട് ഏറ്റുമുട്ടാന്‍ ആപ്പിള്‍
- Last Updated on 18 June 2012
- Hits: 5
ഐഫോണിന്റെയും ഐപാഡിന്റെയും മൊബൈല്‍ പ്ലാറ്റ്‌ഫോമായ ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ വകഭേദം- 'ഐഒഎസ് 6' (iOS6) ആപ്പിള്‍ അവതരിപ്പിച്ചു. ആപ്പിള്‍ സ്വന്തംനിലയ്ക്ക് വികസിപ്പിച്ച മാപ്പിങ് സര്‍വീസാണ് പുതിയ സോഫ്ട്‌വേറിന്റെ ഏറ്റവും പ്രധാന സവിശേഷത. ഗൂഗില്‍ മാപ്‌സ് ഇനി ഐഫോണിലും ഐപാഡിലും ആവശ്യം ഇല്ല. ഒപ്പം ഐഫോണിലെ
ശബ്ദസഹായിയായ 'സിരി'യുടെ തിരച്ചില്‍ കഴിവും വര്‍ധിപ്പിച്ചിരിക്കുന്നു.
ഇതോടെ ഗൂഗിളുമായി നേരിട്ട് ഏറ്റമുട്ടുന്ന നിലയിലേക്ക് ആപ്പിള്‍ എത്തുകയാണ് - വിശേഷിച്ചും മാപ്‌സ് സര്‍വീസിന്റെ കാര്യത്തിലും ഗൂഗിളിന്റെ തുരുപ്പുശീട്ടായ സെര്‍ച്ചിന്റെ കാര്യത്തിലും. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോം ഉയര്‍ത്തുന്ന ഭീഷണിയെ ശക്തമായി നേരിടാനുള്ള നീക്കമാണ് ആപ്പിള്‍ നടത്തുന്നതെന്ന് വ്യക്തം.
സ്റ്റീവ് ജോബ്‌സില്‍ നിന്ന് ആപ്പിളിന്റെ ചുമതല കഴിഞ്ഞ ആഗസ്തില്‍ ഏറ്റെടുത്ത ടിം കുക്കാണ് പുതിയ സര്‍വീസുകള്‍ ചിട്ടപ്പെടുത്താന്‍ നേതൃത്വം നല്‍കിയത്. ആപ്പിളിന്റെ സ്വന്തം മാപ്‌സ് സര്‍വീസ് വര്‍ഷങ്ങളെടുത്ത് വികസിപ്പിച്ചത് ടിം കുക്കിന്റെ മേല്‍നോട്ടത്തിലാണ്. നാവിഗേഷന്‍ കമ്പനിയായ ടോംടോം (TomTom) ആണ് ആപ്പിളിന്റെ സര്‍വീസിനായി മാപ്പുകള്‍ നല്‍കുന്നത്.
ഇത്രകാലവും മുന്‍കൂര്‍ ലോഡ് ചെയ്ത ഗൂഗിള്‍ മാപ്‌സ് ആപ്പ് ഐഫോണിന്റെയും ഐപാഡിന്റെയും ഭാഗമായിരുന്നു. എന്നാല്‍, താമസിയാതെ ഐഒഎസ് 6 രംഗത്തെത്തുമ്പോള്‍, ഗൂഗിള്‍ മാപ്‌സ് ഐഫോണിലും ഐപാഡിലും ഉണ്ടാകില്ല. പകരം ആപ്പിളിന്റെ സ്വന്തം മാപ്‌സ് സര്‍വീസാകും കാണുക. ഇത് ഗൂഗിളിന് കനത്ത ആഘാതമാകുമെന്ന് വിലയിരുത്തപ്പെടുന്നു. കാരണം, ഗൂഗിളിന്റെ മൊബൈല്‍ മാപ്പ് ട്രാഫിക്കില്‍ ഏതാണ്ട് പകുതിയും ആപ്പിള്‍ ഉപകരണങ്ങളില്‍ നിന്നാണുണ്ടാകുന്നത്.
മുമ്പ് മാപ്‌സ് ഉള്‍പ്പടെ പല സര്‍വീസുകള്‍ക്കും ആപ്പിള്‍ ആശ്രയിച്ചിരുന്നത് ഗൂഗിളിനെയാണ്. ഇരുകമ്പനികളും ചങ്ങാതിമാരായിരുന്നു കാലത്ത് ആരംഭിച്ച കൂട്ടുകെട്ടായിരുന്നു അത്. എന്നാല്‍, ആന്‍ഡ്രോയിഡ് വഴി ഗൂഗിള്‍ സ്വന്തം മൊബൈല്‍ പ്ലാറ്റ്‌ഫോമിലേക്ക് നീങ്ങിയതോടെ ആപ്പിളുമായി സ്വരച്ചേര്‍ച്ചയില്ലായ്മ തുടങ്ങി. പുതിയ സാഹചര്യത്തില്‍ ഗൂഗിളിനെ ആശ്രയിക്കുന്നത് പരമാവധി ഒഴിവാക്കാനാണ് ആപ്പിളിന്റെ ശ്രമം.
ആപ്പിളിന്റെ മാപ്പ് സര്‍വീസില്‍ നഗരങ്ങളുടെ ത്രിമാനദൃശ്യങ്ങളുണ്ട്. 'ഫ്ലൈയോവര്‍' (Flyover) എന്നാണിതിന് പേര്. ഒപ്പം തത്സമയ ട്രാഫിക് അപ്‌ഡേറ്റുകളും, നാവിഗേഷന്‍ സഹായിയും.
ഇതുവരെ ഐഫോണില്‍ മാത്രം ലഭ്യമായിരുന്ന സിരി ശബ്ദസഹായി ഇനി ഐപാഡിലും സ്ഥാനംപിടിക്കും. ചോദ്യങ്ങള്‍ക്ക് കൂടുതല്‍ ഫലപ്രദമായി ഉത്തരം നല്‍കാന്‍ പാകത്തില്‍ ഡേറ്റാബേസ് വിപുലമാക്കിയിട്ടുണ്ട്-വിശേഷിച്ചും സ്‌പോര്‍ട്‌സ്, റസ്‌റ്റൊറന്റുകള്‍, സിനിമ തുടങ്ങിയ മേഖലകള്‍ സംബന്ധിച്ച്.
വാര്‍ഷിക 'വേള്‍ഡ്‌വൈഡ് ഡവലപ്പേഴ്‌സ് കോണ്‍ഫറന്‍സി'ലാണ് ഐഒഎസ് 6 ആപ്പിള്‍ അവതരിപ്പിച്ചത്. പുതിയ സോഫ്ട്‌വേറിന്റെ ബീറ്റ വേര്‍ഷന്‍ ഇപ്പോള്‍ ലഭിക്കും. അടുത്ത സപ്തംബറോടെ എല്ലാവര്‍ക്കും പുതിയ പ്ലാറ്റ്‌ഫോം ലഭ്യമാക്കുമെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് പറഞ്ഞു.
ഐഫോണ്‍ 4എസ്, ഐഫോണ്‍ 4, ഐഫോണ്‍ 3ജിഎസ്, പുതിയ ഐപാഡ്, ഐപാഡ് 2, ഐപോഡ് ടച്ചിന്റെ നാലാംതലമുറ എന്നിവയെ ഐഒഎസ് 6 ലേക്ക് സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയും. ഇത്രകാലവും ആപ്പിള്‍ ഉപകരണങ്ങളില്‍ വൈഫൈയുടെ സഹായത്തോടെ മാത്രം കഴിഞ്ഞിരുന്ന വീഡിയോ കോളുകള്‍ ഇനി മുതല്‍ സെല്ലുലാര്‍ കണക്ഷന്‍ ഉപയോഗിച്ചും സാധിക്കും.