വിവാഹച്ചടങ്ങ് മെച്ചമാക്കാനും വെബ്ബ് ആപ്ലിക്കേഷന്‍
- Last Updated on 15 May 2012
- Hits: 10
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂര്‍ത്തമാണ് വിവാഹം. വിവാഹം പ്ലാന്‍ ചെയ്യുന്നവരുടെ തലവേദന കുറയ്ക്കാനും കാര്യങ്ങള്‍ ഭംഗിയായി ആസൂത്രണം ചെയ്യാനും ഒരു വെബ്ബ് ആപ്ലിക്കേഷന്‍ (Web App) രംഗത്തെത്തിയിരിക്കുന്നു. 'വെഡ്വാരി' (Weduary) എന്നാണ് ആപ്ലിക്കേഷന്റെ പേര്.
പുതിയ ആപ്ലിക്കേഷന്റെ സഹായത്തോടെ മികച്ച വിവാഹ വെബ്ബ്‌സൈറ്റ് അനായാസം രൂപപ്പെടുത്താന്‍ വധൂവരന്‍മാര്‍ക്ക് സാധിക്കും. ഫെയ്‌സ്ബുക്ക് ഉപയോഗിച്ച് അതിഥികളെ ക്ഷണിക്കാനും അത് സഹായിക്കും.
തങ്ങളുടെ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളില്‍ ആരൊക്കെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നുവെന്ന് അതിഥികള്‍ക്ക് മുന്‍കൂട്ടി മനസിലാക്കാന്‍ വെബ്ബ്‌സൈറ്റ് സഹായിക്കും. മാത്രമല്ല, അതിഥികളില്‍ പൊതുവായ താത്പര്യങ്ങളുള്ളവര്‍ ആരൊക്കെയന്ന് മുന്‍കൂട്ടി മനസിലാക്കാനും വെബ്ബ്‌സൈറ്റ് അവസരമൊരുക്കുന്നു. 'ബ്രിട്ട്' (Brit) കമ്പനിയാണ് വെഡ്വാരി ആപ്ലിക്കേഷന് പിന്നില്‍.
അതിഥികളെ പരസ്പരം ബന്ധപ്പെടുത്തുന്നതിന് പുറമെ, വിവാഹദിനം, സമയം, ഹോട്ടല്‍ വിവരങ്ങള്‍ തുടങ്ങിയവയൊക്കെ വെഡ്വാരി ആപ്ലിക്കേഷന്‍ വഴി സൃഷ്ടിക്കുന്ന സൈറ്റിലുണ്ടാകും. ഓരോ അതിഥികള്‍ക്കും അവരുടെ പ്രൊഫൈലും ലഭിക്കും.
കഴിഞ്ഞവര്‍ഷം സ്വന്തം വിവാഹച്ചടങ്ങിന്റെ ആസൂത്രണം നടത്തുന്ന വേളയിലാണ് ഇത്തരമൊരു ആപ്ലിക്കേഷനെക്കുറിച്ചുള്ള ആശയം മനസിലുദിച്ചതെന്ന്, ബ്രിട്ട് കമ്പനി സിഇഒ ബ്രിട്ട് മൊറിന്‍ അറിയിക്കുന്നു.
വിവാഹത്തില്‍ സഹായിക്കാന്‍ സോഷ്യല്‍ മീഡിയയുടെ സഹായം തേടുന്ന ഒരു ആപ്ലിക്കേഷനാണ് താന്‍ വിഭാവനം ചെയ്തതെന്ന് മൊറിന്‍ പറയുന്നു. പുതിയ ആപ്ലിക്കേഷന്റെ ഐഫോണ്‍ വകഭേദം രൂപപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചതായും അവര്‍ അറിയിച്ചു.
TheKnot.com, Wedding Wire തുടങ്ങിയവ, സൗജന്യമായി വിവാഹ വെബ്‌സൈറ്റുകള്‍ സൃഷ്ടിക്കാനുള്ള സങ്കേതങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍, അവയൊന്നും സോഷ്യല്‍ മീഡിയ സ്വഭാവം ഉള്ളവയല്ല.
ചടങ്ങില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്ക് ഫെയ്‌സ്ബുക്ക് വഴി പരസ്പരം ബന്ധപ്പെടാന്‍ അവസരമൊരുക്കുന്ന ഒരു ആപ്ലിക്കേഷന്‍ നിലവിലുണ്ട് - SocialTables. പക്ഷേ, അത് വിവാഹത്തിനായി പ്രത്യേകം രൂപപ്പെടുത്തിയ ആപ്ലിക്കേഷനല്ല.