14June2012

You are here: Home Technology 'ഫെയ്‌സ്ബുക്ക് ഫോണ്‍'; അഭ്യൂഹം വീണ്ടും

'ഫെയ്‌സ്ബുക്ക് ഫോണ്‍'; അഭ്യൂഹം വീണ്ടും

സോഷ്യല്‍ നെറ്റ്‌വര്‍ക്കിനെ പ്രധാന സവിശേഷതയായി സന്നിവേശിപ്പിച്ചുകൊണ്ട്, ഒരു സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മിക്കാന്‍ തയ്‌വാനീസ് കമ്പനിയായ എച്ച്ടിസിയെ ഫെയ്‌സ്ബുക്ക് ചുമതലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. 'ബഫി' (Buffy) എന്ന് കോഡുനാമം നല്‍കിയിട്ടുള്ള ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടവരെ ഉദ്ധരിച്ചുകൊണ്ട്, 'ഓള്‍തിങ്‌സ് ഡി' എന്ന വെബ്ബ്‌സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത.

ഫെയ്‌സ്ബുക്കിന്റെ ഫോണ്‍ വരുന്നതായി മുമ്പും അഭ്യൂഹം പരന്നിട്ടുണ്ട്. ഏതാണ്ട് ഒരുവര്‍ഷം മുമ്പ് ഇത്തരമൊരു റിപ്പോര്‍ട്ട് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പിന്നീട് അതെപ്പറ്റി കാര്യമായി ഒന്നും കേട്ടില്ല. അതിനിടെ, പ്രത്യേക ഫെയ്‌സ്ബുക്ക് ബട്ടണുള്ള ആന്‍ഡ്രോയിഡ് ഫോണ്‍ (എച്ച്ടിസി സ്റ്റാറ്റസ്) കഴിഞ്ഞ ജൂലായില്‍ രംഗത്തെത്തുകയുണ്ടായി. 

തങ്ങളുടെ ഫോണ്‍ നിര്‍മിക്കാന്‍ അടുത്തയിടെയാണ് എച്ച്ടിസിയെ ഫെയ്‌സ്ബുക്ക് നിശ്ചയിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ദക്ഷിണകൊറിയന്‍ കമ്പനിയായ സാംസങും ഫെയ്‌സ്ബുക്കിന്റെ പരിഗണനയിലുണ്ടായിരുന്നു. ഗൂഗിളിന്റെ ബ്രാന്‍ഡഡ് ഫോണ്‍ (സാംസങ് നെക്‌സസ് പ്രൈം) നിര്‍മിക്കുന്നത് സാംസങ് ആണ്. 

ഫെയ്‌സ്ബുക്കിനെ ആഴത്തില്‍ സന്നിവേശിപ്പിച്ചിട്ടുള്ള ആന്‍ഡ്രോയിഡ് ഫോണ്‍ ആണ് ഫെയ്‌സ്ബുക്ക് ഉദ്ദേശിക്കുന്നതത്രേ. ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കാന്‍ എച്ച്ടിഎംഎല്‍5 പ്ലാറ്റ്‌ഫോമിനെ പിന്തുണയ്ക്കുന്നതാകും ഫെയ്‌സ്ബുക്ക് ഫോണ്‍. കുറഞ്ഞത് 12-18 മാസമെങ്കിലുമാകും ഫോണ്‍ പുറത്തുവരാനെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാന്‍ ഫെയ്‌സ്ബുക്ക് തയ്യാറായില്ല. 

വെബ്ബിലെ പല സര്‍വീസുകളെയും പോലെ ഫെയ്‌സ്ബുക്കിന്റെയും ഭാവി മൊബൈലിലാണ്. മൊബൈല്‍ രംഗത്ത് നേരിട്ടു പ്രവേശിക്കുക എന്നത് കമ്പനിയുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. ഫെയ്‌സ്ബുക്കിന് നിലവില്‍ 35 കോടി മൊബൈല്‍ യൂസര്‍മാരുണ്ടെന്നാണ് കണക്ക്. ആഗോളതലത്തില്‍ 475 മൊബൈല്‍ ഓപ്പറേറ്റര്‍മാരുമായി ഫെയ്‌സ്ബുക്കിന് ബന്ധമുണ്ട്. 

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് കടുത്ത മത്സരമാണ് നിലവിലുള്ളത്. പ്രമുഖമായ രണ്ട് മൊബൈല്‍ ഒഎസുകള്‍ ഗൂഗിളിന്റെ ആന്‍ഡ്രോയിഡും ആപ്പിളിന്റെ ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റവും (ഐഒഎസ്) ആണ്. ഫെയ്‌സ്ബുക്ക് ആപ്ലിക്കേഷനുകള്‍ ഈ പ്ലാറ്റ്‌ഫോമുകള്‍ അനുവദിക്കുന്നുണ്ടെങ്കിലും, മൊബൈലിന്റെ ഭാവിയില്‍ ഫെയ്‌സ്ബുക്കിന് നിലവിലുള്ള അവസ്ഥയില്‍ ചെലുത്താന്‍ കഴിയുന്ന സ്വാധീനം തുച്ഛമാണ്. ആ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാനാണ് കമ്പനിയുടെ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. 

ആപ്പിള്‍ അതിന്റെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് പങ്കാളിയായി നിശ്ചയിച്ചിട്ടുള്ളത് ഫെയ്‌സ്ബുക്കിനെയല്ല, ട്വിറ്ററിനെയാണ്. ഗൂഗിളിനാണെങ്കില്‍ അവരുടെ തന്നെ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഗൂഗിള്‍ പ്ലസ് ഉണ്ട് പ്രോത്സാഹിപ്പിക്കാന്‍. എന്നുവെച്ചാല്‍, രണ്ടു പ്രമുഖ ഒഎസിന്റെ കാര്യത്തിലും ഫെയ്‌സ്ബുക്ക് കാര്യമായ പരിഗണന നേടുന്നില്ല എന്നര്‍ഥം. ഈ പശ്ചാത്തലത്തിലാണ് ഫെയ്‌സ്ബുക്ക് സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് സ്വന്തം വഴി തുറക്കുന്നത് എന്നുവേണം കരുതാന്‍. 

Newsletter