ഐഎസ്ആര്‍ഒ ക്രയോജനിക് എന്‍ജിന്‍ പരീക്ഷണം വിജയം
- Last Updated on 13 May 2012
- Hits: 6
ചെന്നൈ• ഉപഗ്രഹ വിക്ഷേപണത്തിനുള്ള ജിഎസ്എല്‍വിയില്‍ ഉപയോഗിക്കാനായി ഐഎസ്ആര്‍ഒ തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് എന്‍ജിന്‍ വിജയകരമായി പരീക്ഷിച്ചു. ഇന്ത്യയുടെ ജിഎസ്എല്‍വി വിക്ഷേപണ ദൗത്യത്തില്‍ നിര്‍ണായക മുന്നേറ്റമാണിത്. തിരുനെല്‍വേലി ജില്ലയിലെ മഹേന്ദ്രഗിരിയിലെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍
സിസ്റ്റംസ് സെന്‍ററിലായിരുന്നു എന്‍ജിന്‍റെ പരീക്ഷണം. ജിഎസ്എല്‍വി ഡി അഞ്ചില്‍ ഉപയോഗിക്കാനുള്ളതാണ് ഈ എന്‍ജിന്‍. ഇന്നലെ വൈകിട്ട് 5.10ന് 200 സെക്കന്‍ഡ് നേരത്തേക്കാണ് എന്‍ജിന്‍ വിജയകരമായി പ്രവര്‍ത്തിപ്പിച്ചത്. ഉദ്ദേശിച്ച രീതിയില്‍ത്തന്നെ എന്‍ജിന്‍ പ്രവര്‍ത്തിച്ചുവെന്നും പൂര്‍ണതൃപ്തിയുണ്ടെന്നും ഐഎസ്ആര്‍ഒ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.തദ്ദേശീയമായി വികസിപ്പിചെ്ചടുത്ത ക്രയോജനിക് സാങ്കേതികവിദ്യ ഉപയോഗിച്ചു 2010 മേയില്‍ നടത്തിയ ജിഎസ്എല്‍വി ഡി മൂന്ന് വിക്ഷേപണം പരാജയപ്പെട്ടിരുന്നു. ഇതിനുശേഷം അപാകതകള്‍ പരിഹരിച്ചാണ് ഇന്നലെ വീണ്ടും എന്‍ജിന്‍ പരീക്ഷിച്ചത്. സെപ്റ്റംബര്‍ - ഒക്‌ടോബര്‍ മാസങ്ങളില്‍ തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചുള്ള ജിഎസ്എല്‍വി ഡി അഞ്ച് വിക്ഷേപണം നടക്കും. ഇതിനു മുന്‍പായി ഒരിക്കല്‍ക്കൂടി എന്‍ജിന്‍ പരീക്ഷണം നടത്തും.