31May2012

You are here: Home Technology ഫെയ്‌സ്ബുക്കിലേക്കും 'പെയ്ഡ് ന്യൂസ്'

ഫെയ്‌സ്ബുക്കിലേക്കും 'പെയ്ഡ് ന്യൂസ്'

ഒരാള്‍ പോസ്റ്റു ചെയ്യുന്ന വിവരങ്ങള്‍ കാശുകൊടുത്താല്‍ കൂടുതല്‍ പ്രാധാന്യത്തോടെ ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്ന കാലം വരുന്നു. 'പെയ്ഡ് ന്യൂസ്' പോലുള്ള ആ സംവിധാനം ഫെയ്‌സ്ബുക്ക് പരീക്ഷിക്കാനാരംഭിച്ചതായി റിപ്പോര്‍ട്ട്.

ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കാണ് ഫെയ്‌സ്ബുക്ക്. 90 കോടിയോളം അംഗങ്ങള്‍ അതിലുണ്ട്. അത്ര വലിയ ഒരു ശൃംഖലയിലേക്ക് ഒരു വിവരം പോസ്റ്റ് ചെയ്യുന്നത് 'കടലില്‍ കായംകലക്കുന്നതു പോലൊരു' ഏര്‍പ്പാടാണ്. പോസ്റ്റ് ചെയ്യപ്പെടുന്ന വിവരങ്ങള്‍ വേണ്ടവര്‍ ശ്രദ്ധിക്കണമെന്നില്ല.

ആ സ്ഥിതിക്ക് പരിഹാരമുണ്ടാക്കാനാണ് ഫെയ്‌സ്ബുക്കിന്റെ പുറപ്പാട്. ചെറിയ തോതില്‍ കാശുമുടക്കിയാല്‍, നിങ്ങള്‍ പോസ്റ്റു ചെയ്യുന്ന വിവരം സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മുമ്പിലേക്ക് കൂടുതല്‍ പ്രാധാന്യത്തോടെ എത്തും. ഫെയ്‌സ്ബുക്കിന് വരുമാനവും കൂടും.

'പേ ടു പ്രൊമോട്ട്' സംവിധാനം ഇപ്പോള്‍ ന്യൂസിലന്‍ഡിലാണ് ടെസ്റ്റ് ചെയ്യപ്പെടുന്നതെന്ന് ബിബിസി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. 

പോസ്റ്റു ചെയ്യപ്പെടുന്ന വിവരങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പ്രാധാന്യത്തോടെ പ്രത്യക്ഷപ്പെടാന്‍ വേണ്ടി പണംമുടക്കാന്‍ യൂസര്‍മാര്‍ തയ്യാറാണോ എന്നറിയാനുള്ള പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഫെയ്‌സ്ബുക്ക് പറയുന്നു. 

ഫെയ്‌സ്ബുക്ക് ഇത്തരമൊരു പരീക്ഷണം നടത്തുന്ന കാര്യം ന്യൂസിലന്‍ഡിലെ 'സ്റ്റഫ്' ന്യൂസ് മാഗസിനാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇത്തരമൊരു ടെസ്റ്റ് നടത്തുന്ന കാര്യം ഫെയ്‌സ്ബുക്ക് പിന്നീട് സ്ഥിരീകരിച്ചു. 

'ഇനിഷ്യല്‍ പബ്ലിക്ക് ഓഫറിങി' (ഐ.പി.ഒ) ലൂടെ 77 ബില്യണും 96 ബില്യണ്‍ ഡോളറിനും മധ്യേ മൂല്യമുള്ള കമ്പനിയായി മാറാന്‍ ഫെയ്‌സ്ബുക്ക് തയ്യാറെടുക്കുകയാണ്. കമ്പനിയുടെ വരുമാനവളര്‍ച്ച മെല്ലെയാകുന്നു എന്നതില്‍ നിക്ഷേപകര്‍ ഉത്ക്കണ്ഠാകുലരാണ്. 

ഈ പശ്ചാത്തലത്തില്‍ അധികവരുമാനം ലാക്കാക്കി ഫെയ്‌സ്ബുക്ക് സ്വന്തം ആപ് സെന്റര്‍തുടങ്ങുന്ന വിവരം രണ്ടുദിവസം മുമ്പാണ് പുറത്തുവന്നത്. വരുമാനം വര്‍ധിപ്പിക്കാനുള്ള കൂടുതല്‍ ശ്രമങ്ങള്‍ ഫെയ്‌സ്ബുക്ക് ഊര്‍ജിതമായി ആരംഭിച്ചിരിക്കുന്നു എന്നാണ് 'പെയ്ഡ് പോസ്റ്റ്' വാര്‍ത്ത വ്യക്തമാക്കുന്നത്.

Newsletter