08April2012

Breaking News
മാലി: അധികാരം കൈമാറാമെന്ന് വിമതര്‍
സേനാനീക്കം മുഴുവന്‍ അറിയിക്കേണ്ടതില്ല: വി.കെ.സിങ്‌
ഐ പാഡിനുവേണ്ടി വൃക്കവില്‍പ്പന: 5 പേര്‍ അറസ്റ്റില്‍
മഞ്ഞിടിച്ചില്‍ : 135 പാക് സൈനികരെ കാണാതായി
യു.എസ്. ജെറ്റ് കെട്ടിടത്തില്‍ ഇടിച്ചു തകര്‍ന്നു
ഫോര്‍മുലകള്‍ മാധ്യമസൃഷ്ടി: ചെന്നിത്തല
നരേന്ദ്രമോഡിയെ കൃഷ്ണനാക്കി പത്രപരസ്യം
മലാവി പ്രസിഡന്റ് മുത്താരിക അന്തരിച്ചു
ചക്കളത്തിപോരിലേക്ക് സ്‌പീക്കറെ വലിച്ചിഴച്ചുവെന്ന് വി.എസ്.
സര്‍ക്കാര്‍ നടപടി വൈകിയാല്‍ കടുത്ത തീരുമാനം: മാവോവാദികള്‍

ലോഡ്‌ഷെഡ്ഡിങ് മെയ് 31 വരെ മാത്രം

തിരുവനന്തപുരം: അരമണിക്കൂര്‍ ലോഡ്‌ഷെഡ്ഡിങ് മെയ് 31 വരെ മതിയെന്ന് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍. വ്യവസായങ്ങള്‍ക്കുള്ള പവര്‍കട്ട് 10 ശതമാനമായി കുറച്ചു. വ്യവസായങ്ങള്‍ക്ക് ശരാശരി ഉപഭോഗത്തിന്റെ 90 ശതമാനം ഉപയോഗിക്കാം. ഇതില്‍കൂടിയാല്‍ ഓരോ യൂണിറ്റിനും പത്തുരൂപ നല്‍കണം. 

ജൂണ്‍ 30 വരെ ലോഡ്‌ഷെഡ്ഡിങ്ങും വ്യവസായങ്ങള്‍ക്ക് 20 ശതമാനം പവര്‍കട്ടും ഏര്‍പ്പെടുത്തണമെന്ന ബോര്‍ഡിന്റെ ആവശ്യമാണ് കമ്മീഷന്‍ നിരാകരിച്ചത്. വ്യവസായങ്ങള്‍ക്കുമാത്രം പവര്‍കട്ട് ഏര്‍പ്പെടുത്തുന്നത് വിവേചനപരമാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. അതുകൊണ്ട് വീടുകള്‍ക്കും വ്യവസായങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയതുപോലുള്ള നിയന്ത്രണത്തിനുള്ള നിര്‍ദേശം തയ്യാറാക്കി സമര്‍പ്പിക്കാന്‍ ബോര്‍ഡിനോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.

ലോഡ് ഷെഡ്ഡിങ്ങില്‍ നിശ്ചിത സമയത്തേക്ക് വൈദ്യുതിവിതരണം നിര്‍ത്തിവെയ്ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പവര്‍കട്ട് ഏര്‍പ്പെടുത്തിയാല്‍ ബോര്‍ഡ് നിശ്ചയിക്കുന്നതില്‍ കൂടുതല്‍ ഉപയോഗിക്കുന്ന വൈദ്യുതിക്ക് അധികം തുക നല്‍കേണ്ടിവരും. വ്യവസായ ഉപഭോക്താക്കള്‍ ഒരുശതമാനമേയുള്ളൂ. മുഴുവന്‍ ബാധ്യതയും ഇവരെ അടിച്ചേല്‍പ്പിക്കുന്നത് ന്യായമല്ലെന്നാണ് കമ്മീഷന്റെ അഭിപ്രായം. വിവിധ വിഭാഗം ഉപഭോക്താക്കളുമായി ചര്‍ച്ചചെയ്തശേഷമാണ് കമ്മീഷന്‍ ഉത്തരവിറക്കിയത്. 

പ്രതിസന്ധി സ്വയം വരുത്തിവെച്ചതിന് ബോര്‍ഡിനെ കമ്മീഷന്‍ രൂക്ഷമായി വിമര്‍ശിച്ചു. ഊര്‍ജ പരിപാലനത്തിലും ജലസംഭരണികളില്‍ വെള്ളം ശേഖരിച്ചുനിര്‍ത്തുന്നതിലും ബോര്‍ഡ് വരുത്തിയ ഗുരുതരമായ വീഴ്ചയാണ് ഇതിനുപിന്നില്‍. പ്രതിസന്ധി മുന്‍കൂട്ടി കാണാനോ അതനുസരിച്ച് നടപടിയെടുക്കാനോ ബോര്‍ഡ് തയ്യാറായില്ലെന്നും കമ്മീഷന്‍ ഉത്തരവില്‍ കുറ്റപ്പെടുത്തുന്നു. വൈദ്യുതി ആവശ്യത്തിനുണ്ടെന്നും നിയന്ത്രണമൊന്നും വേണ്ടിവരില്ലെന്നുമാണ് ബോര്‍ഡ് ഡിസംബറില്‍ കമ്മീഷനെ അറിയിച്ചത്. പിന്നെ പെട്ടെന്ന് ഈ പ്രതിസന്ധിയുടെ അടിസ്ഥാനമെന്തെന്ന് കമ്മീഷന്‍ ചോദിക്കുന്നു. 

സംസ്ഥാനത്ത് ആശങ്കാകരമായ തോതില്‍ വൈദ്യുതി ക്ഷാമമില്ല. വൈദ്യുതി ലഭ്യതയുടെ കാര്യത്തില്‍ മുന്‍വര്‍ഷങ്ങളേക്കാള്‍ ഭേദവുമാണ്. 20 ശതമാനം വൈദ്യുതി കുറവാണെന്ന ബോര്‍ഡിന്റെ വാദം തെറ്റാണ്. ബോര്‍ഡിന്റെതന്നെ കണക്കുകളനുസരിച്ച് 10 ശതമാനം കുറവേ വരൂ. വൈദ്യുതി ഇല്ലാത്തതല്ല, ലൈനുകളുടെ ശേഷിക്കുറവും ബോര്‍ഡിന് പണമില്ലാത്തതുമാണ് പ്രശ്‌നം. താപനിലയങ്ങളെ ആശ്രയിക്കേണ്ടിവരുമ്പോഴുള്ള അധിക ബാധ്യത കാരണമാണ് ബോര്‍ഡ് നിയന്ത്രണങ്ങള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ബോര്‍ഡിന്റെ സാമ്പത്തികമായ യാഥാര്‍ഥ്യങ്ങള്‍ കാണാതിരിക്കാനാവില്ല. അതുകൊണ്ടാണ് നിയന്ത്രണങ്ങള്‍ക്ക് സമ്മതിക്കുന്നതെന്നും കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു. 

ഹൈടെന്‍ഷന്‍, എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ഉപഭോക്താക്കള്‍ അധികം ഉപയോഗിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് 11 രൂപ വീതം ഈടാക്കണമെന്നാണ് ബോര്‍ഡ് ആവശ്യപ്പെട്ടത്. ഇതാണ് കമ്മീഷന്‍ 10 രൂപയാക്കി കുറച്ചത്. ഇത്തരത്തില്‍ അധികം ഉപയോഗിക്കുന്ന വൈദ്യുതിക്ക് സര്‍ചാര്‍ജ് ഈടാക്കാനും പാടില്ല.

ഞായറാഴ്ച വരെ ലോഡ്‌ഷെഡ്ഡിങ്ങില്ല. ദുഃഖവെള്ളിയാഴ്ചയും ഈസ്റ്ററുമൊക്കെ പ്രമാണിച്ച് ഞായറാഴ്ച വരെ ലോഡ്‌ഷെഡ്ഡിങ് വേണ്ടെന്ന് ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.

Newsletter