സേനാനീക്ക വാര്‍ത്ത അസംബന്ധമെന്ന് കരസേനാ മേധാവി
- Last Updated on 06 April 2012
- Hits: 1
കാഠ്മണ്ഡു: രണ്ട് സേനാ യൂണിറ്റുകള്‍ ഡല്‍ഹിയിലേക്ക് അസാധാരണ സൈനിക നീക്കം നടത്തിയെന്ന വാര്‍ത്ത അസംബന്ധമാണെന്ന് കരസേനാ മേധാവി ജനറല്‍ വി.കെ.സിങ് പറഞ്ഞു. സര്‍ക്കാറിനെയും സൈന്യത്തെയും ചെളിവാരിയെറിയാനുദ്ദേശിച്ചാണ് ഇത്തരം വാര്‍ത്തകള്‍ പുറത്തുവിടുന്നതെന്ന് നേപ്പാള്‍ തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേ സിങ് വ്യക്തമാക്കി.
സേനാനീക്ക വാര്‍ത്ത പുറത്തുവന്നതിനുശേഷം ആദ്യമായാണ് കരസേനാ മേധാവി ഇതേക്കുറിച്ച് പ്രതികരിക്കുന്നത്.
സൈനികനീക്ക വിവരം സര്‍ക്കാറിനെ അങ്കലാപ്പിലാക്കിയെന്ന റിപ്പോര്‍ട്ടിനെക്കുറിച്ചു ചോദിച്ചപ്പോള്‍ അത് അസംബന്ധമാണെന്നായിരുന്നു വി.കെ.സിങ്ങിന്റെ മറുപടി. സേനാ മേധാവിക്കെതിരെ വാര്‍ത്തകള്‍ ചമയ്ക്കുന്നത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നത് സംബന്ധിച്ച സെമിനാറില്‍ പങ്കെടുക്കാന്‍ നേപ്പാളിലെത്തിയതായിരുന്നു കരസേനാ മേധാവി. സേനാ നീക്കം സംബന്ധിച്ച വാര്‍ത്ത തെറ്റാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും പ്രതിരോധ മന്ത്രി എ.കെ.ആന്‍റണിയും നേരത്തേ വ്യക്തമാക്കിയിരുന്നു.