ഉത്തരാഖണ്ഡ്: മുഖ്യമന്ത്രിയെ കണ്ടെത്താന്‍ കോണ്‍ഗ്രസ് പാടുപെടുന്നു
- Last Updated on 11 March 2012
ഡെറാഡൂണ്‍: തൂക്കു നിയമസഭ നിലവില്‍വന്ന ഉത്തരാഖണ്ഡില്‍ ഭരണം പിടിക്കാനുള്ള ഭൂരിപക്ഷം ഉറപ്പാക്കിയെങ്കിലും, പുതിയ നിയമസഭാകക്ഷി നേതാവിനെ കണ്ടെത്താന്‍ കോണ്‍ഗ്രസ് പാടുപെടുന്നു. കേന്ദ്രനിരീക്ഷകനായി എത്തിയ മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടിയുടെ 32 എം.എല്‍.എ.മാരുമായും ശനിയാഴ്ച നേരിട്ട് ആശയവിനിമയം നടത്തി. ഉത്തരാഖണ്ഡിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍
സെക്രട്ടറി ചൗധരി ബീരേന്ദ്രസിങ്ങും ആസാദിനൊപ്പമുണ്ട്.
മുഖ്യമന്ത്രിയെ നിയശ്ചയിക്കാന്‍ നിയമസഭാകക്ഷി യോഗം പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍, അതത്ര എളുപ്പമല്ല. സംസ്ഥാന ഘടകത്തിലെ രൂക്ഷമായ ചേരിതിരിവാണു കാരണം. ചുരുങ്ങിയത് നാലു ഗ്രൂപ്പുകളെങ്കിലുമുണ്ട് അവിടെ. കേന്ദ്രമന്ത്രി ഹരീഷ് റാവത്ത്, മുന്‍കേന്ദ്രമന്ത്രി സത്പാല്‍ മഹാരാജ്, പി.സി.സി. അധ്യക്ഷന്‍ യശ്പാല്‍ ആര്യ, മുതിര്‍ന്ന നേതാവ് വിജയ് ബഹുഗുണ എന്നിവരാണു വിവിധ ഗ്രൂപ്പുകളുടെ അമരത്ത്. ഇവരോരോരുത്തരും മുഖ്യമന്ത്രിപദത്തിനു ചരടുവലിക്കുന്നുമുണ്ട്. കാലാവധി തീര്‍ന്ന നിയമസഭയിലെ പ്രതിപക്ഷ നേതാവ് ഡോ.ഹരക് സിങ് റാവത്ത്, വനിതാ നേതാക്കളായ ഇന്ദിരാ ഹൃദയേശ്, അമൃത റാവത്ത് എന്നിവരുടെ പേരുകളും മുഖ്യമന്ത്രിസ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്നുണ്ട്.
മൂന്നു സ്വതന്ത്രരുടെയും യു.കെ.ഡി.(പി)യുടെ ഏക എം.എല്‍.എ.യുടെയും പിന്തുണയിലൂടെയാണ് കോണ്‍ഗ്രസ് 70 അംഗ സഭയില്‍ ഭൂരിപക്ഷം ഉറപ്പിച്ചിരിക്കുന്നത്. പ്രതിപക്ഷത്ത് ബി.ജെ.പി.ക്ക് 31 സീറ്റാണുള്ളത്.