മുലായം മുഖ്യമന്ത്രിയാകും
- Last Updated on 08 March 2012
അതേസമയം പാര്‍ട്ടിയെ തിളക്കമാര്‍ന്ന വിജയത്തിലേക്കുനയിച്ച മകന്‍ അഖിലേഷിനെ മുഖ്യമന്ത്രിയാക്കണമെന്ന് പാര്‍ട്ടി നേതാക്കളും പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരും മുലായത്തോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ അഖിലേഷ് മുഖ്യമന്ത്രിയാകാന്‍ ഇപ്പോള്‍ സാദ്ധ്യതയില്ലെന്നും മുലായം തന്നെ ആ പദവിയില്‍ എത്തുമെന്നുമാണ് രാഷ്‌ട്രീയ
നിരീക്ഷകര്‍ കരുതുന്നത്.
ഗവര്‍ണര്‍ ബി.എല്‍. ജോഷിയെ സന്ദര്‍ശിക്കാന്‍ മുലായംസിംഗിനൊപ്പം മകന്‍ അഖിലേഷും ഉണ്ടായിരുന്നു.
ഇന്നലെ പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് അഖിലേഷിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഉയര്‍ന്നത്. എം.എല്‍.എമാരില്‍ ബഹുഭൂരിപക്ഷവും അഖിലേഷ് മുഖ്യമന്ത്രിയാകുന്നതിനെ അനുകൂലിക്കുന്നതായും പാര്‍ട്ടിയുടെ നിയമസഭാകക്ഷിയോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്നും ദേശീയ ജനറല്‍ സെക്രട്ടറി നരേഷ് അഗര്‍വാള്‍ പറഞ്ഞു. അഖിലേഷിനുവേണ്ടിയുള്ള മുറവിളി അദ്ദേഹത്തിന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനുള്ള ഒരു രാഷ്‌ട്രീയ തന്ത്രം മാത്രമാണെന്നുവേണം കരുതാന്‍. മാര്‍ച്ച് പത്തിനാണ് പുതിയ മുഖ്യമന്ത്രിയെ നിശ്‌ചയിക്കാന്‍ എം.എല്‍.എമാരുടെ യോഗം ചേരുന്നത്. യഥാര്‍ത്‌ഥത്തില്‍ ഇന്നലെ വൈകിട്ട് ചേരാനിരുന്ന യോഗം പത്താംതീയതിയിലേക്ക് മാറ്റുകയായിരുന്നു. ഹോളി പ്രമാണിച്ച് യോഗം മാറ്റിയെന്നാണ് നേതൃത്വം വിശദീകരിച്ചത്. പക്ഷേ, നേതാജി (മുലായം) മുഖ്യമന്ത്രിയാവുമെന്നാണ് പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് യോഗം കഴിഞ്ഞിറങ്ങിയ അഖിലേഷ് പറഞ്ഞത്.
ഈ യോഗത്തിനുശേഷമാണ് മുലായവും അഖിലേഷും പാര്‍ട്ടി വക്താവ് രാജേന്ദ്ര ചൌധരിയും ഗവര്‍ണര്‍ ബി.എല്‍. ജോഷിയെ സന്ദര്‍ശിച്ച് മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചത്. 403 അംഗ നിയമസഭയില്‍ സമാജ്‌വാദി പാര്‍ട്ടിക്ക് 224 അംഗങ്ങളുണ്ട്.