തോല്‍വിയുടെ പഴി മുസ്‌ലിങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും
- Last Updated on 08 March 2012
ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെത്തുടര്‍ന്ന് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച ബി.എസ്.പി. നേതാവ് മായാവതി പ്രവര്‍ത്തനകേന്ദ്രം ഡല്‍ഹിയിലേക്ക് മാറ്റുന്നു. ഈ മാസാവസാനം നടക്കുന്ന രാജ്യസഭാതിരഞ്ഞെടുപ്പില്‍ മായ മത്സരിച്ചേക്കുമെന്നാണ് സൂചന.
അതിനിടെ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി നേടിയ ഉജ്ജ്വലവിജയത്തിനു പിന്നില്‍ മുസ്‌ലിം സമുദായക്കാരെയും മാധ്യമങ്ങളെയുമാണ് മായാവതി പഴി പറയുന്നത്. ''ന്യൂനപക്ഷസമുദായക്കാര്‍ ഒന്നടങ്കം ബി.എസ്.പി.ക്കെതിരെ തിരിഞ്ഞു. 70 ശതമാനം മുസ്‌ലിം വോട്ടും എസ്. പിക്കാണ് കിട്ടിയത്. കോണ്‍ഗ്രസ്സും ബി. ജെ.പി.യും വര്‍ഗീയരാഷ്ട്രീയം കളിച്ചു. ജനവിധി എസ്. പി.ക്ക് അനുകൂലമാക്കുന്നതില്‍ മാധ്യമങ്ങളും വലിയ പങ്കുവഹിച്ചു''. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചുള്ള കത്ത് ഗവര്‍ണര്‍ ബി. എല്‍. ജോഷിക്കു സമര്‍പ്പിച്ച ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ അവര്‍ പറഞ്ഞു.
രാജി സ്വീകരിച്ചതായി രാജ്ഭവന്‍ വൃത്തങ്ങള്‍ പറഞ്ഞു. പകരം സംവിധാനമേര്‍പ്പെടുത്തുന്നതുവരെ ചുമതലയില്‍ തുടരാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
അഴിമതിയോ ഭരണത്തിലെ പാളിച്ചകളോ വോട്ടെടുപ്പില്‍ നിര്‍ണായക വിഷയമായിട്ടില്ലെന്ന് മായാവതിപറഞ്ഞു. സാമുദായിക ധ്രുവീകരണമാണ് ബി.എസ്. പി.യെ അധികാരത്തില്‍നിന്ന് ഇറക്കിയത്. ദളിത് വോട്ടുകള്‍ ഭിന്നിച്ചിട്ടില്ല, അത് ബി.എസ്.പി.ക്ക് അനുകൂലമായിരുന്നു. ദളിത് വിഭാഗക്കാര്‍ കൂടി കൈയൊഴിഞ്ഞിരുന്നെങ്കില്‍ തന്റെ അവസ്ഥ ബിഹാറില്‍ ലാലുപ്രസാദ് യാദവിന്‍േറതുപോലെയാകുമായിരുന്നു. എന്നാല്‍ ജനവിധി തന്റെ സര്‍ക്കാറിനെതിരാണെന്ന് സമ്മതിക്കാന്‍ അവര്‍ തയ്യാറായി.
നിലവില്‍ യു. പി നിയമനിര്‍മാണസഭയില്‍ അംഗമായ മായാവതി എം. എല്‍. സി. സ്ഥാനം രാജിവെച്ച് രാജ്യസഭയിലേക്ക് മത്സരിക്കാന്‍ ഒരുങ്ങുകയാണെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ പറഞ്ഞു. 2003-ല്‍ സംസ്ഥാനത്ത് അധികാരം നഷ്ടമായതിനെത്തുടര്‍ന്ന് അവര്‍ തന്റെ പ്രവര്‍ത്തനകേന്ദ്രം ഡല്‍ഹിയിലേക്ക് മാറ്റിയിരുന്നു. അന്നും നിയമസഭാംഗത്വം രാജിവെച്ച് രാജ്യസഭയിലേക്ക് മത്സരിച്ചു.
ഇക്കുറി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി മുലായം സിങ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി അധികാരത്തിലെത്തിയ സാഹചര്യത്തില്‍ മായാവതിക്ക് യു. പി. രാഷ്ട്രീയത്തില്‍ കാര്യമായ പങ്കാളിത്തമുണ്ടാവില്ലെന്ന് രാഷ്ട്രീയനിരീക്ഷകര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ 2014-ലെ പൊതു തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പ്രവര്‍ത്തനകേന്ദ്രം ഡല്‍ഹിയിലേക്ക് മാറ്റാനാണ് മായാവതിയുടെ ശ്രമം.
യു.പി.യില്‍ ഒഴിവുള്ള പത്തു രാജ്യസഭാസീറ്റുകളിലേക്ക് മാര്‍ച്ച് 12ന് തിരഞ്ഞെടുപ്പ് വിജ്ഞാപനമുണ്ടാകും. 30-നാണ് തിരഞ്ഞെടുപ്പ്. രണ്ട് സീറ്റുകളില്‍ ജയിക്കാന്‍ ബി.എസ്.പി.ക്കു കഴിയും. ഇതിലൊന്ന് മായാവതിക്കു തന്നെയായിരിക്കും. മറ്റൊന്ന് സ്ഥാനമൊഴിയുന്ന ക്യാബിനറ്റ് സെക്രട്ടറിയും അടുത്ത അനുയായിയുമായ ശശാങ്ക് ശേഖര്‍ സിങ്ങിന് നല്‍കാനാണ് സാധ്യത.