10March2012

You are here: Home National പാചക വാതകം: ടാങ്കര്‍ ലോറിസമരം ഒത്തുതീര്‍ന്നു

പാചക വാതകം: ടാങ്കര്‍ ലോറിസമരം ഒത്തുതീര്‍ന്നു

ചെന്നൈ: പാചകവാതകം കൊണ്ടുപോകുന്ന ടാങ്കര്‍ ലോറി ഉടമകളുടെ സമരം ഒത്തുതീര്‍ന്നു. ചെന്നൈയില്‍ നടന്ന ചര്‍ച്ചയില്‍ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ഒന്നരയോടെയാണ് ഒത്തുതീര്‍പ്പുണ്ടായത്. തമിഴ്‌നാട് സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ബഷീര്‍ അഹ്മദിന്റെ മധ്യസ്ഥതയില്‍ എണ്ണവിതരണ കമ്പനി പ്രതിനിധികളും ടാങ്കര്‍ ലോറി ഉടമകളുടെ പ്രതിനിധികളും തമ്മില്‍ നടന്ന പത്തു മണിക്കൂറോളം നീണ്ടുനിന്ന

ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.

പ്രശ്‌നം ടാങ്കര്‍ ലോറി ഉടമകളും എണ്ണ വിതരണക്കമ്പനികളും തമ്മില്‍ ചര്‍ച്ചചെയ്ത് ഒരു മാസത്തിനുള്ളില്‍ തീര്‍പ്പുണ്ടാക്കണമെന്നും ഉപഭോക്താക്കളെ അനാവശ്യമായി വലയ്ക്കാനാവില്ലെന്നും സമരം ഉടനടി പിന്‍വലിക്കണമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ കര്‍ശനനിര്‍ദേശം നല്‍കിയതോടെയാണ് സമരത്തില്‍ നിന്ന് പിന്മാറാന്‍ ടാങ്കര്‍ ലോറി ഉടമകള്‍ സമ്മതിച്ചതെന്നറിയുന്നു. എണ്ണ വിതരണക്കമ്പനികളും ടാങ്കര്‍ ലോറി ഉടമകളും തമ്മിലുള്ള അടുത്ത ചര്‍ച്ച ഉടനെയുണ്ടാവും.

സമരം പിന്‍വലിച്ചതിനെത്തുടര്‍ന്ന് ടാങ്കറുകള്‍ ഓടിത്തുടങ്ങിയതായി ടാങ്കര്‍ ലോറി ഉടമ അസോസിയേഷന്‍ പ്രസിഡന്‍റ് എം. പൊന്നമ്പലം പറഞ്ഞു.

പാചകവാതകം കൊണ്ടുപോകുന്നതിനുള്ള നിരക്ക് വര്‍ധിപ്പിക്കണമെന്നും പുതുതായി അഞ്ഞൂറോളം ട്രക്കുകള്‍ കൂടി ചരക്ക് നീക്കത്തില്‍ ഉള്‍പ്പെടുത്തണമെന്നുമായിരുന്നു ടാങ്കര്‍ ഉടമകളുടെ മുഖ്യആവശ്യങ്ങള്‍. അടുത്ത ഒരു മാസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനം എണ്ണ വിതരണക്കമ്പനികളില്‍ നിന്നുണ്ടാകുമെന്നാണ് ടാങ്കര്‍ ഉടമകള്‍ കരുതുന്നത്.

Newsletter