ബോംബെ രവി അന്തരിച്ചു
- Last Updated on 08 March 2012
മുംബൈ: ചലച്ചിത്രഗാന ശാഖയ്ക്ക് പുതിയ ഭാവുകത്വം നല്‍കിയ പ്രശസ്ത സംഗീത സംവിധായകന്‍ ബോംബെ രവി (രവിശങ്കര്‍ ശര്‍മ-86)) അന്തരിച്ചു. ഹിന്ദിക്കുപുറമേ മലയാളികള്‍ക്ക് മറക്കാനാവാത്ത ഒട്ടേറെ ഗാനങ്ങള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. അസുഖബാധയെത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയാണ് അദ്ദേഹത്തെ ബോംബെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.
ഡല്‍ഹിയില്‍ ജനിച്ച രവിശങ്കര്‍, അച്ഛന്‍ പാടുന്ന ഭജനുകളില്‍ നിന്നാണ് ശാസ്ത്രീയസംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. ഹാര്‍മോണിയം അഭ്യസിച്ച അദ്ദേഹം കുടുംബം പുലര്‍ത്താന്‍ ഇലക്ടീഷ്യനായും ജോലി ചെയ്തിട്ടുണ്ട്.1950-ല്‍ ബോംബെയിലേക്ക് താമസം മാറ്റിയ അദ്ദേഹം പാട്ടിന്റെ വഴി തിരഞ്ഞെടുത്തു. ആനന്ദ് മഠില്‍ വന്ദേമാതരം ആലപിച്ചായിരുന്നു അരങ്ങേറ്റം. 1955-ല്‍ വചന്‍ എന്ന ചിത്രത്തിനുവേണ്ടി ആദ്യ പിന്നണിഗാനം ആലപിച്ചു.
ചൗദ്‌വിന്‍ കാ ചാന്ദ് (1960), ദോ ബദന്‍ (1966), ഹംരാസ് (1967), ആംഖേന്‍ (1968), നിക്കാഹ് (1982) എന്നിവയായിരുന്നു ആദ്യകാല ഹിറ്റുകള്‍. പഞ്ചാഗ്‌നി, നഖക്ഷതങ്ങള്‍, വൈശാലി, ഒരു വടക്കന്‍ വീരഗാഥ, ധ്വനി, സര്‍ഗം, സുകൃതം എന്നിവയടക്കം 14 മലയാള ചിത്രങ്ങളില്‍ ഗാനങ്ങള്‍ക്ക് ഈണം നല്‍കി മലയാളിക്ക് പ്രിയങ്കരനായി. ബോംബെ രവി ഈണമിട്ട മഞ്ഞള്‍പ്രസാദവും...(നഖക്ഷതങ്ങള്‍), ഇന്ദുപുഷ്പം... (വൈശാലി) എന്നിവയിലൂടെ ഗായിക ചിത്രയ്ക്ക് രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചു. 1988-ല്‍ ഭാര്യ മരിച്ചു. മകന്‍: അജയ് മരുമകള്‍: മറാഠി താരം വര്‍ഷ ഉസ്ഗാവോങ്കര്‍.