10March2012

You are here: Home National ഐ.പി.എസ്. ഉദ്യോഗസ്ഥനെ ഖനിമാഫിയ ട്രാക്ടര്‍ കയറ്റിക്കൊന്നു

ഐ.പി.എസ്. ഉദ്യോഗസ്ഥനെ ഖനിമാഫിയ ട്രാക്ടര്‍ കയറ്റിക്കൊന്നു

ഗ്വാളിയോര്‍:അനധികൃത ഖനനത്തിനെതിരെ ശക്തമായ നടപടികളെടുത്ത ഐ.പി.എസ്. ഉദ്യോഗസ്ഥനെ ഖനിമാഫിയ ട്രാക്ടര്‍ കയറ്റിക്കൊന്നു. മധ്യപ്രദേശിലെ ബാന്‍മോറില്‍ സബ് ഡിവിഷണല്‍ പോലീസ് ഓഫീസറായ നരേന്ദ്രകുമാറാണ് (30) വ്യാഴാഴ്ച കൊല്ലപ്പെട്ടത്. 2009 ബാച്ചിലെ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ്.

ബാന്‍മോറിനടുത്ത് മുംബൈ-ആഗ്ര ദേശീയപാതയില്‍ കല്ലുമായി പോവുകയായിരുന്ന ട്രാക്ടര്‍ ട്രോളി തടയാന്‍ ശ്രമിക്കുമ്പോള്‍ ഡ്രൈവര്‍ അദ്ദേഹത്തിന്റെ മേല്‍ വണ്ടി കയറ്റുകയായിരുന്നെന്ന് ചമ്പല്‍ മേഖല ഡി.ഐ.ജി. ഡി.പി. ഗുപ്ത പറഞ്ഞു.
ജീപ്പില്‍ പിന്തുടര്‍ന്നെത്തിയ നരേന്ദ്രകുമാര്‍ ട്രാക്ടര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ തയ്യാറായില്ല. ട്രാക്ടറിന്റെ മുമ്പില്‍ ജീപ്പ് നിര്‍ത്തി റോഡില്‍ ഇറങ്ങി നിന്ന് നിര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് വണ്ടി വേഗം കൂട്ടി അദ്ദേഹത്തിന്റെ മേല്‍ കയറ്റിയിറക്കിയത്. ഉടനെ അദ്ദേഹത്തെ ഗ്വോളിയോറിലെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിസരത്തെ അനധികൃത ക്വാറിയില്‍ നിന്ന് കല്ല് കടത്തുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് നരേന്ദ്രകുമാര്‍ പരിശോധനയ്ക്കിറങ്ങിയത്.

ട്രാക്ടര്‍ ഡ്രൈവര്‍ മനോജ് ഗുര്‍ജാറിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. പ്രദേശത്തെ ഖനി മാഫിയയാണ് കൊലയ്ക്ക് പിന്നിലെന്ന് ഡി.ഐ.ജി. പറഞ്ഞു. ഖനി മാഫിയയ്‌ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് ആഭ്യന്തരമന്ത്രി ഉമാശങ്കര്‍ ഗുപ്ത പറഞ്ഞു.

ബാന്‍മോറില്‍ ചുമതലയേറ്റതുമുതല്‍ അനധികൃത ക്വാറികള്‍ക്ക് എതിരെ അദ്ദേഹം നടപടി തുടങ്ങിയിരുന്നു.
ഖനി മാഫിയയ്‌ക്കെതിരായ നടപടിക്ക് നരേന്ദ്ര കുമാര്‍ ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണ തേടിയിരുന്നെങ്കിലും അത് ലഭിച്ചില്ലെന്ന് ആരോപണമുണ്ട്. പ്രസവാവധിയില്‍ ഇപ്പോള്‍ ഡല്‍ഹിയിലുള്ള മധ്യപ്രദേശ് കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥ മധുറാണി തെവാതിയ ആണ് ഭാര്യ.

Newsletter