10May2012

You are here: Home Education എതിര്‍പ്പ് മാറി; 'കേരള'യില്‍ 68 പഠന കേന്ദ്രങ്ങള്‍ തുടങ്ങുന്നു

എതിര്‍പ്പ് മാറി; 'കേരള'യില്‍ 68 പഠന കേന്ദ്രങ്ങള്‍ തുടങ്ങുന്നു

തിരുവനന്തപുരം: സ്വകാര്യ മേഖലയില്‍ ലേണേഴ്‌സ് സപ്പോര്‍ട്ട് സെന്‍റര്‍ തുടങ്ങുന്നതിനോടുള്ള എതിര്‍പ്പില്‍ നിന്ന് സി.പി.എം പിന്മാറിയതോടെ, കേരള സര്‍വകലാശാലയില്‍ 68 സെന്‍ററുകള്‍ ആരംഭിക്കാന്‍ തീരുമാനമായി. വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിന്റെ കീഴിലാണ് സ്വാശ്രയ മേഖലയില്‍ ലേണേഴ്‌സ് സപ്പോര്‍ട്ട് സെന്‍ററുകള്‍ തുടങ്ങുന്നത്. ഐകകണേ്ഠ്യനയായിരുന്നു തീരുമാനം.

ഈ അധ്യയനവര്‍ഷം തന്നെ ലേണേഴ്‌സ് സപ്പോര്‍ട്ട് സെന്‍ററുകളില്‍ പഠനം തുടങ്ങും. 

ഇടതുപക്ഷത്തിന് മുന്‍തൂക്കമുണ്ടായിരുന്ന മുന്‍ സിന്‍ഡിക്കേറ്റാണ് ഇതിന് അപേക്ഷ ക്ഷണിച്ചിരുന്നതെങ്കിലും സ്വകാര്യ കോളേജ് അധ്യാപക സംഘടനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഈ നീക്കം മുന്നോട്ടുപോയില്ല. സിന്‍ഡിക്കേറ്റില്‍ യു.ഡി.എഫിന് മുന്‍തൂക്കം വന്നതോടെയാണ് ലേണേഴ്‌സ് സപ്പോര്‍ട്ട് സെന്‍ററുകള്‍ അനുവദിക്കുന്നതിനുള്ള നീക്കത്തിന് വീണ്ടും ജീവന്‍ വെച്ചത്. 

ബുധനാഴ്ചത്തെ സിന്‍ഡിക്കേറ്റ് യോഗത്തിന് മുന്നോടിയായി എ.കെ.ജി സെന്‍ററില്‍ സി.പി.എം അംഗങ്ങളായ സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ യോഗം പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. എം. എ. ബേബിയും ഈ യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ ലേണേഴ്‌സ് സപ്പോര്‍ട്ട് സെന്‍ററുകളെ എതിര്‍ക്കേണ്ടെന്ന തീരുമാനമാണ് ഉണ്ടായത്. ക്വാറമുണ്ടായിട്ടും സി.പി.എം അംഗങ്ങള്‍ എത്താന്‍ സിന്‍ഡിക്കേറ്റ് യോഗം ചേരുന്നത് അരമണിക്കൂറോളം വൈകിക്കുകയും ചെയ്തു. 

132 അപേക്ഷകളാണ് ലേണേഴ്‌സ് സപ്പോര്‍ട്ട് സെന്‍ററുകള്‍ക്കായി സര്‍വകലാശാലയ്ക്ക് ലഭിച്ചത്. നാലംഗ സംഘം പരിശോധന നടത്തി അടിസ്ഥാന സൗകര്യം ഉണ്ടെന്ന് കണ്ടെത്തിയ 68 എണ്ണത്തിനാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. രണ്ടാം ഘട്ടമായി വിദേശത്തുനിന്ന് അപേക്ഷ ലഭിച്ച സ്ഥാപനങ്ങളില്‍ പരിശോധന നടത്തും. 

കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും സെന്‍ററുകള്‍ തുടങ്ങുന്നുണ്ട്. ഈ സെന്‍ററുകള്‍ക്ക് കോഴ്‌സ് അനുവദിക്കുന്നതും സിലബസും പഠനസാമഗ്രികള്‍ നല്‍കുന്നതും സര്‍വകലാശാലയായിരിക്കും. പരീക്ഷ നടത്തുന്നതും സര്‍വകലാശാല തന്നെ. അടുത്തുള്ള കോളേജുകളിലോ, സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലൊയായിരിക്കും പരീക്ഷ നടത്തുക. സര്‍വകലാശാലയുടെ ആന്വല്‍ സമ്പ്രദായ പ്രകാരമായിരിക്കും പരീക്ഷ. വിരമിച്ച അധ്യാപകരെ ക്ലാസെടുക്കാന്‍ നിയമിക്കാം. അധ്യാപകരുടെ യോഗ്യത സര്‍വകലാശാല ഉറപ്പാക്കും. 

ഫീസില്‍ പകുതി സര്‍വകലാശാലയ്ക്കും പകുതി അതത് സ്ഥാപനങ്ങള്‍ക്കുമായി വീതം വയ്ക്കും. ആദ്യ വര്‍ഷം 15 കോടി രൂപയാണ് സര്‍വകലാശാല ഈ മേഖലയില്‍ നിന്ന് വരുമാനം പ്രതീക്ഷിക്കുന്നത്. വിദേശത്തുകൂടി ആരംഭിച്ചാല്‍ വരുമാനം കൂടും. സര്‍ട്ടിഫിക്കറ്റില്‍ വിദ്യാര്‍ഥി ലേണേഴ്‌സ് സപ്പോര്‍ട്ട് സെന്‍ററിലാണ് പഠിച്ചതെന്ന് രേഖപ്പെടുത്തില്ല. എന്നാല്‍ ടി.സി യില്‍ അക്കാര്യം വ്യക്തമാക്കും. 

ലേണേഴ്‌സ് സപ്പോര്‍ട്ട് സെന്‍ററുകള്‍ വിദ്യാഭ്യാസ കച്ചവടമാണെന്ന് ആരോപിച്ച് ഇടതുപക്ഷ സംഘടനയും തീരുമാനത്തെ സ്വാഗതം ചെയ്ത് യു.ഡി.എഫ് സംഘടനയും ക്യാമ്പസില്‍ പ്രകടനം നടത്തി.

Newsletter