പരീക്ഷയും ഫലവും വൈകുമ്പോള്‍
- Last Updated on 04 May 2012
- Hits: 10
സംസ്ഥാനത്ത് വിവിധ സര്‍വകലാശാലകളുടെ കീഴിലുള്ള കോളേജുകളിലെയും പഠനകേന്ദ്രങ്ങളിലെയും പരീക്ഷയും ഫലപ്രഖ്യാപനവും അകാരണമായി വൈകുന്നത് പതിവാണ്. സ്‌കൂള്‍ തലം പിന്നിട്ടാല്‍ പരീക്ഷകള്‍ക്കും അവധിക്കുമൊന്നും കൃത്യമായ സമയക്രമമോ വ്യവസ്ഥയോ ഇല്ലെന്നുതന്നെ പറയാം.
പ്രൊഫഷണല്‍ പഠനം ഉള്‍പ്പെടെ മിക്ക ബിരുദ കോഴ്‌സുകള്‍ക്കും പ്രവേശനം വൈകുന്നതുമൂലം ആദ്യ വര്‍ഷത്തെ പരീക്ഷാനടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും കാലതാമസമുണ്ടാകുന്നത് മനസ്സിലാക്കാം. എന്നാല്‍, ഇത് തുടര്‍ന്നു പോകുന്നതും ചിലപ്പോള്‍ കോഴ്‌സ് പൂര്‍ത്തിയാകാന്‍ ഒരു സെമസ്റ്ററോ ഒരു വര്‍ഷമോ വരെ എടുക്കുന്നതും അപൂര്‍വമല്ല. ഇത്തരം പ്രശ്‌നങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ആശങ്ക പങ്കുവെക്കുന്നതായി ഹൈക്കോടതിയുടെ കഴിഞ്ഞ ദിവസത്തെ ഉത്തരവ്. പരീക്ഷാഫലം മൂന്നുമാസത്തിനകമെങ്കിലും പ്രസിദ്ധീകരിക്കണമെന്നാണ് കോടതി സംസ്ഥാനത്തെ സര്‍വകലാശാലകള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.
പരീക്ഷ നടത്തിയശേഷം ഫലം പ്രഖ്യാപിക്കാന്‍ ആറ് മാസം എടുക്കുന്നുവെന്നത് തെല്ലും ആശാസ്യമായ പ്രവണതയല്ല. പരീക്ഷാ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും സര്‍വകലാശാലകള്‍ വേണ്ടത്ര ശ്രദ്ധചെലുത്തുന്നില്ല. സംസ്ഥാനമൊട്ടാകെയുള്ള ലക്ഷക്കണക്കിന് കുട്ടികള്‍ എഴുതുന്ന 10, 12 ക്ലാസുകളിലെ പരീക്ഷകളുടെ ഫലങ്ങള്‍ രണ്ടു മാസം കൊണ്ട് പ്രസിദ്ധീകരിക്കുമ്പോഴാണിത്. സര്‍വകലാശാലകളിലും കോളേജുകളിലും താരതമ്യേന കുറവ് കുട്ടികളേയുള്ളൂ.
ഇവയുടെ കീഴിലുള്ള കോളേജുകളിലും സര്‍വകലാശാലയിലെ പഠനകേന്ദ്രങ്ങളിലും കുറേക്കൂടി ഒതുക്കത്തിലും കാര്യക്ഷമമായും കാര്യങ്ങള്‍ നടത്താനാവുമെന്ന് വ്യക്തം. എന്നാല്‍, ഫലത്തില്‍ കാര്യങ്ങള്‍ മറിച്ചാണ് നടക്കുന്നതെന്ന് മാത്രം. യഥാസമയം പരീക്ഷകള്‍ നടത്താനും മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാനും സര്‍വകലാശാലകള്‍ നടപടിയെടുക്കണം. മൂല്യനിര്‍ണയത്തില്‍ വരുന്ന കാലതാമസമാണ് ഫലം വൈകാന്‍ പ്രധാന കാരണമായി സര്‍കവലാശാലാ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.
മൂല്യനിര്‍ണയത്തിന് ഇപ്പോള്‍ സ്വീകരിക്കുന്ന രീതി ഫലപ്രദമല്ലെങ്കില്‍ കേന്ദ്രീകൃത മൂല്യനിര്‍ണയരീതി പരിഗണിക്കണം. പുനര്‍നിര്‍ണയത്തിന് അപേക്ഷിച്ചവരുടെ ഉത്തരക്കടലാസ് കാണാതായെന്ന് സമ്മതിച്ച് കാലിക്കറ്റ് സര്‍വകലാശാല ഇറക്കിയ പത്രക്കുറിപ്പാണ് സര്‍വകലാശാലകളുടെ അശ്രദ്ധയുടെ ഏറ്റവും പുതിയ ഉദാഹരണം. പുനര്‍മൂല്യനിര്‍ണയം സാധ്യമല്ലാത്തതിനാല്‍ പുനഃപരീക്ഷയ്ക്ക് തയ്യാറാണോ എന്നാണ് സര്‍വകലാശാല, വിദ്യാര്‍ഥികളോട് ആരായുന്നത്.
ഉന്നതവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ സര്‍ക്കാര്‍ ഇപ്പോള്‍ അധ്യാപകര്‍ക്ക് നല്ല ശമ്പളം നല്‍കിവരുന്നുണ്ട്. ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തെക്കൂടി ഡ്യൂട്ടിയുടെ ഭാഗമായി കണക്കാക്കാന്‍ അധ്യാപകര്‍ തയ്യാറാകണം. പുനര്‍മൂല്യനിര്‍ണയത്തിലെ കാലതാമസവും ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം വൈകുന്നതുമൊക്കെ ഏറേ പരാതിക്കിടയാക്കാറുണ്ട്.
ഇക്കാര്യത്തിലും സര്‍വകലാശാലയ്ക്ക് അധ്യാപകരില്‍ നിന്ന് കൂടുതല്‍ സഹകരണം ആവശ്യമാണ്. ഹര്‍ത്താലിന്റെയും ബന്ദിന്റെയും പേരില്‍ പരീക്ഷകള്‍ പതിവായി മാറ്റിവെക്കപ്പെടുന്നതാണ് മറ്റൊരു പ്രശ്‌നം. ഇക്കാര്യത്തില്‍ രാഷ്ട്രീയകക്ഷികള്‍ കുറേക്കൂടി പ്രായോഗികമായ സമീപനം കാണിക്കേണ്ടതുണ്ട്. അവശ്യസര്‍വീസുകളെ ഒഴിവാക്കുന്നതുപോലെ കഴിവതും പരീക്ഷകളെയും സമരത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കണം. വിദ്യാര്‍ഥികള്‍ക്ക് വിജ്ഞാനം പകര്‍ന്നുനല്‍കാനും കര്‍മമേഖലയിലേക്ക് ആനയിക്കാനുമാണ് സര്‍വകലാശാലകള്‍ നിലകൊള്ളുന്നത്.
സര്‍വകലാശാലകളുടെയോ അധ്യാപകരുടെയോ ഭാഗത്തുനിന്നുള്ള വീഴ്ചകൊണ്ട് അവരുടെ ഭാവിപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടുകൂടാ. ഉപരിപഠനത്തിനും ജോലിക്കാര്യത്തിലും കടുത്തമത്സരം നിലനില്‍ക്കുന്ന കാലമാണിത്. ഈ രംഗത്ത് കേരളത്തിലെ കുട്ടികള്‍ അവരുടേതല്ലാത്ത കാരണങ്ങളാല്‍ പിന്തള്ളപ്പെട്ടുപോകുന്ന സാഹചര്യം ഒഴിവാക്കപ്പെടുക തന്നെ വേണം. ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശം അതിന്റെ പൂര്‍ണമായ അര്‍ഥത്തില്‍ അംഗീകരിക്കാനും നടപ്പാക്കാനും സര്‍വകലാശാലകള്‍ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കാം.