മലയാളം പാഠപുസ്തകങ്ങള്‍ വൈകുന്നു; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം
- Last Updated on 27 April 2012
- Hits: 1
ന്യൂഡല്‍ഹി: കേരളാസ്‌കൂളുകളില്‍ മലയാളം പാഠപുസ്തകങ്ങള്‍ കിട്ടാന്‍ വൈകുന്നതായി പരാതി. വര്‍ഷങ്ങളായി നേരിടുന്ന ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കേരളസര്‍ക്കാര്‍ ഇടപെടണമെന്നാണ് രക്ഷിതാക്കളും വിദ്യാര്‍ഥികളും ആവശ്യപ്പെടുന്നത്. സ്വകാര്യ ഏജന്‍സി വഴി പുസ്തകങ്ങള്‍ എത്തിക്കാന്‍ നടപടി സ്വീകരിച്ചതിനാല്‍ കാലതാമസത്തിന് ചെറിയ പരിഹാരമായിട്ടുണ്ട്. എങ്കിലും
യഥാസമയം എല്ലാവര്‍ക്കും പുസ്തകമെത്തിക്കാന്‍ കേരളസര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.
ഡല്‍ഹിയിലെ നാല് കേരളാസ്‌കൂളുകളിലും എട്ടാം ക്ലാസ് വരെയാണ് മലയാളം പഠനമുള്ളത്. കേരളത്തിലെ സ്‌കൂളുകളിലെ സിലബസ് തന്നെയാണ് ഇവിടെയും പഠിപ്പിക്കുന്നത്. അടിസ്ഥാന പാഠാവലിയും കേരളപാഠാവലിയുമാണ് ഓരോ ക്ലാസിലും വിദ്യാര്‍ഥികള്‍ പഠിക്കേണ്ടത്. മാര്‍ച്ചില്‍ ക്ലാസ് തുടങ്ങുമെങ്കിലും ജൂലായ്ക്ക് ശേഷമാണ് പലപ്പോഴും പുസ്തകങ്ങളെത്തുന്നത്. നാട്ടിലേക്ക് അവധിക്ക് പോകുമ്പോള്‍ ബന്ധുക്കളുടെയും മറ്റുള്ളവരുടെയും പക്കല്‍നിന്ന് പഴയ പുസ്തകങ്ങള്‍ ശേഖരിച്ചാണ് പല വിദ്യാര്‍ഥികളും പഠിക്കുന്നത്. ലഭ്യമായ പുസ്തകങ്ങള്‍ ഫോട്ടോസ്റ്റാറ്റെടുത്ത് വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുന്ന സാഹചര്യങ്ങളുമുണ്ടായിട്ടുണ്ട്.
മുന്‍വര്‍ഷങ്ങളിലെ ദുരനുഭവങ്ങള്‍ ഇല്ലാതിരിക്കാനും എല്ലാ വിദ്യാര്‍ഥികള്‍ക്കും മലയാളം പാഠപുസ്തകങ്ങള്‍ ലഭ്യമാക്കുന്നതിനും സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ മുന്‍ഗണന നല്‍കുന്നുണ്ട്. ആലപ്പുഴയിലെ സ്വകാര്യ ഏന്‍ജന്‍സി വഴി പുസ്തകങ്ങള്‍ എത്തിക്കാനാണ് ഇപ്പോഴത്തെ ശ്രമം. മെയ് ആദ്യത്തോടെ പുസ്തകങ്ങള്‍ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാനിങ് റോഡ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹരികുമാര്‍ പറഞ്ഞു. കേരളത്തില്‍ ജൂണിലാണ് സ്‌കൂള്‍ തുറക്കുന്നത്. ഇതും പുസ്തകങ്ങള്‍ കിട്ടാന്‍ വൈകുന്നതിന് കാരണമാകുന്നുണ്ട്.
ഡല്‍ഹിയിലെ കേരളാസ്‌കൂളുകളില്‍ മലയാളം പാഠപുസ്തകങ്ങള്‍ കേരളാസര്‍ക്കാര്‍ മുന്‍കൈയെടുത്ത് വിതരണം ചെയ്യണമെന്ന് കാനിങ്‌റോഡ് കേരളാസ്‌കൂള്‍ ചെയര്‍മാന്‍ സനല്‍ ഇടമറുക് ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ ഏറ്റവും കൂടുതല്‍ പേര്‍ മലയാളം പഠിക്കുന്നത് കേരളാസ്‌കൂളുകള്‍ വഴിയാണ്. കൂടുതല്‍ വ്യവസ്ഥാപിതമായ രീതിയിലാണ് ഇവരുടെ പഠനം. യോഗ്യരായ അധ്യാപകരുടെ കീഴില്‍ കേരളാസ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് മലയാളം പഠിക്കാന്‍ അവസരം ലഭിക്കുന്നു. വര്‍ഷത്തില്‍ നാലായിരം കുട്ടികളെങ്കിലും ഇതുവഴി മാതൃഭാഷ സ്വായത്തമാക്കുന്നുണ്ടെന്ന് സനല്‍ ഇടമറുക് പറഞ്ഞു. മലയാളം പഠനകേന്ദ്രങ്ങളേക്കാള്‍ കൂടുതല്‍ പേര്‍ മലയാളം പഠിക്കുന്നത് പഠിക്കുന്നത് കേരളാസ്‌കൂളുകള്‍ വഴിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പുസ്തകങ്ങള്‍ കിട്ടാന്‍ കാലതാമസം വരുന്നതിനാല്‍ ഒരുഘട്ടത്തില്‍ കേരള എജുക്കേഷന്‍ സൊസൈറ്റി തയ്യാറാക്കിയ പുസ്തകങ്ങളാണ് വിതരണം ചെയ്തിരുന്നു. എന്നാല്‍, പിന്നീട് കേരളത്തിലെ സ്‌കൂളുകളിലെ അതേ സിലബസ് പിന്തുടര്‍ന്നു. കൂടുതല്‍ ശാസ്ത്രീയമായ രീതിയില്‍ പഠനം നടത്താന്‍ ഇതുപകരിച്ചു. എന്നാല്‍, പുസ്തകങ്ങള്‍ കിട്ടാന്‍ വൈകുന്നതും ചിലപ്പോള്‍ തീരെ കിട്ടാതെവരുന്നതും കുട്ടികളെ വലച്ചു.
തുടര്‍ന്നാണ് ഏജന്‍സികള്‍ വഴി പുസ്തകങ്ങള്‍ സംഭരിക്കാന്‍ മാനേജ്‌മെന്റ് നടപടി സ്വീകരിച്ചത്. ഡല്‍ഹി സര്‍ക്കാറിന് കീഴിലെ വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലാണ് കേരളാസ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. എങ്കിലും മുഴുവന്‍ കുട്ടികള്‍ക്കും യഥാസമയം മലയാളം പുസ്തകങ്ങള്‍ ലഭ്യമാക്കാന്‍ കേരളാസര്‍ക്കാറിന് ഇടപെടാമെന്നാണ് ബന്ധപ്പെട്ടവര്‍ സൂചിപ്പിക്കുന്നത്.