എന്‍ജിനീയറിങ് പ്രവേശനപരീക്ഷ ഇന്ന്
- Last Updated on 29 April 2012
- Hits: 1
കോഴിക്കോട്:അഖിലേന്ത്യാ എന്‍ജിനീയറിങ് പ്രവേശനപരീക്ഷയ്ക്കുള്ള കേരളത്തിലെ ഏകകേന്ദ്രമായ കോഴിക്കോട്ട് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഞായറാഴ്ച 29473 പേരാണ് കേരളത്തില്‍നിന്ന് പരീക്ഷയെഴുതുന്നത്.സി.ബി.എസ്.ഇ.യ്ക്കാണ് നടത്തിപ്പ് ചുമതല. മലപ്പുറം ജില്ലയിലെ വളാഞ്ചേരിമുതല്‍ കോഴിക്കോട് ജില്ലയിലെ വടകര വരെ 59 കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തുന്നത്. വിദ്യാര്‍ഥികളെ മുഴുവന്‍
ഉള്‍ക്കൊള്ളാന്‍ സി.ബി.എസ്.ഇ. സ്‌കൂളുകള്‍ മതിയാവാത്തതിനാല്‍ സംസ്ഥാന സ്‌കൂളുകളെയും കോളേജുകളെയും പരീക്ഷാകേന്ദ്രങ്ങളാക്കിയിട്ടുണ്ട്.
പരീക്ഷയെഴുതുന്നവരില്‍ മിക്കവരും രക്ഷിതാക്കള്‍ക്കൊപ്പം ശനിയാഴ്ചതന്നെ കോഴിക്കോട്ടെത്തി.നഗരത്തിലെ ലോഡ്ജുകളും ഹോട്ടലുകളും പരീക്ഷാര്‍ഥികളെക്കൊണ്ടു നിറഞ്ഞിരുന്നു.കേരളത്തിലുള്ള മുഴുവന്‍ കുട്ടികള്‍ക്കും പരീക്ഷയെഴുതാന്‍ കോഴിക്കോട്ടെത്തേണ്ടിവന്നു. താമസത്തിനും യാത്രയ്ക്കും വേണ്ടത്ര സൗകര്യമില്ലാതെ ആളുകള്‍ വലഞ്ഞു.
താമസസൗകര്യം ലഭിക്കാത്തവര്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മറ്റും വീടുകളിലാണ് തങ്ങിയത്. കോഴിക്കോട് ജില്ലയുടെ ഉള്‍പ്രദേശങ്ങളിലെ പരീക്ഷാകേന്ദ്രങ്ങള്‍ കിട്ടിയവരാണ് ഏറെ ബുദ്ധിമുട്ടിയത്. അവര്‍ക്ക് കാലേക്കൂട്ടി വരേണ്ടിവന്നു.ഞായറാഴ്ച പരീക്ഷ കഴിഞ്ഞാല്‍ അന്നുതന്നെ മടങ്ങിപ്പോകാന്‍ കഴിയുമോ എന്ന ആശങ്കയുമുണ്ട്.ഇന്ത്യയിലാകെ 9,92,000 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്.ബി.ഇ/ ബി.ടെക്, ബി.ആര്‍ക്/ ബി.പ്ലാനിങ് എന്നീകോഴ്‌സുകളിലേക്കു പ്രവേശനത്തിനു വേണ്ടിയുള്ള എഴുത്തുപരീക്ഷയാണ് ഞായറാഴ്ച നടക്കുന്നത്.
ഇന്ത്യയിലാകെ 1,64,000 പേര്‍ ഹാജരാവുന്ന ഓണ്‍ലൈന്‍ പരീക്ഷ മെയ് 7,12,19,26 തീയതികളിലാണ്.അതിന് കേരളത്തില്‍ രണ്ടുകേന്ദ്രങ്ങളുണ്ട്-എറണാകുളവും തിരുവനന്തപുരവും.അതിന്റെ ആറിരട്ടിയിലേറെപ്പേര്‍ ഹാജരാവുന്ന എഴുത്തുപരീക്ഷയ്ക്ക് ഒറ്റകേന്ദ്രം മാത്രം അനുവദിച്ച സി.ബി.എസ്.ഇ.യുടെ നടപടി വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.
ഞായറാഴ്ച രാവിലെ 9.30നാണ് ബി.ഇ/ ബി.ടെക് പ്രവേശന പരീക്ഷ തുടങ്ങുക. വിദ്യാര്‍ഥികള്‍ രാവിലെ ഒമ്പതിനുതന്നെ പരീക്ഷാകേന്ദ്രത്തിലെത്തണമെന്നാണ് നിര്‍ദേശം.12.30ന് ആ പരീക്ഷ കഴിയും.ബി.ആര്‍ക്/ ബി.പ്ലാനിങ് പ്രവേശനത്തിനുള്ള പരീക്ഷ ഉച്ചയ്ക്ക് രണ്ടുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ്. രണ്ടു പരീക്ഷകളും എഴുതുന്ന ഒട്ടേറെ കുട്ടികളുണ്ട്. അവര്‍ക്ക് മടക്കയാത്ര പ്രയാസമാകുന്നതിനാല്‍ രണ്ടുദിവസം കോഴിക്കോട്ട് താമസിക്കേണ്ടിവരും.