24May2012

Breaking News
ലോഡ്‌ഷെഡ്ഡിങ് പിന്‍വലിച്ചു; മറ്റ് നിയന്ത്രണങ്ങള്‍ 31 വരെ
ഇന്ന് ഹര്‍ത്താല്‍
അമേരിക്കന്‍ വിമാനഭാഗങ്ങളില്‍ ചൈനീസ് വ്യാജന്‍
ഉസാമയെ കണ്ടെത്താന്‍ സഹായിച്ച ഡോക്ടര്‍ക്ക് 33വര്‍ഷം തടവ്
പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയായി
ചന്ദ്രശേഖരന്‍ വധം: കൊലയാളികളിലൊരാള്‍ പിടിയില്‍
ലോഡ് ഷെഡിങ് പിന്‍വലിച്ചു
ഈജിപ്തില്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പ് ഇന്ന്‌
You are here: Home Education അധ്യാപക യോഗ്യതാ പരീക്ഷ നിലവിലെ അധ്യാപകര്‍ക്ക് ബാധകമാക്കില്ല

അധ്യാപക യോഗ്യതാ പരീക്ഷ നിലവിലെ അധ്യാപകര്‍ക്ക് ബാധകമാക്കില്ല

ന്യൂഡല്‍ഹി: ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളില്‍ പഠിപ്പിക്കുന്നവര്‍ 'അധ്യാപക യോഗ്യതാ പരീക്ഷ' (ടി.ഇ.ടി.) പാസാകണമെന്ന വ്യവസ്ഥ നിലവിലുള്ള അധ്യാപകര്‍ക്ക് ബാധകമാക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.

ഇപ്പോള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ പുതുതായി ടി.ഇ.ടി. പാസാകേണ്ടെന്നും പുതിയ

നിയമനങ്ങള്‍ക്കാണ് അത് നിര്‍ബന്ധമാക്കുകയെന്നും കേന്ദ്രമാനവശേഷി മന്ത്രി കപില്‍ സിബല്‍ രാജ്യസഭയില്‍ പ്രസ്താവിച്ചു. ഇതുമായി ബന്ധപ്പെട്ട് എം.പി. അച്യുതന്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

രാജ്യമെങ്ങും അധ്യാപകര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയ ടി.ഇ.ടി.യുമായി ബന്ധപ്പെട്ട് ഒട്ടേറെ എം.പി.മാര്‍ മന്ത്രിയില്‍നിന്ന് വിശദീകരണം തേടി. വിദ്യാഭ്യാസ അവകാശനിയമം ബാധകമായ എല്ലാ സ്‌കൂളുകളിലും അധ്യാപകര്‍ യോഗ്യതാ പരീക്ഷ പാസാകണമെന്ന ഉത്തരവിനെതിരെ കേരളത്തില്‍നിന്ന് അധ്യാപക സംഘടനകളും രംഗത്തിറങ്ങിയിരുന്നു.

യോഗ്യതാ പരീക്ഷയുടെ മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് 'നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യുക്കേഷന്‍' 2010 ആഗസ്ത് 23-നാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതനുസരിച്ച് 2011-12 ല്‍ 9.12 ശതമാനം പേരാണ് (54,000) പ്രൈമറി അധ്യാപകര്‍ക്കുള്ള യോഗ്യതാ പരീക്ഷ പാസായത്. അപ്പര്‍ പ്രൈമറി അധ്യാപകര്‍ക്കുള്ള പരീക്ഷ എഴുതിയവരില്‍ 7.5 ശതമാനമേ ജയിച്ചുള്ളൂ (43,000 പേര്‍). 2012-ല്‍ 20,000 പ്രൈമറി അധ്യാപകരും 34,000 യു.പി. അധ്യാപകരും യോഗ്യതാ പരീക്ഷ ജയിച്ചെന്ന് മന്ത്രി വിശദീകരിച്ചു. എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കെല്ലാം പരീക്ഷ ബാധകമാണ്. അധ്യാപകര്‍ക്ക് സംസ്ഥാനങ്ങളുടെയോ കേന്ദ്രത്തിന്റെയോ പരീക്ഷ എഴുതാം. രണ്ടായാലും രാജ്യത്തെ എല്ലാ സ്‌കൂളുകള്‍ക്കും അത് ബാധകമാവും.

അഞ്ചും ആറും ശതമാനം പേര്‍ മാത്രമേ പരീക്ഷ ജയിക്കുന്നുള്ളൂ എന്നത് ഇക്കാര്യത്തില്‍ ഉദ്യോഗാര്‍ഥികള്‍ നടത്തേണ്ട കഠിന പരിശ്രമത്തിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് എം.പി.മാര്‍ ചൂണ്ടിക്കാട്ടി. ടി.ടി.സി.യും ബിരുദവും തുടര്‍ന്ന് ബി.എഡും നേടിയശേഷം വീണ്ടും ഇത്തരം പരീക്ഷ എഴുതേണ്ടിവരുന്നതിന് പ്രസക്തിയില്ല. വിജയശതമാനം അഞ്ചും ആറും മാത്രമായാല്‍ വേണ്ടത്ര അധ്യാപകരെ എങ്ങനെ ഉറപ്പുവരുത്താനാവുമെന്നും അവര്‍ ചോദിച്ചു.

ബിരുദവും ബി.എഡും മറ്റും ഉണ്ടായിട്ടും ടി.ഇ.ടി. പാസാകാത്തത് കുറഞ്ഞ വിദ്യാഭ്യാസ നിലവാരത്തിന് തെളിവാണെന്ന് കപില്‍ സിബല്‍ വിശദീകരിച്ചു. വിദ്യാഭ്യാസത്തിന്റെ ഗുണത്തിന് ഊന്നല്‍ നല്‍കണം. കൊച്ചുകുട്ടികള്‍ക്ക് നിലവാരമുള്ള വിദ്യാഭ്യാസം ലഭിച്ചില്ലെങ്കില്‍ പിന്നീട് സര്‍വകലാശാലാ തലത്തിലെ പഠനത്തിനും ഗുണനിലവാരം ഉണ്ടാവില്ല. ആവശ്യത്തിന് അധ്യാപകരില്ലാത്ത സംസ്ഥാനങ്ങള്‍ക്കുവേണ്ടി കേന്ദ്രത്തിന് പ്രത്യേക പദ്ധതി ഉണ്ട്. ചില വിട്ടുവീഴ്ചകളും ഇക്കാര്യത്തില്‍ ചെയ്യാനൊരുക്കമാണ്. യോഗ്യതാ പരീക്ഷ പാസായ അധ്യാപകരെ ആവശ്യത്തിന് കിട്ടാനില്ലാത്ത സംസ്ഥാനങ്ങളില്‍ നിലവിലുള്ളവര്‍ക്ക് ഒന്നോ രണ്ടോ വര്‍ഷംകൊണ്ട് ബിരുദം നേടുകയും ടി.ഇ.ടി. പാസാവുകയും ചെയ്യാം. നിലവിലുള്ള ആരെയും പരിച്ചുവിടുകയില്ല. ഗുണനിലവാരം ഉറപ്പുവരുത്തുക മാത്രമാണ് സര്‍ക്കാറിന്റെ ലക്ഷ്യം -സിബല്‍ പറഞ്ഞു.

Newsletter