സ്വവര്‍ഗ വിവാഹത്തിന് ഒബാമയുടെ പിന്തുണ
- Last Updated on 11 May 2012
- Hits: 2
വാഷിങ്ടണ്‍: സ്വവര്‍ഗവിവാഹം അംഗീകരിക്കാവുന്നതാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ അഭിപ്രായപ്പെട്ടു. ആദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് സ്വവര്‍ഗവിവാഹത്തെ അനുകൂലിക്കുന്നത്. നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഈ വിഷയം ചൂടേറിയ ചര്‍ച്ചയ്ക്കിടയാക്കിയേക്കും. വിവാഹം സ്ത്രീയും പുരുഷനുംതമ്മിലുള്ള ബന്ധമാണെന്ന് ബുധനാഴ്ച റിപ്പബ്ലിക്കന്‍
പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി മിറ്റ് റോംനി അഭിപ്രായപ്പെട്ടതിനു പിന്നാലെയാണ് ഒരു ടെലിവിഷന്‍ചര്‍ച്ചയില്‍ ഒബാമ എതിര്‍നിലപാടിന് അംഗീകാരം നല്‍കിയത്.
സ്വവര്‍ഗവിവാഹത്തെ വെറുക്കുന്നൂവെന്നും സമൂഹം അംഗീകരിച്ച ബന്ധങ്ങളാണ് അഭികാമ്യമെന്നുമായിരുന്നു ഒബാമയുടെ മുന്‍നിലപാട്. ഇതേപ്പറ്റി ചോദിച്ചപ്പോള്‍ നിലപാടില്‍ മാറ്റംവന്നിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു.
ചൊവ്വാഴ്ച അമേരിക്കയില്‍ പുറത്തുവിട്ട ഒരു അഭിപ്രായവോട്ടെടുപ്പനുസരിച്ച് രാജ്യത്തെ 50 ശതമാനം പേരും സ്വവര്‍ഗവിവാഹത്തെ അനുകൂലിക്കുന്നുണ്ട്. എന്നാല്‍ നോര്‍ത്ത് കരോലിനയില്‍ ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പില്‍ സ്വവര്‍ഗവിവാഹത്തിന് നിരോധനം ഏര്‍പ്പെടുത്തുന്നതിന് അനുകൂലാഭിപ്രായമുണ്ടായി. അതിനുമുന്‍പ് 30 സംസ്ഥാനങ്ങള്‍ വോട്ടെടുപ്പില്‍ സമാനമായ അഭിപ്രായംതന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മസാച്ചുസെറ്റ്‌സ്, ന്യൂയോര്‍ക്ക്, കൊളംബിയ തുടങ്ങിയ പ്രദേശങ്ങളില്‍ സ്വവര്‍ഗവിവാഹത്തിന് ലൈസന്‍സ് നല്‍കുന്നുണ്ട്.