06May2012

Breaking News
You are here: Home World ബഹിരാകാശ പര്യവേഷണത്തിന് ജെയിംസ് കാമറൂണ്‍; ഒപ്പം ഗൂഗിള്‍ ഉന്നതരും

ബഹിരാകാശ പര്യവേഷണത്തിന് ജെയിംസ് കാമറൂണ്‍; ഒപ്പം ഗൂഗിള്‍ ഉന്നതരും

'അവതാര്‍' സംവിധായകന്‍ ജെയിംസ് കാമറൂണ്‍ ബഹിരാകാശ സംരംഭത്തില്‍ പങ്കാളിയാകുന്നു. ക്ഷുദ്രഗ്രഹങ്ങളിലെ ഖനനം അടക്കമുള്ള കാര്യങ്ങള്‍ ലക്ഷ്യമിടുന്ന സംരംഭത്തില്‍ ഗൂഗിള്‍ സിഇഒ ലാറി പേജ്, ഗൂഗിള്‍ ചെയര്‍മാന്‍ എറിക് ഷിമിഡ്ത് എന്നിവരും പങ്കാളികളാകും. 

'പ്ലാനെറ്ററി റിസോഴ്‌സസ്' (Planetary Resources) എന്നാണ് സംരംഭത്തിനിട്ടിട്ടുള്ള പേര്. ഇതിന്റെ വിശദാംശങ്ങള്‍ അടുത്തയാഴ്ച വെളിപ്പെടുത്തുമെന്ന് ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്താക്കുറിപ്പ് പറയുന്നു

സംരംഭത്തില്‍ പങ്കാളികളായവരുടെ പേരുവിവരങ്ങളല്ലാതെ അധികം കാര്യങ്ങളൊന്നും വാര്‍ത്താക്കുറിപ്പിലില്ല. 'ബഹിരാകാശ പര്യവേഷണവും പ്രകൃതി വിഭവങ്ങളും' ഉള്‍പ്പെട്ട ഈ സംരംഭം വഴി ആഗോള മൊത്തംവരുമാനത്തിലേക്ക് ട്രില്യണ്‍ കണക്കിന് ഡോളര്‍ കൂട്ടിച്ചേര്‍ക്കപ്പെടുമെന്നും വാര്‍ത്താക്കുറിപ്പ് പറയുന്നു. 

ക്ഷുദ്രഗ്രഹങ്ങളിലെ പ്രകൃതിവിഭവങ്ങള്‍ ഖനനം ചെയ്യുന്നതിന്റെ സാധ്യതയും പ്ലാനെറ്ററി റിസോഴ്‌സസ് ആരായുമെന്ന് കഴിഞ്ഞ ദിവസം 'വാള്‍സ്ട്രീറ്റ് ജേര്‍ണല്‍' റിപ്പോര്‍ട്ട് ചെയ്തിരുന്നു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ആശയമാണിത്. 'പ്രകൃതി വിഭവങ്ങള്‍' എന്നതിന് പുതിയ നിര്‍വചനം ഉണ്ടാകുന്നതിനൊപ്പം, ഈ സംരംഭം പുതിയൊരു വ്യവസായ മേഖലയ്ക്കും വഴിതുറക്കുമെന്ന് വാര്‍ത്താക്കുറിപ്പ് പറഞ്ഞു. 

കാമറൂണ്‍, പേജ്, ഷിമിഡ്ത് എന്നിവര്‍ മാത്രമല്ല പുതിയ സംരംഭത്തിലുള്ളത്. നാസയുടെ ചൊവ്വാപര്യവേഷണവിഭാഗം മുന്‍ മാനേജര്‍ എറിക് ആന്‍ഡേഴ്‌സണ്‍, എക്‌സ്-പ്രൈസിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വാണിജ്യ സ്‌പേസ് സംരംഭകന്‍ പീറ്റര്‍ ഡയമാന്‍ഡിസ് എന്നിവരും പുതിയ സംരംഭത്തില്‍ സഹസ്ഥാപകരാണ്. മൈക്രോസോഫ്റ്റിലെ മുന്‍ ഉന്നതനായ ചാള്‍സ് സിമോണിയി, ഗൂഗിള്‍ ഡയറക്ടര്‍ കെ.റാം ശ്രീറാമും സംരംഭത്തില്‍ കൈകോര്‍ക്കുന്നു. 

ടൈറ്റാനിക്, അവതാര്‍ മുതലായ ഹോളിവുഡ് സൂപ്പര്‍ഹിറ്റുകളൊരുക്കിയ ജെയിംസ് കാമറൂണിന്റെ പുതിയ സംരംഭമാണ് ബഹിരാകാശ പര്യവേഷണം. ഭൂമുഖത്തെ ഏറ്റവും ആഴമേറിയ സ്ഥലമായ മറീന ട്രെഞ്ചിന്റെ അടിത്തട്ടില്‍ കാമറൂണ്‍ പോയിവന്നത് മാര്‍ച്ച് അവസാനമാണ്.

അദ്ദേഹത്തിന്റെ 'അവതാര്‍' സിനിമയുടെ പ്രമേയം, ഒരു അന്യഗ്രഹത്തിന്റെ ഉപഗ്രഹത്തില്‍ മനുഷ്യന്‍ നടത്തുന്ന ഖനനപ്രവര്‍ത്തനങ്ങളും അത് തദ്ദേശിയര്‍ക്ക് വരുത്തുന്ന ഭീഷണിയുമാണ്.

Newsletter