11May2012

മുല്ലപ്പെരിയാര്‍: റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമെന്ന് കരുണാനിധിയും ജയലളിതയും

ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുന്‍ ചീഫ് ജസ്റ്റിസ് എ.എസ്. ആനന്ദിന്റെ അധ്യക്ഷതയിലുള്ള ഉന്നതാധികാരസമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമാണെന്ന് ഡി.എം.കെ. പ്രസിഡന്റ് എം. കരുണാനിധി പറഞ്ഞു. 

നിലവിലുള്ള അണക്കെട്ട് സുരക്ഷിതമാണെന്നും ജലനിരപ്പ് 136 അടിയില്‍ നിന്നും

142 അടിയായി ഉയര്‍ത്താമെന്നുമുള്ള ഉന്നതാധികാരസമിതിയുടെ നിര്‍ദേശങ്ങള്‍ സ്വീകാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് കേരളം ഉന്നയിച്ച ആശങ്കകളെല്ലാം നിരാകരിച്ച റിപ്പോര്‍ട്ട് അണക്കെട്ട് മേഖലയിലുണ്ടായ ഭൂചലനങ്ങളൊന്നും ഡാമിനെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്ന തമിഴ്‌നാടിന്റെ നീരീക്ഷണത്തെ ശരിവെക്കുകയാണ് ചെയ്തതെന്ന് കരുണാനിധി വ്യക്തമാക്കി. 

സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് പൊതുവില്‍ സ്വീകാര്യമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയും അഭിപ്രായപ്പെട്ടു. ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌നാട് ഇത്രയുംകാലം മുന്നോട്ടുവെച്ച നിലപാടിനെ അംഗീകരിക്കുന്നതാണ് ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടെന്ന് ജയലളിത പറഞ്ഞു. റിപ്പോര്‍ട്ട് തമിഴ്‌നാടിന്റെ നിലപാടിനുള്ള വിജയമാണെന്ന് എം.ഡി.എം.കെ. നേതാവ് വൈകോ പ്രതികരിച്ചു.

സമരസമിതി ജസ്റ്റിസ് കെ.ടി.തോമസിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി

കോട്ടയം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിക്കാത്തതെന്തെന്ന് വ്യക്തമാക്കണമെന്ന് ഇ.എസ്. ബിജിമോള്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. 

മുല്ലപ്പെരിയാര്‍ സമരസമിതിയുടെ നേതൃത്വത്തില്‍ ഉന്നതാധികാരസമിതിയംഗം ജസ്റ്റിസ് കെ.ടി.തോമസിന്റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഇതില്‍ പരാജയപ്പെട്ട മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും ബിജിമോള്‍ കുറ്റപ്പെടുത്തി. 

ശനിയാഴ്ച വൈകീട്ട് നാലരയോടെ കഞ്ഞിക്കുഴിയില്‍നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. ജസ്റ്റിസ് കെ.ടി.തോമസിന്റെ വീടിന് നൂറുമീറ്റര്‍ അകലെവച്ച് പോലീസ് മാര്‍ച്ച് തടഞ്ഞു. പോലീസുമായി ചെറിയതോതില്‍ ഉന്തുംതള്ളുമുണ്ടായി. തുടര്‍ന്ന് സമരസമിതി പ്രവര്‍ത്തകര്‍ മുട്ടമ്പലം ദേവലോകം റോഡില്‍ കുത്തിയിരുന്നു.

കേന്ദ്രവും വഞ്ചിച്ചു; മുല്ലപ്പെരിയാര്‍ സമരസമിതി

കെ.ചപ്പാത്ത് (ഇടുക്കി): മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളവിരുദ്ധ നിലപാടുകള്‍ സ്വീകരിച്ച കേന്ദ്ര ജലവിഭവവകുപ്പ് ഉദ്യോഗസ്ഥരായിരുന്ന രണ്ട് വിദഗ്ധരെ ഉന്നതാധികാര സമിതിയംഗങ്ങളാക്കിയതിലൂടെ കേന്ദ്രസര്‍ക്കാരാണ് കേരളത്തിലെ ജനങ്ങളെ ആദ്യം വഞ്ചിച്ചതെന്ന് മുല്ലപ്പെരിയാര്‍ സമരസമിതി അടിയന്തര കേന്ദ്രകമ്മിറ്റിയോഗം കുറ്റപ്പെടുത്തി.

ഇതേ വിദഗ്ധര്‍ ഉള്‍പ്പെട്ട കേന്ദ്ര പഠനസംഘമാണ് 2001ല്‍ ബേബിഡാം ബലക്ഷയമാണെന്ന് കണ്ടെത്തിയത്. ഒരു ബലപ്പെടുത്തലും നടത്താതിരുന്നിട്ടും 2012 ആയപ്പോള്‍ ബേബിഡാം ബലവത്താണെന്നാണ് ഇവര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നതും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതും. 

തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകാന്‍ പുതിയ ടണല്‍ നിര്‍മ്മിക്കണമെന്ന നിര്‍ദേശമുണ്ടായതില്‍ ദുരൂഹതയുണ്ട്. കേരളം ഭരിച്ച എല്‍.ഡി.എഫ്., യു.ഡി.എഫ്. ഗവണ്‍മെന്റുകളോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ഇതേവരെ ആവശ്യപ്പെടാത്ത കാര്യമാണിത്. മുല്ലപ്പെരിയാര്‍ സമരസമിതിയുടെ മുന്‍ചെയര്‍മാന്‍ സി.പി.റോയി ഇടക്കാലത്ത് ഉയര്‍ത്തിക്കൊണ്ടുവന്ന നിര്‍ദേശമാണിത്. ഈ നിര്‍ദേശവുമായി ഇദ്ദേഹം ജസ്റ്റിസ് കെ.ടി.തോമസിനെ നേരില്‍ക്കണ്ട് പലപ്രാവശ്യം ചര്‍ച്ചചെയ്യുകയും ചെയ്തിരുന്നു. റോയിയുടെ സമ്മര്‍ദം ജസ്റ്റിസ് കെ.ടി.തോമസിനുമേലുണ്ടായിട്ടുണ്ടോ എന്ന് സര്‍ക്കാര്‍ അന്വേഷിക്കണം. ടണല്‍ നിര്‍ദേശം എങ്ങനെ വന്നു എന്ന് സര്‍ക്കാര്‍ ഗൗരവമായി കാണണം. റോയിക്കെതിരെ അന്വേഷണം വേണം. 

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിസംഘം പ്രധാനമന്ത്രിയെയും യു.പി.എ. അദ്ധ്യക്ഷയെയും അടിയന്തരമായി കാണണമെന്നും യോഗം ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ സമരം ശക്തമാക്കാന്‍ യോഗം തീരുമാനിച്ചു.



Newsletter