കരസേനാമേധാവിക്കെതിരായ കേസ് മറ്റൊരു കോടതിയിലേക്ക്
- Last Updated on 06 May 2012
- Hits: 1
ന്യൂഡല്‍ഹി: കരസേനാമേധാവി അടക്കമുള്ളവര്‍ക്കെതിരെ റിട്ട. ലഫ് ജനറല്‍ തേജീന്ദര്‍ സിങ് നല്‍കിയ മാനനഷ്ടക്കേസില്‍ ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് വിധി പറഞ്ഞില്ല. പരാതിക്കാരന്റെ അഭിഭാഷകന്‍ അനുകൂലവിധിക്കായി തന്നില്‍ സമ്മര്‍ദം ചെലുത്തിയെന്നും അതിനാല്‍ കേസ് മറ്റൊരു മജിസ്‌ട്രേട്ടിന് കൈമാറുകയാണെന്നും
മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് സുധേഷ് കുമാര്‍ പറഞ്ഞു.
അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് അമിത് ബന്‍സല്‍ ആയിരിക്കും ഇനി കേസ് പരിഗണിക്കുക. റിട്ട. ലഫ് ജനറല്‍ തേജീന്ദര്‍സിങിന്റെ അഭിഭാഷകന്‍ അനില്‍ അഗര്‍വാള്‍ മെയ് 3ന് നല്കിയ അപേക്ഷയുടെ ഭാഷയും സ്വഭാവവും കോടതിയെ സമ്മര്‍ദത്തിലാക്കുന്നതാണെന്ന് മജിസ്‌ട്രേട്ട് സുധേഷ്‌കുമാര്‍ കുറ്റപ്പെടുത്തി.
കരസേനാമേധാവി വി.കെ.സിങ്ങടക്കം അഞ്ച് മുതിര്‍ന്ന സൈനികോദ്യോഗസ്ഥരാണ് കേസില്‍ പ്രതികള്‍. ടട്ര ട്രക്ക് ഇടപാടില്‍ കരസേന ഇറക്കിയ പത്രക്കുറിപ്പില്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണം മാനക്കേടുണ്ടാക്കിയെന്നാണ് ക്രിമിനല്‍ മാനനഷ്ടക്കേസില്‍ റിട്ട. ലഫ് ജനറല്‍ തേജീന്ദര്‍ സിങ് കുറ്റപ്പെടുത്തുന്നത്.