മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി ആധാരമാക്കിയത് ജലകമ്മീഷന്റെ തെറ്റായ കണ്ടെത്തല്‍
- Last Updated on 06 May 2012
- Hits: 1
കോട്ടയം: മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്ന ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് കേരളത്തെ ഞെട്ടിച്ചു. രാഷ്ട്രീയനേതൃത്വവും സാങ്കേതികവിദഗ്ധരും ഉദ്യോഗസ്ഥരും മുല്ലപ്പെരിയാര്‍ സെല്ലുമൊക്കെ അന്തംവിട്ട് നില്ക്കുന്നു. ഇങ്ങനെയൊരു റിപ്പോര്‍ട്ടാകും സമിതി സമര്‍പ്പിക്കുകയെന്ന് അവരാരും സ്വപ്നത്തില്‍പ്പോലും പ്രതീക്ഷിച്ചതല്ല.
116 വര്‍ഷമായ അണക്കെട്ട് എന്തുകൊണ്ട് ഭീഷണിയുയര്‍ത്തുന്നുവെന്ന് വിദഗ്ധരുടെ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളം വാദിച്ചത്. ജലനിരപ്പ് ഉയര്‍ത്തുന്നത് സുരക്ഷിതത്വത്തെയും കരാറിനെയും ബാധിക്കുമെന്ന് പറഞ്ഞതും തെളിവുകളുടെ ബലത്തില്‍ത്തന്നെ. ഇവയൊന്നും സമിതി പരിഗണിച്ചതേയില്ല. ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്ന് തീരുമാനിക്കാന്‍ ഉന്നതാധികാര സമിതി അടിസ്ഥാനമാക്കിയത് കേന്ദ്ര ജലകമ്മീഷന്റെ പഴയ കണ്ടെത്തലാണ്. ഇതാകട്ടെ, തെറ്റാണെന്ന് കേരളം സുപ്രിംകോടതിയില്‍ തെളിയിച്ചതും.
മുല്ലപ്പെരിയാര്‍ സംഭരണിയിലെ ജലനിരപ്പിനെക്കുറിച്ചുള്ള കേന്ദ്ര ജലകമ്മീഷന്റെ 1986ലെ വിലയിരുത്തലാണ് ഉന്നതാധികാരസമിതി ആധാരമാക്കിയിരിക്കുന്നത്. ഡല്‍ഹി ഐ.ഐ.ടി.യിലെ അധ്യാപകനും ജലശാസ്ത്രവിദഗ്ധനുമായ ഡോ. എ.കെ.ഗൊസൈന്‍ സുപ്രിംകോടതിയില്‍ ജലകമ്മീഷന്റെ കണ്ടെത്തല്‍ തെറ്റാണെന്ന് തെളിയിച്ചിരുന്നു. ഡോ. ഗൊസൈന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പഠനം തള്ളിക്കളഞ്ഞതും തെറ്റാണെന്ന് തെളിയിക്കപ്പെട്ട പഠനം സ്വീകരിച്ചതും എന്തുകൊണ്ടാണെന്ന് ഉന്നതാധികാരസമിതി വ്യക്തമാക്കിയിട്ടില്ല.
തമിഴ്‌നാടിന്റെ അഭിഭാഷകര്‍ ഡോ. ഗൊസൈനെ നാലുദിവസം വിസ്തരിച്ചു. ജലകമ്മീഷന്റെ അഭിഭാഷകരുടെ വക വിസ്താരവുമുണ്ടായി. പക്ഷേ, അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ തെറ്റാണെന്ന് സ്ഥാപിക്കാന്‍ കഴിഞ്ഞില്ല. ഉന്നതാധികാരസമിതി ഗൊസൈന്റെ റിപ്പോര്‍ട്ട് പരിഗണിക്കുകയോ അദ്ദേഹത്തെ വിസ്തരിക്കുകയോ ചെയ്തില്ല.
ഉന്നതാധികാരസമിതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സാങ്കേതികവിദഗ്ധര്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിരവധി പരിശോധനകള്‍ നടത്തിയെങ്കിലും ഒന്നിന്റെപോലും ഫലമെന്തെന്ന് മുല്ലപ്പെരിയാര്‍ കേസിലെ പ്രധാന കക്ഷിയായ കേരളത്തെ അറിയിച്ചിട്ടില്ല. എന്നുമാത്രമല്ല, പരിശോധനകള്‍ നടന്നോ ഇല്ലയോ, എന്തെങ്കിലും തടസ്സം നേരിട്ടോ, എന്നൊന്നും കേരളത്തിന് അറിയില്ല. തെറ്റായ കണ്ടെത്തലാണോ നടന്നിട്ടുള്ളതെന്ന് മനസ്സിലാക്കാന്‍ ഇതുമൂലം കഴിഞ്ഞില്ല. തെറ്റെങ്കില്‍ അത് ചൂണ്ടിക്കാട്ടാനും അവസരമില്ലായിരുന്നു. കേരളത്തെ അറിയിക്കാതെ പരിശോധന നടത്തിയശേഷം അതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതില്‍ കേരളത്തിലെ വിദഗ്ധരും ഉന്നതോദ്യോഗസ്ഥരും രാഷ്ട്രീയപ്രമുഖരും അസന്തുഷ്ടരാണ്.