സിറിയയില്‍ സ്‌ഫോടനം: 70 പേര്‍ കൊല്ലപ്പെട്ടു
- Last Updated on 27 April 2012
- Hits: 3
ദമാസ്‌കസ്: ഐക്യരാഷ്ട്രസഭയുടെയും അറബ് ലീഗിന്റെയും സമാധാനക്കരാര്‍ നിലനില്‍ക്കുന്ന സിറിയയില്‍ സ്‌ഫോടനത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടു ചെയ്തു. ഹമാസ് പ്രവിശ്യയിലെ തയ്യാര്‍ ജില്ലയിലെ മാഷയിലാണ് സ്‌ഫോടനം നടന്നത്. മരിച്ചവരില്‍ 13 കുട്ടികളും 15 സ്ത്രീകളും ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
വലിയ സ്‌ഫോടനത്തില്‍ സമീപത്തെ ഒട്ടേറെ വീടുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. പ്രസിഡന്‍റ് ബാഷര്‍ അല്‍ അസദിനെ പിന്തുണയ്ക്കുന്ന സൈന്യമാണ് ആക്രമണത്തിന് പിന്നിലെന്നും അവര്‍ ആരോപിച്ചു. അതേസമയം, സായുധ തീവ്രവാദ സംഘടനകളുടെ ബോംബ് നിര്‍മാണ ഫാക്ടറിയില്‍ സ്‌ഫോടനമുണ്ടാകുകയും 16 പേര്‍ മരിക്കുകയുമായിരുന്നെന്ന് സിറിയയിലെ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൃതദേഹങ്ങളും മറ്റും എടുത്തുമാറ്റുന്നതിന്റെ ചിത്രങ്ങളും മനുഷ്യാവകാശ സംഘടനകള്‍ ഇന്‍റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തു. അസദിന്റെ സൈന്യം നടത്തിയ ഷെല്ലാക്രമണമോ, സ്‌കഡ്മിസൈല്‍ ആക്രമണമോ ആയിരിക്കണം സ്‌ഫോടനത്തിനു പിന്നിലെന്നും സംശയമുണ്ട്. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ അടിയന്തരയോഗം ചേരണമെന്ന് സിറിയയിലെ പ്രതിപക്ഷ സംഘടനകള്‍ ആവശ്യപ്പെട്ടു. അടുത്തിടെ നടന്ന ആക്രമണങ്ങളില്‍ ഹമാസില്‍ മാത്രം 100-ലധികം പേര്‍ കൊല്ലപ്പെട്ടതായും പ്രതിപക്ഷ സംഘടനകള്‍ ആരോപിച്ചു.
യു.എന്‍. മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്റെ നേതൃത്വത്തില്‍ മുന്നോട്ടുവെച്ച സമാധാനക്കരാര്‍ സിറിയയില്‍ നിലനില്‍ക്കുമ്പോഴും ആക്രമണങ്ങള്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ, സമാധാനക്കരാര്‍ പരാജയപ്പെട്ടാല്‍ അന്താരാഷ്ട്ര സേനയെ ഉപയോഗിക്കുന്ന കാര്യം യു.എന്‍. സുരക്ഷാ കൗണ്‍സില്‍ പരിഗണിക്കണമെന്ന് ഫ്രാന്‍സ് ആവശ്യപ്പെട്ടു.
ജനവാസമേഖലകളില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാത്ത അസദിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് കോഫി അന്നനും ചൊവ്വാഴ്ച സുരക്ഷാകൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞിരുന്നു. മാര്‍ച്ച് 2011-ല്‍ സിറിയയില്‍ ആരംഭിച്ച ജനാധിപത്യപ്രക്ഷോഭത്തില്‍ ഇതുവരെയായി 9,000-ലധികം ആളുകള്‍ മരിച്ചിട്ടുണ്ടെന്നാണ് യു.എന്‍.റിപ്പോര്‍ട്ട്.