10July2012

എന്റിക്ക ലെക്‌സി ഇറ്റലിയിലേക്ക് മടങ്ങി, കപ്പല്‍ ജീവനക്കാരുടെ ദുരിതങ്ങള്‍ക്ക് വിരാമമാകുന്നു

കൊച്ചി: മൂന്നുമാസത്തോളം നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഇറ്റാലിയന്‍ കപ്പല്‍ എന്റിക്ക ലെക്‌സി കൊച്ചിയുടെ തീരത്തോട് വിടചൊല്ലി. ഹൈക്കോടതിയിലെ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ശനിയാഴ്ച രാത്രിയോടെയാണ് കൊച്ചിയിലെ പുറംകടലില്‍ നിന്ന് ഇറ്റലിയിലേക്ക് കപ്പല്‍ യാത്രയായത്.

കപ്പല്‍ വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ക്കായി ക്യാപ്റ്റന്‍ ഉമ്പര്‍ട്ടോ വിറ്റേലി, ഷിപ്പിങ് ഏജന്‍സിയായ ജയിംസ് മക്കിന്‍ടോഷ് മാനേജിങ് ഡയറക്ടര്‍ ഫാറോക്ക് എച്ച്. കമ്മിസിരിയാത്ത്, കപ്പല്‍ കമ്പനിയായ ഡോള്‍ഫിന്‍ ടാങ്കേഴ്‌സിന്റെ എം.ഡി. പിയോ ഷിയാനോ ലൊമോറിലോ തുടങ്ങിയവര്‍ കോടതിയില്‍ ഹാജരായിരുന്നു. ഇറ്റാലിയന്‍ കോണ്‍സുലേറ്റ് ജനറല്‍ ജിയാംപോളോ ക്യൂറ്റില്ലോയും കൊച്ചിയില്‍ എത്തിയിരുന്നു.

ഹൈക്കോടതി രജിസ്ട്രാര്‍ മുമ്പാകെ മൂന്ന് കോടിയുടെ ഡി.ഡി. സമര്‍പ്പിക്കുകയും കേസ് നടപടികള്‍ക്കായി ആവശ്യമെങ്കില്‍ ജീവനക്കാരെ ഹാജരാക്കാമെന്ന സത്യവാങ്മൂലവും നല്‍കിയതിനെ തുടര്‍ന്നാണ് കപ്പല്‍ തീരം വിട്ടുപോകാന്‍ അനുമതി നല്‍കിയത്. ഉപാധികളോടെ കപ്പല്‍ വിട്ടയക്കുന്നതിന് സുപ്രീംകോടതിയുടെ ഉത്തരവിന്റെ പകര്‍പ്പും കോടതിയില്‍ ഹാജരാക്കി. പകര്‍പ്പ് വെള്ളിയാഴ്ച കിട്ടിയെങ്കിലും അപ്പോഴേക്കും കോടതി സമയം കഴിഞ്ഞതിനാല്‍ നടപടികള്‍ ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ഹൈക്കോടതി അനുമതിക്ക് പുറമെ കസ്റ്റംസ്, പോര്‍ട്ട് ക്‌ളിയറന്‍സും ലഭിച്ചതിനെ തുടര്‍ന്നാണ് കപ്പല്‍ കൊച്ചിയില്‍ നിന്ന് പുറപ്പെട്ടത്.

മൂന്നുകോടി രൂപയുടെ ഡി.ഡി. നല്‍കിയതോടെയാണ് കപ്പല്‍ കൊച്ചി വിടുന്നതിന് അനുമതിയായത്. ബോണ്ടും സത്യവാങ്മൂലവും നല്‍കി കപ്പല്‍ കൊച്ചിയില്‍ നിന്നു കൊണ്ടുപോകാനായിരുന്നു നേരത്തെ ഇറ്റാലിയന്‍ അധികൃതര്‍ തീരുമാനമെടുത്തിരുന്നത്.

19 ഇന്ത്യക്കാരടക്കം 24 ജീവനക്കാരാണ് കപ്പലില്‍ ഉള്ളത്. സുരക്ഷയ്ക്കായി നാല് മറീനുകളും ഉണ്ട്. പുറം ലോകവുമായി ബന്ധമില്ലാതെ മൂന്നു മാസത്തോളമായി ഇവരുടെ ജീവിതം ദുരിതമയമായിരുന്നു. പലര്‍ക്കും പനി, വിഷാദരോഗം, ശ്വാസകോശ സംബന്ധമായ അസുഖം തുടങ്ങിയവ പിടിപെടുകയും ആസ്പത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നുവെന്ന് കപ്പല്‍ കമ്പനിയുടെ അഭിഭാഷകന്‍ അഡ്വ. വി.ജെ. മാത്യു പറഞ്ഞു. പോലീസ് കാവലിലായിരുന്നു കപ്പല്‍ നങ്കൂരമിട്ടിരുന്നത്.

ഇക്കഴിഞ്ഞ ഫിബ്രവരി 15-നാണ് ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് കോസ്റ്റ്ഗാര്‍ഡും നേവിയും ചേര്‍ന്ന് കപ്പല്‍ കണ്ടെത്തി കൊച്ചിയിലെ പുറംകടലില്‍ കൊണ്ടുവരികയായിരുന്നു. സുപ്രീംകോടതിയിലും ഹൈക്കോടതിയിലുമായി നടന്ന നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് കപ്പല്‍ വിട്ടുനല്‍കാന്‍ അനുമതിയായത്.

മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികരായ ലൊസ്റ്റാറോ മാസ്‌ളി മിലാനോ, സാല്‍വത്തോറോ ജിലോണ്‍ എന്നിവര്‍ ഇപ്പോഴും പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.ആര്‍. അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ സുതാര്യവും സമഗ്രവുമായ അന്വേഷണ നടപടികളാണ് ഇറ്റാലിയന്‍ നാവികരെ ഇന്ത്യന്‍ നിയമ വ്യവസ്ഥയ്ക്ക് മുമ്പില്‍ കൊണ്ടുവരുന്നതിന് വഴിയൊരുക്കിയത്. കേസന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും കടുംപിടിത്തവുമായി രംഗത്തെത്തിയ ഇറ്റാലിയന്‍ അധികൃതര്‍ക്ക് പോലീസ് നടപടികള്‍ക്ക് മുമ്പില്‍ ഏറെ അയയേണ്ടി വന്നു.

Newsletter