വീട്ടമ്മയെ കൊന്ന കേസില്‍ ഒഡിഷ യുവാവ് പിടിയില്‍
- Last Updated on 22 February 2012
- Hits: 13
മടിക്കൈ (കാസര്‍കോട്): മടിക്കൈ അടുക്കത്ത് പറമ്പ് കൂലോം റോഡിലെ പി.കെ. ജിഷയെ (23) കുത്തിക്കൊന്ന കേസില്‍ ഒഡിഷയിലെ കട്ടക്ക് സ്വദേശിയായ മദനന്‍ (24) പോലീസ് പിടിയിലായി. ജിഷയുടെ വീട്ടിലെ ജോലിക്കാരനാണ് മദനന്‍.
കൊലനടന്ന വീടിന്റെ ടെറസില്‍നിന്ന് ചൊവ്വാഴ്ച ഉച്ചക്കാണ് നാട്ടുകാരും പോലീസും ചേര്‍ന്ന് ഇയാളെ പിടികൂടിയത്.
ഞായറാഴ്ച രാത്രി എട്ടരയോടെ അടുക്കളയില്‍ പപ്പടം കാച്ചുന്നതിനിടയിലാണ് പ്രതി കറിക്കത്തികൊണ്ട് ജിഷയെ പിറകില്‍നിന്ന് കുത്തിയത്. ഉടനെ വീട്ടിലെ വൈദ്യുതിവിളക്കുകള്‍ കെടുത്തി, വസ്ത്രമടങ്ങിയ ബാഗുമായി ഇയാള്‍ ഓടിമറഞ്ഞു. പരിക്കേറ്റ ജിഷ മംഗലാപുരം ആസ്പത്രിയിലേക്കുള്ള വഴിയാണ് മരിച്ചത്.
നാട്ടുകാരും പോലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടയിലാണ് വീടിന്റെ ടെറസില്‍ മദനന്‍ ഉറങ്ങിക്കിടക്കുന്നത് കണ്ടത്. അവശനായിരുന്ന പ്രതിയെ നീലേശ്വരം പോലീസ് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. തുടര്‍ന്ന് പോലീസ് ചോദ്യംചെയ്തു. പരസ്പരവിരുദ്ധമായ മറുപടിയാണ് ഇയാള്‍ പറയുന്നതെന്ന് നീലേശ്വരം സി.ഐ. സുനില്‍കുമാര്‍ പറഞ്ഞു. പ്രതിയെ ചികിത്സയ്ക്കായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
കുറുവാട്ട് രാജേന്ദ്രന്റെ ഭാര്യയാണ് മരിച്ച ജിഷ. ഇവര്‍ക്ക് മക്കളില്ല. രാജേന്ദ്രന്റെ രോഗിയായ അച്ഛനെ പരിചരിക്കാനും വീട്ടിലെ പണിക്കുമായാണ് മദനനെ വീട്ടില്‍ താമസിപ്പിച്ചിരുന്നത്.
കാസര്‍കോട് എസ്.പി. എസ്. സുരേന്ദ്രന്‍, കാഞ്ഞങ്ങാട് എ.എസ്.പി. മഞ്ജുനാഥ് എന്നിവരുടെ മേല്‍നോട്ടത്തില്‍ നീലേശ്വരം സി.ഐ. സുനില്‍കുമാര്‍, നീലേശ്വരം എസ്.ഐ. സനല്‍കുമാര്‍, സീനിയര്‍ പോലീസ് ഓഫീസര്‍മാരായ കെ.ടി. ഫിറോസ്, പി.വി. രഘു, കെ. രമേശന്‍, പി. പത്മനാഭന്‍, പി. ചന്ദ്രന്‍ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് ജിഷ വധക്കേസ് അന്വേഷിക്കുന്നത്.
സംസ്ഥാന ഇന്‍റലിജന്‍സ് ഡിവൈ.എസ്.പി. പി.കെ. അജി പ്രതിയെ ചോദ്യംചെയ്യാന്‍ നീലേശ്വരം പോലീസ് സ്റ്റേഷനിലെത്തിയിരുന്നു.