ഇതെന്റെ ബജറ്റ് മമതയുടേതല്ല -മന്ത്രി ത്രിവേദി
- Last Updated on 15 March 2012
ന്യൂഡല്‍ഹി: ഒമ്പതുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം യാത്രക്കൂലി കൂട്ടിക്കൊണ്ടുള്ള റെയില്‍വേ ബജറ്റ് മന്ത്രി ദിനേഷ് ത്രിവേദി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. എല്ലാ ക്ലാസുകളിലും വര്‍ധനയുണ്ട്.
എന്നാല്‍ നിരക്കുവര്‍ധനയെ ശക്തമായി എതിര്‍ത്ത് രംഗത്തുവന്ന മമത
ബാനര്‍ജിയുടെ ആവശ്യത്തിന് വഴങ്ങി മന്ത്രി ദിനേശ് ത്രിവേദിയെ മാറ്റാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നിര്‍ബന്ധിതനായതായാണ് സൂചന.
പകരം മുകുള്‍ റോയിയെ മന്ത്രിയാക്കണമെന്നാണ് മമതയുടെ ആവശ്യം.എന്നാല്‍ പൊതുബജറ്റ് അവതരിപ്പിക്കുന്നതുവരെ കാത്തുനില്‍ക്കണമെന്ന് മമതയോട് കോണ്‍ഗ്രസ് അഭ്യര്‍ഥിച്ചതായും അറിയുന്നു. വര്‍ധന അംഗീകരിക്കാനാവില്ലെന്ന് കാട്ടി പാര്‍ട്ടി അധ്യക്ഷ മമതാബാനര്‍ജി ബുധനാഴ്ച രാത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയതോടെയാണ് നാടകീയസംഭവങ്ങള്‍ക്ക് തുടക്കമായത്. മന്ത്രി ത്രിവേദിയെ പുറത്താക്കണമെന്നും മമത ആവശ്യപ്പെട്ടിരുന്നു.
പ്രതിസന്ധി പരിഹരിക്കാന്‍ ബുധനാഴ്ച രാത്രി കോണ്‍ഗ്രസ് നേതാക്കള്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ യോഗം ചേര്‍ന്നു.തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ മമതയുമായി ആശയവിനിമയം നടത്തി.
വണ്ടിയിലെ സുരക്ഷയ്ക്കും ആധുനികീകരണത്തിനും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ഊന്നല്‍ നല്‍കുന്ന ബജറ്റ് കേരളത്തെ സംബന്ധിച്ച് നിരാശാജനകമാണ്. നൂറിലധികം പുതിയ തീവണ്ടികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കിലോമീറ്ററിന് രണ്ടു മുതല്‍ 30 പൈസ വരെ കൂടും
യാത്രാനിരക്ക് കൂട്ടിയത് 2002-'03നു ശേഷം ആദ്യം. വര്‍ധന ഇങ്ങനെ:
* സബര്‍ബന്‍, ഓര്‍ഡിനറി വണ്ടികളില്‍ കിലോമീറ്ററിന് രണ്ടു പൈസ
* മെയില്‍, എക്‌സ്പ്രസ് വണ്ടികളില്‍ രണ്ടാം ക്ലാസ് യാത്രയ്ക്ക് കിലോമീറ്ററിന് മൂന്നു പൈസ
* സ്ലീപ്പര്‍ ക്ലാസ് കിലോമീറ്ററിന് അഞ്ചു പൈസ
* എ.സി. ചെയര്‍കാര്‍, എ.സി. ത്രീ ടയര്‍, ഫസ്റ്റ് ക്ലാസ് എന്നിവയില്‍ കിലോമീറ്ററിന് പത്തു പൈസ വീതം
* ടു ടയര്‍ എ.സി. കിലോമീറ്ററിന് 15 പൈസ
* ഫസ്റ്റ് ക്ലാസ് എ.സി. കിലോമീറ്ററിന് 30 പൈസ
* കുറഞ്ഞ യാത്രക്കൂലിയും പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്കും അഞ്ചു രൂപയാക്കി ഉയര്‍ത്തി
ബജറ്റ് നിര്‍ദേശങ്ങള്‍
നൂറിലേറെ പുതിയ വണ്ടികള്‍
* 75 പുതിയ എക്‌സ്പ്രസ്സ് വണ്ടികള്‍, 21 പാസഞ്ചര്‍ വണ്ടികള്‍, ഒമ്പത് ഡെമു വണ്ടികള്‍, എട്ട് മെമു സര്‍വീസ്
* 39 വണ്ടികളുടെ യാത്രാദൈര്‍ഘ്യം നീട്ടി. 23 വണ്ടികളുടെ സര്‍വീസ് എണ്ണവും കൂട്ടി
സൗകര്യങ്ങള്‍
* വെയിറ്റിങ് ലിസ്റ്റിലുള്ള യാത്രക്കാര്‍ക്ക് മറ്റു വണ്ടികളില്‍ ബദല്‍യാത്രയ്ക്ക് സീറ്റു ലഭ്യമാക്കാന്‍ സൗകര്യം
* വിസര്‍ജ്യം പുറന്തള്ളുന്ന ഇപ്പോഴത്തെ ടോയ്‌ലറ്റുകള്‍ക്കു പകരം ഗ്രീന്‍ ടോയ്‌ലറ്റുകള്‍ വ്യാപകമാക്കും
* തീവണ്ടികളിലും റെയില്‍വേ സ്റ്റേഷനുകളിലും ശുചിത്വം മെച്ചപ്പെടുത്താന്‍ പ്രത്യേക ഹൗസ്‌കീപ്പിങ് വിഭാഗം തുടങ്ങും
* പ്രധാനസ്റ്റേഷനുകളില്‍ 321 എസ്‌കലേറ്ററുകള്‍; 50 എണ്ണം ഇക്കൊല്ലം നിലവില്‍ വരും, എ.സി. ലോഞ്ചുകള്‍, കോയിന്‍ വെന്‍ഡിങ് മെഷീന്‍
* ബോഗികളില്‍ അടുത്ത സ്റ്റേഷനും എത്തുന്ന സമയവും അറിയിക്കാന്‍ ഡിജിറ്റല്‍ ഡിസ്‌പ്ലേ സംവിധാനം
* വണ്ടികളില്‍ പ്രാദേശികവിഭവങ്ങള്‍, എസ്.എം.എസ്. വഴിയോ ഇ- മെയില്‍ വഴിയോ ഭക്ഷണം ബുക്കു ചെയ്യാനുള്ള സംവിധാനം,
പ്രമേഹരോഗികള്‍ക്ക് പ്രത്യേകഭക്ഷണം
* പ്രധാന വണ്ടികളില്‍ വികലാംഗര്‍ക്കായി പ്രത്യേക സൗകര്യമുള്ള കോച്ചുകള്‍
സുരക്ഷയ്ക്കായി
* റെയില്‍വേ സുരക്ഷയ്ക്കായി സ്വതന്ത്രാധികാരമുള്ള നിയമാധികാര അതോറിറ്റി രൂപവത്കരിക്കും
* മുഴുവന്‍ ആളില്ലാ ലെവല്‍ക്രോസുകളും അടുത്ത അഞ്ചുവര്‍ഷത്തിനകം അവസാനിപ്പിക്കും
* സംയോജിത സുരക്ഷാസംവിധാനം 202 സ്റ്റേഷനുകളില്‍
* 3500 തീവണ്ടികളിലേക്ക് ആര്‍.പി.എഫ്., ജി.ആര്‍.പി. സുരക്ഷ
* ആര്‍.പി.എഫ്. ഹെല്‍പ്പ്‌ലൈന്‍ അഖിലേന്ത്യാ ഹെല്‍പ്പ് ലൈനുമായി ഏകോപിപ്പിക്കും പുതിയപാതകള്‍, പാതയിരട്ടിപ്പിക്കല്‍
* ഈ സാമ്പത്തികവര്‍ഷം 700 കിലോമീറ്റര്‍ വരുന്ന 45 പുതിയ പാതകള്‍ പൂര്‍ത്തിയാക്കും
* 111 പുതിയ പാതകളുടെ സര്‍വേ നടത്തും
* 800 കിലോമീറ്റര്‍ ഗേജ് മാറ്റം ഇക്കൊല്ലം പൂര്‍ത്തിയാക്കും
* 700 കിലോമീറ്റര്‍ പാതയിരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കും
ഇളവുകള്‍
* അരിവാള്‍ രോഗവും അപ്ലാസ്റ്റിക് അനീമിയ രോഗവും ഉള്ളവര്‍ക്ക് എ.സി. 2, 3, ചെയര്‍ കാര്‍, സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകളില്‍ 50 ശതമാനം കിഴിവ്
* അര്‍ജുന അവാര്‍ഡ് ജേതാക്കള്‍ക്ക് രാജധാനി, ശതാബ്ദി തീവണ്ടികളിലും സൗജന്യയാത്ര മറ്റു പ്രധാനനിര്‍ദേശങ്ങള്‍
* നടപ്പു സാമ്പത്തികവര്‍ഷം ഒരുലക്ഷം പേരെ പുതുതായി റിക്രൂട്ട് ചെയ്യും
* വിമാനത്താവളങ്ങളുടെ മാതൃകയില്‍ റെയില്‍വേ സ്റ്റേഷന്‍ വികസിപ്പിക്കും. ഇതിനായി പ്രത്യേക കോര്‍പ്പറേഷന്‍
കേരളത്തിന് ഇത്രമാത്രം
ദീര്‍ഘദൂര യാത്രകള്‍ ഭാരമാകും
* കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് 35 കോടി
* തിരുവനന്തപുരം-കാസര്‍കോട് അതിവേഗ പാതയ്ക്ക് സാധ്യതാപഠനം
* പുതിയ ഒരു എക്‌സ്പ്രസ് വണ്ടി മാത്രം: യശ്വന്ത്പുര്‍-കൊച്ചുവേളി എ.സി. എക്‌സ്പ്രസ് (ആഴ്ചയിലൊരിക്കല്‍)
* എറണാകുളം-തൃശ്ശൂര്‍ മെമു സര്‍വീസ്
* പാലക്കാട്-കോയമ്പത്തൂര്‍ മെമു ഈറോഡ് വരെ നീട്ടി
* പാലക്കാട്-മംഗലാപുരം എക്‌സ്പ്രസ് കോയമ്പത്തൂര്‍ വരെ നീട്ടി
* മംഗലാപുരം-തിരുവനന്തപുരം എക്‌സ്പ്രസ് നാഗര്‍കോവില്‍ വരെ നീട്ടി
* ബാംഗ്ലൂര്‍-കൊച്ചുവേളി എക്‌സ്പ്രസ് ആഴ്ചയില്‍ മൂന്നുള്ളത് ദിവസേനയാക്കി
* ചെന്നൈ-മംഗലാപുരം എക്‌സ്പ്രസ് ആഴ്ചയില്‍ ആറുള്ളത് ദിവസേനയാക്കി
* കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച നേമം, കോട്ടയം കോച്ച് ഡിപ്പോകള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും
* റെയില്‍വേയുടെ പരിസ്ഥിതി ഊര്‍ജ പരിപാടിയുടെ ഭാഗമായി 72 മെഗാവാട്ട് ഉത്പാദനശേഷിയുള്ള കാറ്റാടി മില്‍
* അങ്കമാലി-കാലടി പാത പ്രവൃത്തി ഈ വര്‍ഷം തുടങ്ങും
* കാഞ്ഞങ്ങാട്-പാണത്തൂര്‍, ശബരിമല-ചെങ്ങന്നൂര്‍ പാതകള്‍ ആസൂത്രണകമ്മീഷന്റെ അംഗീകാരത്തിന്
* കണ്ണൂര്‍-കണ്ണൂര്‍ വിമാനത്താവളം, ബാലരാമപുരം സ്റ്റേഷന്‍-വിഴിഞ്ഞം തുറമുഖം, കൊല്ലങ്കോട്-തൃശ്ശൂര്‍, അങ്ങാടിപ്പുറം-ഒറ്റപ്പാലം, ബോഡിനായ്കന്നൂര്‍ വഴി ദിണ്ടിഗല്‍-കുമളി, ഇടപ്പള്ളി-ഗുരുവായൂര്‍, ചെങ്ങന്നൂര്‍- തിരുവനന്തപുരംപാതകളുടെ സര്‍വേ ഈ വര്‍ഷം
* ആവണീശ്വരം, ചെറുവത്തൂര്‍, കണ്ണപുരം, മഞ്ചേശ്വരം, നീലേശ്വരം, പരപ്പനങ്ങാടി, പരവൂര്‍ സ്റ്റേഷനുകള്‍ ആദര്‍ശ് സ്റ്റേഷനുകളാക്കും
* ഗേജുമാറ്റം: പൊള്ളാച്ചി- പാലക്കാട് (കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാകേണ്ടത്), ഇടമണ്‍-പുനലൂര്‍ (ഈ വര്‍ഷം പൂര്‍ത്തിയാക്കേണ്ടത്), മുതലമട-പാലക്കാട് (ഈ വര്‍ഷം പൂര്‍ത്തിയാക്കേണ്ടത്)
* പാതയിരട്ടിപ്പിക്കല്‍: മാവേലിക്കര- ചെങ്ങന്നൂര്‍ (കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാകേണ്ടത്)
ഇതെന്റെ ബജറ്റ് മമതയുടേതല്ല -മന്ത്രി ത്രിവേദി
നിരക്ക് കൂട്ടിയത് പിന്‍വലിക്കാനാവില്ല. പിന്‍വലിക്കുകയാണെങ്കില്‍ നിങ്ങളുടെ സുരക്ഷ തന്നെയാണ് പിന്‍വലിക്കേണ്ടി വരിക. ഞാനെന്റെ കടമ നിറവേറ്റി. സ്ഥാനം നഷ്ടമാകുമെന്ന പേടിയൊന്നും എനിക്കില്ല. ഇതെന്റെ ബജറ്റാണ്, ധനമന്ത്രി പ്രണബ് മുഖര്‍ജിയുടേതോ മമതാ ബാനര്‍ജിയുടേതോ അല്ല. നിരക്ക് വര്‍ധിപ്പിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് മമതാ ബാനര്‍ജിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും -റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദി പറഞ്ഞു.